ട്രൂ ക്രൈം ആരാധകർക്ക് ഏറെ പരിചിതമായ ഒരു കഥ. ആ കഥയെ പരിചരണം കൊണ്ട് വ്യത്യസ്തമാക്കാനുള്ള ശ്രമമാണ് ജിതിൻ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ'. അതിന് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത് രണ്ട് നടന്മാരുടെ അഭിനയശേഷിയാണ്. മമ്മൂട്ടിയും വിനായകനും. ഒരാൾ വിഷം ചീറ്റുന്ന പാമ്പ്. മറ്റൊരാൾ ഊണും ഉറക്കവും ഉപേക്ഷിച്ച് ആ പാമ്പിനെ കൊത്തിപ്പറിക്കാൻ കാത്തിരിക്കുന്ന നത്ത്. എന്നാൽ കഥാവഴിയിൽ മമ്മൂട്ടിയുടെ ആ വിഷ സർപ്പം സർവാധിപത്യം സ്ഥാപിക്കുന്നു. സിനിമയുടെ 'നില' തെറ്റുന്നു.
തിരുവനന്തപുരം ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കോട്ടായിക്കോണം എന്ന സ്ഥലത്തുണ്ടായ ഒരു ലഹള അന്വേഷിക്കാൻ വരുന്ന വിനായകൻ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന പൊലീസുകാരൻ ചെന്നുപെടുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു രാവണൻകോട്ടയിലേക്കാണ്. ജയകൃഷ്ണന്റെ അന്വേഷണം പലവഴി തിരിഞ്ഞ് പ്രതിനായകനിലേക്ക് എത്തിച്ചേരുന്നു. സ്ത്രീകളെ വേട്ടയാടുന്ന ഒരു സൈക്കോപാത്തിന്റെ അടുത്ത്. ഒരു പൂച്ച-എലി കളി ഇവിടെ പ്രതീക്ഷിക്കരുത്. പ്ലോട്ട് ട്വിസ്റ്റുകൾ കൊണ്ട് കാണിയെ ഞെട്ടിക്കാനുള്ള ശ്രമങ്ങൾ സിനിമയിലുണ്ട്. എന്നാൽ ആ ട്വിസ്റ്റിനെ ഉദ്വേഗത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സിനിമയ്ക്ക് സാധിക്കുന്നില്ല. പതിവിടത്ത്, അൽപ്പം പതിഞ്ഞ താളത്തിൽ സിനിമ അവസാനിക്കുന്നു.
മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുന്നു എന്നതിന്റെ ആവേശത്തിൽ എത്തിയ സിനിമാപ്രേമികളെ 'കളങ്കാവൽ' പൂർണമായും തൃപ്തിപ്പെടുത്തും. ഇൻട്രോ സീനിൽ തന്നെ അവർക്ക് എല്ലാം ആയി എന്ന് തോന്നിയേക്കാം. എന്നാൽ, സിനിമ പിന്നെയും രണ്ട് മണിക്കൂർ നീളുന്നു. ഈ സമയം അത്രയും, മുൻപ് നാം കണ്ട മമ്മൂട്ടിയുടെ നെഗറ്റീവ് റോളുകളുടെ നിഴൽ പോലും ഈ കഥാപാത്രത്തിന് മേൽ പതിക്കാതിരിക്കാൻ സിനിമയിൽ ശ്രദ്ധിച്ചിട്ടുണ്ട്. ചില യഥാർഥ സംഭവങ്ങളിൽ നിന്ന് രൂപം കൊണ്ട ഈ കഥാപാത്രത്തെ, അയാളുടെ ചെയ്‌തികൾ എന്തൊക്കെയെന്ന് നമുക്ക് അറിയാം. റിസ്ക് കൂടും തോറും സുഖവും കൂടും എന്ന് വിചാരിക്കുന്ന മനുഷ്യൻ. അയാളുടെ ഈ സുഖാന്വേഷമാണ് സിനിമ. 'ഡ്രാക്കുള' എന്ന കവിതയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ച വരികൾ മമ്മൂട്ടിയുടെ സ്റ്റാൻലി ദാസിന് ചേരും -
"നീ നരകത്തിലെ ക്ഷുദ്രപ്രവാചകൻ.
നീചകാമത്തിൻ നിതാന്ത നക്തഞ്ചരൻ
രക്തദാഹത്തിന്റെ നിത്യപ്രഭു; ഭ്രൂണ
ഭക്ഷകനായ ഭയത്തിൻ പുരോഹിതൻ"
മമ്മൂട്ടി പതിവ് പോലെ തന്റെ പ്രകടനം കൊണ്ട് സ്റ്റാൻലി ദാസിന് പല മാനങ്ങൾ നൽകി. സന്തതസഹചാരിയായ ഹോണ്ട കാറും, ടേപ് റെക്കോർഡറും കഥാപാത്രത്തിന് ഡീറ്റെയിലിങ് നൽകുന്നു. സൂക്ഷിച്ച് നോക്കിയാൽ അയാളുടെ മുഖത്ത് വിഷം തുപ്പാൻ ആഞ്ഞ് നിൽക്കുന്ന പാമ്പിനെ കാണാം. അയാൾ സ്ത്രീകളെ പഞ്ചാര വർത്തമാനം പറഞ്ഞ് കുരുക്കുന്നത് ഈ മുഖം മറച്ചാണ്. അയാൾ വായുവിലേക്ക് ഊതിവിടുന്ന പുകചുരുളുകളിൽ ആ സർപ്പത്തിന്റെ ശീൽക്കാര സ്വരമുണ്ട്. മമ്മൂട്ടി എന്ന നടനെ തിരക്കഥ കെട്ടഴിച്ചുവിടുമ്പോൾ മറുവശത്ത് വിനായകന്റെ ജയകൃഷ്ണൻ അപൂർണമാകുന്നു. അയാളിലെ നത്തിന്റെ കയ്യും കാലും സംവിധായകൻ കെട്ടിയിട്ടിരിക്കുകയാണ്. അത് പരിചരണത്തിന്റെ ഭാഗമായിരിക്കാം. എങ്കിലും തിരക്കഥ ആ കഥാപാത്രത്തിന്റെ വികാസത്തിന് വേണ്ടി ക്ലൈമാക്സ് വരെ കാര്യമായി ഒന്നും മാറ്റിവയ്ക്കുന്നില്ല. എല്ലാം ശ്രദ്ധയും പ്രതിനായകനിലേക്ക് മാത്രം!
ഇനി 'കളങ്കാവൽ' എന്ന പേരിലേക്ക് വരാം. തെക്കൻ കേരളത്തിൽ തമിഴ്നാടിനോട് അടുത്ത ചില ക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു ചടങ്ങാണിത്. കളത്തിൽ രൗദ്ര ഭാവത്തിലുള്ള ദേവി ദാരികനെ നിഗ്രഹിക്കുന്ന പ്രതീകാത്മക ചടങ്ങ്. മമ്മൂട്ടിയുടെ കഥാപാത്രത്തെ പൂട്ടാനുള്ള വിനായകന്റെ ശ്രമങ്ങളെയാകും ഈ പേര് കൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാകുക. മമ്മൂട്ടി അടിമുടി ദാരികൻ ആകുമ്പോൾ വിനായകന് ആ രൗദ്രഭാവം കൊടുക്കാൻ ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നൊരുക്കിയ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം?
ഈ സിനിമയ്ക്ക് താളം കൊടുക്കുന്നത് മുജീബ് മജീദ് എന്ന സംഗീത സംവിധായകനാണ്. കിഷ്കിന്ധാ കാണ്ഡം, എക്കോ എന്നീ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന മുജീബ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നു. റെട്രോ ഇളയരാജ ശൈലിയിൽ ഒരുക്കിയ പാട്ടുകൾക്കും പാമ്പ് ഉരസികടന്നുപോകുന്ന വിധം തയ്യാറാക്കിയ പശ്ചാത്തലസംഗീതത്തിനും ആഖ്യാനത്തിൽ ഉദ്വേഗം കൊണ്ടുവരാൻ സാധിക്കുന്നുണ്ട്. അതിൽ തന്നെ 'നിലാ കായും വെളിച്ചം' എന്ന പാട്ട് പല രംഗങ്ങളേയും ഉയർത്തുന്നുണ്ട്. കാമത്തിന്റെയും മരണത്തിന്റെയും മോട്ടിഫ് ആണ് ഈ ഗാനം.
ഒരാൾക്ക് തനിക്കുള്ളിലെ വിഷം എല്ലാ കാലവും അടിച്ചമർത്തിവയ്ക്കാൻ സാധിക്കില്ല എന്നാണ് ഈ സിനിമ പറഞ്ഞുവയ്ക്കുന്നത്. നായക-പ്രതിനായക സങ്കൽപ്പങ്ങൾ പൊളിച്ച് ഈ ആശയത്തിന് ചേർന്ന ഒരു ആഖ്യാനം സൃഷ്ടിക്കാനാണ് സിനിമ ശ്രമിക്കുന്നത്. എന്നാൽ ആ സമവാക്യത്തിൽ എവിടെയോ മമ്മൂട്ടി ഒറ്റപ്പെട്ട് നിൽക്കുന്നു. നടൻ ദാരികനായി വേഷം മാറിയപ്പോൾ അയാളെ കളത്തിൽ പൂട്ടാൻ തിരക്കഥയ്ക്ക് സാധിക്കാതിരുന്നതാകാം.