മമ്മൂട്ടി, നിതീഷ് സഹദേവ് Source:Instagram / nithish_sahadev
MOVIES

നിതീഷിന്റെ വേറിട്ട മമ്മൂട്ടി ചിത്രത്തിനായി ആരാധകർ വെയിറ്റിങ്; അപ്ഡേറ്റ് പുറത്ത്

മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമാണ് സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബേസിൽ ജോസഫ് നായകനായ 'ഫാലിമി' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതീഷ് സഹദേവ്. പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രത്തിന് പിന്നാലെ വന്ന മമ്മൂട്ടി- നിതീഷ് ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. എന്നാൽ, പ്രീ പൊഡക്ഷൻ കഴിഞ്ഞ ചിത്രത്തിന്റെ ഷൂട്ടിങ് പല കാരണങ്ങളാൽ നീണ്ടുപോയി. ഇപ്പോഴിതാ, സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു.

മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് നിതീഷ് സഹദേവ് അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ആവേശകരമായ ഈ വാർത്ത സംവിധായകൻ പങ്കുവച്ചത്. മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം 'റോളിങ് സൂൺ' എന്ന് കുറിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.

ഈ സിനിമ ഒരു ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കുമെന്ന് നിതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള-തമിഴ്നാട് ബോർഡർ പശ്ചാത്തലമാക്കി ഒരു ഫൺ ഗ്യാങ്സ്റ്റർ സിനിമയാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയില്ലെന്നും ഒൻപത് വയസുള്ള ഒരു കുട്ടിയാകും മമ്മൂട്ടിക്കൊപ്പം സ്ക്രീനിൽ പ്രധാന റോളിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. 'രാജമാണിക്യം', 'കളങ്കാവൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന ചിത്രമാകുമിത് എന്നാണ് സൂചന.

ജീവ നായകനായ 'തലൈവർ തമ്പി തലൈമയിൽ' എന്ന തമിഴ് സിനിമയാണ് നിതീഷ് സഹദേവ് ഒടുവിൽ സംവിധാനം ചെയ്തത്. മിന്നുന്ന വിജയമാണ് ഈ ചിത്രം തമിഴ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. 30 കോടിക്ക് മുകളിൽ കളക്ട് ചെയ്ത ചിത്രം പൊങ്കൽ വിന്നർ ആയാണ് തിയേറ്റർ വിട്ടത്. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ശേഷവും മികച്ച അഭിപ്രായമാണ് 'തലൈവർ തമ്പി തലൈമയിൽ' നേടിയത്.

SCROLL FOR NEXT