മമ്മൂട്ടി ഭ്രമയുഗത്തിൽ Source: Facebook
MOVIES

'ഭ്രമയുഗം' ഇനി വേറെ ലെവൽ! ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്​കാര തിളക്കത്തിന് പിന്നാലെയാണ് ഈ നേട്ടം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഭ്രമയുഗം' ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്​കാര തിളക്കത്തിന് പിന്നാലെയാണ് ഈ നേട്ടം. അക്കാദമി മ്യൂസിയത്തിന്റെ 'വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ'എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദർശിപ്പിക്കുക.

ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് 'ഭ്രമയുഗം'. 2026 ഫെബ്രുവരി 12നാണ് ചിത്രം സ്ക്രീൻ ചെയ്യുക. ജനുവരി 10 മുതല്‍ ഫെബ്രുവരി വരെയാണ് 'വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' പരമ്പര നടക്കുന്നത്.

'ഭ്രമയുഗം' ടീമിന്റെ ഒരു വമ്പൻ അപ്ഡേറ്റ് വരുന്നുവെന്ന് നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പിന്നാലെ പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. രണ്ടാം ഭാഗത്തിന്‍റെ അപ്​ഡേറ്റായിരിക്കാം അണിയറപ്രവർത്തകർ പുറത്തുവിടുക എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. മോണോക്രോമിൽ ചിത്രീകരിച്ച സിനിമ കളറിൽ റീ റിലീസ് ചെയ്യുമെന്ന് പറഞ്ഞുവരുമുണ്ട്. ചർച്ചകള്‍ ഇങ്ങനെ പുരോഗമിക്കവേയാണ് ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണെന്ന വിവരം നിർമാതാവ് പുറത്തുവിട്ടത്.

നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് 'ഭ്രമയുഗം' നേടിയത്. ചിത്രത്തിൽ കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ വേഷങ്ങള്‍ അവതരിപ്പിച്ച മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

SCROLL FOR NEXT