ഡേവിഡ് ലീന്‍ Source: News Malayalam 24x7
MOVIES

ഡേവിഡ് ലീന്‍: സ്പില്‍ബർഗിന്റെ ആശാന്‍, മറ്റുപലരുടെയും

പ്രശസ്ത അമേരിക്കൻ നടൻ ആന്തണി ക്വിൻ ബ്രിട്ടീഷ് സംവിധായകൻ ഡേവിഡ് ലീനിനെ ഒരു സൈന്യാധിപനുമായാണ് താരതമ്യപ്പെടുത്തിയത്.

Author : ശ്രീജിത്ത് എസ്

തന്റെ സൈന്യത്തെ ചുട്ടുപൊള്ളുന്ന അറേബ്യൻ മരുഭൂമിയിലൂടെ, വഴങ്ങാത്ത ബർമീസ് കാടുകളിലൂടെ, മഞ്ഞുമൂടിയ ഈസ്റ്റേൺ ഫ്രണ്ടിലൂടെ നയിക്കുന്ന കർക്കശക്കാരനും തന്ത്രശാലിയുമായി ഒരു സൈന്യാധിപനെ സങ്കൽപ്പിച്ചു നോക്കൂ. ക്ലൊസപ്പുകളേക്കാൾ വൈഡ് ലെൻസുകളിലൂടെയാകും അയാൾ മുന്നിലുള്ള വിശാലതയെ നോക്കിക്കാണുക. പ്രശസ്ത അമേരിക്കൻ നടൻ ആന്തണി ക്വിൻ ബ്രിട്ടീഷ് സംവിധായകൻ ഡേവിഡ് ലീനിനെ അത്തരമൊരു സൈന്യാധിപനുമായാണ് താരതമ്യപ്പെടുത്തിയത്.

തന്റെ കാഴ്ചകളെ വെട്ടിക്കൂട്ടി സ്ക്രീനിലേക്ക് എത്തിക്കുകയായിരുന്നില്ല ലീൻ. തീപാറുന്ന അറേബ്യൻ മരുഭൂമിയുടെ പരപ്പിലൊരു ഭാ​ഗം മാത്രമാണ് ലീൻ വെള്ളിവെളിച്ചത്തിൽ തുറന്നുകാട്ടിയത്. സാഹസികനായ കാണിയുടെ ഉൾക്കണ്ണിലാണ് ചുട്ടുപഴുപ്പിച്ച ലോഹം പോലുള്ള ആ മരുവിന്റെ കാഴ്ചകൾ പൂരിപ്പിക്കപ്പെടുക. അതുകൊണ്ടാണ് ഡേവിഡ് ലീൻ എന്ന പേരിനൊപ്പം ഇതിഹാസം എന്ന് നമ്മൾ കൂട്ടിവായിച്ചത്.

ആദ്യ സിനിമാ അനുഭവം!

ദൈവത്തിൽ നിന്നുള്ള നേരനുഭവങ്ങളിൽ വിശ്വസിച്ചിരുന്ന ഒരു ക്വേക്കർ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡേവിഡ് ലീനിന്റെ ജനനം. കുട്ടിക്കാലത്ത് തിയേറ്ററുകളിൽ പോകാൻ ലീനിന് അനുമതിയുണ്ടായിരുന്നില്ല. മകനെ പഠിപ്പിച്ച് തന്നെപ്പോലൊരു അക്കൗണ്ടന്റാക്കണമെന്നായിരുന്നു ലീനിന്റെ അച്ഛന്റെ ആ​ഗ്രഹം. പക്ഷേ ജീവിതം ലീനിന്റെ മുന്നിൽ പെട്ടെന്ന് മാറിമറിഞ്ഞു.

ലീനിന്റെ മാതാപിതാക്കൾ വേർപിരിയലിന്റെ വക്കിലെത്തി. അവർ അവരുടേതായ വേദനയിൽ മുഴുകിയ ഒരു രാത്രിയിൽ 13കാരനായ ഡേവിഡ് ലീൻ തെരുവിലേക്ക് ഇറങ്ങി. സൗത്ത് ലണ്ടനിലെ ക്രോയ്ഡൺ ഹൈ സ്ട്രീറ്റിലൂടെ അവൻ കാഴ്ചകൾ കണ്ടു നടന്നു. ട്രാം വയറുകളാൽ ചുറ്റപ്പെട്ട തെരുവ് , വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ, തിരക്കേറിയ കടകൾ...ഇങ്ങനെ നടന്നു പോകുന്ന വഴിക്ക് ഒരു ബോ‍ർഡിൽ ലീനിന്റെ കണ്ണുടക്കി. സ്കാല സിനിമാസിന്റെ പരസ്യപ്പലകയായിരുന്നു അത്. എയ്ൽ നോർവുഡ്, ഷെർലക്ക് ഹോംസ് ആയി അഭിനയിക്കുന്ന 'ദ ഹൗണ്ട് ഓഫ് ദ ബാസ്കർവില്ലാസിന്റെ' പരസ്യം. അവൻ അകത്തേക്ക് കയറി. അതായിരുന്നു ഡേവിഡ് ലീനിന്റെ ആദ്യ സിനിമാ അനുഭവം.

ബ്രിട്ടണിലെ തിരക്കേറിയ എഡിറ്റർ

1927ൽ ​ഗൗമോൻഡ് ബ്രിട്ടീഷ് സ്റ്റുഡിയോയിൽ ഡേവിഡ് ലീനിന് ജോലി ലഭിച്ചു. ചായകൊടുക്കലായിരുന്നു ആദ്യ ജോലി. ആ സമയത്തെ സിനിമാട്ടോ​ഗ്രാഫ് ഫിലിംസ് ആക്ടാണ് ലീനിന്റെ തലവര മാറ്റുന്നത്. അമേരിക്കൻ സിനിമകളുടെ അതിപ്രസരം കുറയ്ക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ നിയമ പ്രകാരം, സ്റ്റുഡിയോകൾ ഒരു നിശ്ചിത ശതമാനം ബ്രിട്ടീഷ് സിനിമകൾ കർശനമായും നിർമിച്ചിരിക്കണം. ഇതിനു വേണ്ടി സ്റ്റുഡിയോകൾ 'ക്വാട്ട ക്വിക്കീസ്' എന്ന പേരിൽ സിനിമകൾ നിർമിച്ചു തുടങ്ങി. സിനിമകളുടെ എണ്ണം കൂടിയതോടെ സെറ്റുകളിൽ ചായകൊടുത്തുകൊണ്ടിരുന്ന ലീനിന് ക്ലാപ്പടിക്കാനുള്ള അവസരം ലഭിച്ചു. അവിടെ നിന്നും, സിനിമ പഠിച്ചെടുക്കാനുള്ള ആവേശം ആ ചെറുപ്പക്കാരനെ എഡിറ്റിങ് റൂമിലേക്ക് എത്തിച്ചു.

30കളുടെ അവസാനത്തിൽ ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ, ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന എഡിറ്ററായിരുന്നു ലീൻ. കട്ടുകളിലെ കൃത്യതയും കഥ പറയാനുള്ള വ്യ​ഗ്രതയുമാണ് ലീനിനെ പ്രശസ്തനാക്കിയത്. '49 പാരലൽ', 'വൺ ഓഫ് ഔർ എയർക്രാഫ്റ്റ് ഈസ് മിസ്സിങ്' എന്നിങ്ങനെ 25 ചിത്രങ്ങൾ ഈ കാലയളവിൽ ലീൻ എഡിറ്റ് ചെയ്തു. മൂവിയോളയുമായുള്ള ആ സ്വകാര്യ ജീവിതത്തിൽ നിന്നും ലീൻ സിനിമാ സെറ്റിലേക്ക് ഇറങ്ങിയത് 1942ലാണ്.

സ്റ്റാർട്ട്, ആക്ഷന്‍....

നോയൽ കോവാർഡ് എഴുതി അഭിനയിക്കുന്ന ഒരു യുദ്ധകാല പ്രൊപ്പ​ഗണ്ട ചിത്രം. സംവിധാനം ചെയ്യുന്നത് കോവാർഡ് തന്നെ. പക്ഷേ താൻ അഭിനയിക്കുമ്പോൾ ആര് സംവിധാനം ചെയ്യും? ആ ചോദ്യത്തിൽ നിന്നാണ് കോവാർഡ് ലീനിലേക്ക് എത്തിയത്. അങ്ങനെ 'ഇൻ വിച്ച് വീ സെർവ്' എന്ന സിനിമയിൽ കോവാർഡിനൊപ്പം ലീൻ സഹ സംവിധായകനായി. ഈ സിനിമയിലൂടെ കോവാ‍ർഡിന് ഓസ്കാറും ലഭിച്ചു. ആ സമയത്ത് സൺ‌ഡേ ടൈംസിൽ, ഡിലിസ് പവൽ സിനിമയിലെ ഡൺകിർക്ക് സീക്വൻസിനെ പ്രശംസിച്ച് എഴുതുന്നുണ്ട്. ആ സീൻ സംവിധാനം ചെയ്തത് കോവാ‍ർഡ് ആയിരുന്നില്ല, ഡേവിഡ് ലീനായിരുന്നു.

42 വർഷത്തിനിടെ 16 ഫീച്ചറുകൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. രണ്ട് ഘട്ടമായി ലീനിന്റെ ഈ ഫിലിമോ​ഗ്രഫിയെ തരംതിരിക്കാം. ബ്രിട്ടണെ അടിസ്ഥാനമാക്കി ബ്ലാക്ക് ആൻഡ് വൈറ്റിലെടുത്ത, ചാൾസ് ഡിക്കൻസിന്റെ രണ്ട് ചലച്ചിത്രാവിഷ്കാരങ്ങളും ചെറിയ, റിലേഷൻഷിപ്പ് ഡ്രാമകളും ചേ‍ർന്നതാണ് അദ്യ ഘട്ട സിനിമകൾ. രണ്ടാം ഘട്ടത്തിലാണ് ഡേവിഡ് ലീൻ തന്റെ ശൈലി കണ്ടെത്തിയത്. അമേരിക്കൻ പണം കൊണ്ട് നിർമ്മിച്ച എന്നാൽ എക്കാലത്തെയും മികച്ച ബ്രിട്ടീഷ് സിനിമകൾ എന്ന ഖ്യാദി നേടിയവയാണ് ലീനിന്റെ അവസാന അഞ്ച് ചിത്രങ്ങൾ. ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായ് (1957), ലോറൻസ് ഓഫ് അറേബ്യ (1962), ഡോക്ടർ ഷിവാഗോ (1965), റയാൻസ് ഡോട്ടർ (1970), എ പാസേജ് ടു ഇന്ത്യ (1984) എന്നിവ വലിയ സ്കെയിലിൽ, മികവോടെ, ബുദ്ധിപരമായി നി‍ർമിച്ച ചിത്രങ്ങളാണ്.

ലീന്‍ ഇന്‍ അറേബ്യ

വിശദാംശങ്ങളിലേക്കുള്ള സൂക്ഷ്മ ശ്രദ്ധ ആവശ്യപ്പെടുന്ന, അതിശയകരമായ ദൃശ്യങ്ങളുള്ള സങ്കീർണമായ ആഖ്യാനങ്ങൾ ആയിരുന്ന ഈ സിനിമകൾ. നിങ്ങളുടെ ഫോൺ സ്ക്രിനിന്റെ പരിമിതി എന്തെന്ന് അറിയണമെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു സിനിമ ഒരൊറ്റ തവണ ബി​ഗ് സ്ക്രീനിൽ കണ്ടാൽ മതിയാകും. ഏറ്റവും വലിയ സ്‌ക്രീനുകളിൽ പോലും തന്റെ ഫ്രെയിമിലെ ഡീറ്റെയിലിങ് എടുത്തുകാണണമെന്ന് ആ സംവിധായകൻ ആ​ഗ്രഹിച്ചിരുന്നു. ഇന്നും പല‍ർക്കും ഒരു വെല്ലുവിളിയാണിത്. തങ്ങളുടെ സിനിമാറ്റിക് വിഎഫ്എക്സ് ബ്രില്യൻസിന്റെ ചെമ്പ് വെളിച്ചതാകുമോ എന്ന ഭയം. എന്നാൽ ലീനിന് അത്തരം ഭയങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഒരു പിടിവാശി ഉണ്ടായിരുന്നു. പെ‍ർഫെക്ടായ ഫ്രെയിമുകൾ.

സിനിമയുടെ ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്ന വിധത്തിൽ മനോഹരവും മൊത്തത്തിലുള്ള ആഖ്യാനത്തിന് സംഭാവന നൽകുന്നതുമായിരിക്കണമെന്ന് ലീനിന് നിർബന്ധമുണ്ടായിരുന്നു. ഏതെങ്കിലും ഒരു ഡേവിഡ് ലീൻ പടത്തിലെ ഒരു വൈഡ് സീൻ എടുക്കുക. അതിൽ നിങ്ങൾ കാണുന്നത്, "ക്ലോസിൽ അഭിനയിച്ചു തകർക്കാം," എന്ന വിചാരത്തിൽ ഉദാസീനമായി അനങ്ങുകയും തിരിയുകയും ചെയ്യുന്ന അഭിനേതാക്കളെയല്ല. അവർ കൃത്യമായി ചിട്ടപ്പെടുത്തിയ എന്നാൽ അഭിനയപരമായ സാധ്യതകളുള്ള ഒരു ഫ്രെയിമിനുള്ളിലാണ് എന്ന് അവരുടെ ചലനങ്ങളിൽ നിന്ന് വ്യക്തമാണ്.

'ലോറൻസ് ഓഫ് അറേബ്യ' എന്ന സിനിമയിലൂടെ നമുക്ക് ഡേവിഡ് ലീനിന്റെ എപിക് സിനിമകളുടെ സ്വഭാവം മനസിലാക്കാൻ സാധിക്കുമെന്ന് തോന്നുന്നു. ബ്രിട്ടീഷ് സൈനികനും ആർക്കിയോളജിസ്റ്റും എഴുത്തുകാരനുമായ ടി.ഇ. ലോറൻസിന്റെ 'സെവൻ പില്ലേഴ്സ് ഓഫ് വിസ്ഡം' എന്ന ആത്മകഥയെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമിച്ചത്. 1935-ൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ ലോറൻസ് മരിക്കുന്നിടത്ത് സിനിമ ആരംഭിക്കുന്നു. ആരായിരുന്നു ഈ ലോറൻസ്? നായകനോ, നുണയനോ? അച്ചടക്കമുള്ള സൈനികനോ, അതോ ഒരു വിചിത്ര സ്വഭാവിയോ? ഇത്തരം ചോദ്യങ്ങളിൽ നിന്ന് ലീൻ നമ്മളെ ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനിക സേവനം നടത്തിയിരുന്ന ലോറൻസിന്റെ സാഹസിക യാത്രയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

1916-18 കാലഘട്ടത്തിലെ അറബ് കലാപമാണ് പശ്ചാത്തലം. ലോക യുദ്ധത്തിൽ, ജർമനിയുമായി കൈകോർത്ത ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ അറബുകളെ കരുക്കളാക്കുകയാണ് ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ. അവർ മെദീന ആക്രമിക്കുന്നു. എന്നാൽ തുർക്കികളോട് പരാജയപ്പെട്ട് മരുഭൂമിയിലേക്ക് പിൻവാങ്ങേണ്ടി വരുന്നു. ഈ അവസരത്തിലാണ് ലോറൻസിന്റെ വരവ്. അറബ് സാഹചര്യം വിലയിരുത്തുകയും തുർക്കികൾക്കെതിരായ പോരാട്ടത്തിൽ അറബ് ഗോത്രങ്ങളെ നയിക്കുന്ന പ്രിൻസ് ഫൈസലുമായി ബന്ധപ്പെടുകയുമാണ് ദൗത്യം. സൈനിക കുപ്പായത്തിന്റെ കീശയിൽ അൽപ്പം കവിതയും തത്ത്വചിന്തയുമായി അയാൾ മരുഭൂമിയുടെ ചൂടിലേക്ക് ഒളിവിൽ കഴിയുന്ന ഫൈസലിനെ തിരഞ്ഞിറങ്ങുന്നു. ഒടുവിൽ കണ്ടുമുട്ടുന്നു. മരണം തീച്ചൂടായി തെളിഞ്ഞു നിൽക്കുന്ന നെഫുദ് മരുഭൂമി കടന്ന് തുറമുഖ നഗരമായ അഖബ ആക്രമിക്കാനുള്ള ആത്മഹത്യാപരമായ ദൗത്യത്തിന് ഫൈസലിനെ പ്രേരിപ്പിക്കുന്നു. ആ ദൗത്യം സ്വയം നയിക്കുന്നു. ഈ യാത്രയിൽ ലോറൻസ് എന്ന അപരൻ ഇതിഹാസമായി ഉയരുന്നു.

ഈ സിനിമയുടെ പല ഘട്ടങ്ങളിലായി ബ്രിട്ടീഷുകാരും അറബികളും തന്നെ ഉപയോഗിക്കുകയാണെന്ന് സംശയിച്ചു നിൽക്കുന്ന ലോറൻസിനെ കാണാം. കൊലപാതകം ഒരു ലഹരിപോലെ അയാളിലേക്ക് ഇരച്ചെത്തുന്നത് കാണാം. എപ്പിക്ക് സ്വഭാവത്തിനൊപ്പം ഇത്തരമൊരു പാത്രസൃഷ്ടികൂടിയാണ് ലോറൻസ് ഓഫ് അറേബ്യയെ മഹത്തരമാക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യം തദ്ദേശീയ പ്രക്ഷോഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന നമുക്ക് പരിചിതമായ ചരിത്രത്തെ ഈ സിനിമയിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. എന്നാൽ ലോറൻസിനെ അതിമാനുഷികനായി അവതരിപ്പിച്ച് അറബ് നേതാക്കളെ തുച്ഛരായി കാണിക്കുന്നു എന്നൊരു വിമ‍ർശനവും സിനിമ കാണുമ്പോൾ തോന്നാം.

സൂപ്പർ ടെക്നീഷ്യന്‍

ഒരു തരത്തിൽ 'ലോറന്‍സ് ഓഫ് അറേബ്യ' ഓരോ ഫ്രെയിമും അതിമാനുഷമാണ്. സൂപ്പർ പാനാവിഷൻ 70യിൽ, ലെജൻഡറി സിനിമാറ്റോ​ഗ്രാഫർ ഫ്രെഡി യങ്ങാണ് ഈ സിനിമയ്ക്ക് ദൃശ്യഭാഷ ചമച്ചിരിക്കുന്നത്. സൗന്ദര്യത്തേക്കാൾ ഉപരി കഥാപാത്രങ്ങളുടെയും പശ്ചാത്തലത്തിന്റെയും മനഃശാസ്ത്രപരമായ ആഴം കൂടി പ്രതിഫലിപ്പിക്കുന്നതാണ് ഫ്രെയിമുകൾ. ഭീമാകാരമായ മരുഭൂമിയിലൂടെ ഉറുമ്പു കണക്കെ നീങ്ങുന്ന കഥാപാത്രങ്ങളെ എക്സട്രീം വൈഡിൽ, ലോങ് ഷോട്ടുകളിൽ കാണുമ്പോൾ നമ്മൾ അറിയാതെ പറഞ്ഞുപോകും, മനുഷ്യർ എത്ര നിസാരർ!

മികച്ച വിഷ്വൽ ട്രാൻസിഷനുകൾക്കും പേരുകേട്ടതാണ് ഈ സിനിമ. ലോറൻസ് ഒരു തീപ്പെട്ടി ഊതി കെടുത്തുന്നു. അവിടെ നിന്നും കട്ട് ചെയ്ത് പോകുന്നത് തിളച്ചു കിടക്കുന്ന മരുഭൂമിയിലേക്കാണ്. യഥാർഥ ലോകത്തിലേക്കുള്ള അയാളുടെ ഇറക്കം കാണിക്കാനാണ് എഡിറ്റർ ആനി വി. കോട്സ് ഈ മാച്ച് കട്ട് ഉപയോ​ഗിച്ചിരിക്കുന്നത്. ലോറൻസിന്റെ മാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ കാണിക്കാനായി ക്രോസ് കട്ടുകളും വിദ​ഗ്ധമായി സിനിമയിൽ വരുന്നുണ്ട്. മൗറീസ് ജാറെയുടെ പശ്ചാത്തല സം​ഗീതം കൂടിയാകുമ്പോൾ പറയാതെ തന്നെ പലകാര്യങ്ങളും നമ്മൾ അറിയുന്നു. വെറുതെയല്ല പൗളീൻ കീൽ ഡേവിഡ് ലീനിനെ ലോക സിനിമയിലെ സൂപ്പ‍ർ ടെക്നീഷ്യൻ എന്ന് വിളിച്ചത്.

സ്പില്‍ബെർഗിന്റെ സ്വന്തം ലീന്‍

1991 ഏപ്രിൽ 16ന്, തൊണ്ടയിലെ കാൻസറിനുള്ള ചികിത്സ മൂലമുണ്ടായ ന്യുമോണിയ മൂർച്ചിച്ച് ആശുപത്രിയിൽ വെച്ചാണ് ലീൻ മരിക്കുന്നത്. അപ്പോഴേക്കും സിനിമാ ചരിത്രത്തിലെ ഒരു പ്രധാന പാഠ്യവിഷയമായി ലീനും ലീനിന്റെ സിനിമകളും മാറിയിരുന്നു. പിന്നാലെ വന്ന പലരും ലീനിന് സമാനമായ രീതിയിൽ വലിയ സിനിമകൾ എടുക്കാൻ ശ്രമിച്ചു. ശ്രമിച്ചു എന്നെ പറയാൻ സാധിക്കൂ. സ്റ്റീവൻ സ്പിൽബർ​ഗിന്റേത് അല്ലാതെ പേരെടുത്ത് പറയാൻ പറ്റുന്ന ഒരു പിൻ​ഗാമി അദ്ദേഹത്തിന് ഉണ്ടെന്ന് പറയാൻ പറ്റില്ല. ലീൻ നിശബ്ദ സിനിമകളിലൂടെയാണ് വളർന്നത്, സ്പിൽബർഗിന്റെ വള‍ർച്ച ലീനിലൂടെയും. 1962ൽ, ഒരു വേനൽക്കാലത്താണ് സ്പിൽബർ​ഗ് ലോറൻസ് ഓഫ് അറേബ്യ കാണുന്നത്. എനിക്കും ഇതുപൊലെ ഒന്ന് ചെയ്യണം എന്ന് ആ 15കാരൻ മനസിൽ പറഞ്ഞുപോയതിൽ അത്ഭുതമില്ല.

1990-ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡേവിഡ് ലീനിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കാൻ തീരുമാനിച്ചു. ആരോഗ്യം മോശമായിരുന്നിട്ടും ലീൻ അവാ‍ർഡ് ഏറ്റുവാങ്ങാൻ ലോസ് ഏഞ്ചൽസിൽ എത്തി. വേദിയിൽ സ്പിൽബർ​ഗും മാ‍ർട്ടിൻ സ്കൊസേസിയും തങ്ങളുടെ ലീൻ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടിക്കാലത്ത് ലോറൻസ് ഓഫ് അറേബ്യ കണ്ട ഓ‍ർമയിൽ സ്പിൽബർ​ഗ് പറഞ്ഞത് ഇങ്ങനെയാണ്- അതെന്നെ അന്ന് നിസാരനാക്കി. അതിന്നും എന്നെ നിസാരനാക്കുന്നു. ലീനിന്റെ ദൃശ്യങ്ങൾ എന്നും തനിക്കൊപ്പം അവശേഷിക്കുമെന്നാണ് സ്കൊസേസി പറഞ്ഞവസാനിപ്പിച്ചത്. അതു ശരിയാണ്, ലീനിന് ശേഷവും ആ ദൃശ്യങ്ങൾ നമ്മളെ പിന്തുടരുന്നു. അല്ല, ആ ഇമേജുകളെ നമ്മൾ പിന്തുടരുന്നു.

ദൃശ്യങ്ങൾക്കൊപ്പമാണ് ലീൻ ജീവിച്ചത്. അദ്ദേഹത്തിന്റെ ഒരു കണ്ണ് ക്യാമറ ആണോ എന്ന് അത്ഭുതപ്പെട്ടവരുണ്ട്. കാരണം ലീൻ നോക്കുമ്പോൾ അവർക്ക് ക്യാമറയ്ക്ക് മുന്നിൽ ചെന്ന് പെട്ടതുപോലെയാണ് തോന്നിയത്. അങ്ങനെയെങ്കിൽ എന്താകും ലീൻ അവസാനമായി പക‍ർത്തിയ ആ എപ്പിക്ക് ഫ്രെയിം?

SCROLL FOR NEXT