തഗ് ലൈഫിലെ പാട്ട് പാടുന്ന ജോജുവും മകളും  Source: Instagram/ jojugeorgeactorofficial
MOVIES

മണി രത്നം സിനിമയ്ക്ക് ജോജുവിന്റെയും മകളുടെയും 'മുത്ത മഴൈ'; കയ്യടിച്ച് ആരാധകർ

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങള്‍ വീണ്ടും ഒന്നിക്കുന്ന 'തഗ് ലൈഫ്' മറ്റൊരു കള്‍ട്ട് ക്ലാസിക്കാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ

Author : ന്യൂസ് ഡെസ്ക്

പാട്ട് പാടി 'തഗ് ലൈഫ്' റിലീസ് ദിനത്തെ വരവേറ്റ് നടന്‍ ജോജു ജോർജും മകളും. ചിത്രത്തിലെ 'മുത്ത മഴൈ' എന്ന ഗാനമാണ് നടനും മകള്‍ സാറയും ചേർന്ന് ആലപിക്കുന്നത്. ജോജു തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഈ സന്തോഷ ദൃശ്യം പങ്കുവെച്ചത്. 38 വർഷങ്ങൾക്ക് ശേഷം മണി രത്നം- കമൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് തഗ് ലൈഫ്.

കുടുംബവുമായി കാറില്‍ സഞ്ചരിക്കുമ്പോഴാണ് ജോജുവും മകളും ചേർന്ന് 'മുത്ത മഴൈ' എന്ന ഗാനം പാടുന്നത്. ഇവർ പാടുന്ന വീഡിയോ പ്രമുഖ മ്യൂസിക്ക് ലേബലായ സരിഗമ തമിഴ് ഉള്‍പ്പെടെ നിരവധിപേർ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അഭയ ഹിരണ്‍മയി, കാർത്തിക വൈദ്യനാഥന്‍ എന്നിങ്ങനെ ഗായകരുള്‍പ്പെടെ പലരും പാട്ടിന് ലൈക്കും അടിച്ചു.

എ.ആർ. റഹ്മാനാണ് തഗ് ലൈഫിന്റെ സംഗീത സംവിധാനം. ഈ ആല്‍ബത്തിലെ 'മുത്ത മഴൈ' എന്ന ഗാനത്തിന്റെ തമിഴ് വേർഷന്‍ ആലപിച്ചിരിക്കുന്നത് ദീ എന്ന ദീക്ഷിതയാണ്. തെലുങ്ക്, ഹിന്ദി വേർഷനുകള്‍ ചിന്മയി ശ്രീപദയും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ ദീയുടെ അഭാവത്തില്‍ ചിന്മയിയാണ് 'മുത്ത മഴൈ' തമിഴില്‍ പാടിയത്. ഒറിജിനലിനേക്കാള്‍ മനോഹരം എന്ന് പറഞ്ഞാണ് സംഗീത പ്രേമികള്‍ 'മുത്ത മഴ'യുടെ ചിന്മയി വേർഷനെ ഏറ്റെടുത്തത്.

ജോജുവിന്റെയും മകളുടെയും 'മുത്ത മഴൈ'യ്ക്കും വലിയ തോതില്‍ അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എന്നാല്‍, ഗായകരേക്കാള്‍ വീഡിയോയുടെ കമന്‍റുകളില്‍ നിറയുന്നത് കാറിന്റെ പുറകിലെ സീറ്റില്‍ നിശബ്ദനായി പാട്ട് ആസ്വദിച്ചിരിക്കുന്ന ജോജുവിന്‍റെ മകന്‍ അപ്പുവാണ്. "ഇത് നമ്മുടെ വെടിമറ ജൂഡനല്ലേ," എന്നാണ് ഭൂരിഭാഗം കമന്റുകളും. ജോജു സംവിധാനം ചെയ്ത 'പണി'യില്‍ അപ്പു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് 'വെടിമറ ജൂഡന്‍'.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങള്‍ വീണ്ടും ഒന്നിക്കുന്ന 'തഗ് ലൈഫ്' മറ്റൊരു കള്‍ട്ട് ക്ലാസിക്കാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനു മുന്‍പ് മണി രത്നത്തിന്റെ സംവിധാനത്തില്‍ കമല്‍ അഭിനയിച്ച 'നായകന്‍' ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ്. തഗ് ലൈഫിന്റെ ആദ്യ പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.

SCROLL FOR NEXT