'സമ്മർ ഇൻ ബത്ലഹേം' സിനിമ 
MOVIES

"നിരഞ്ജൻ എന്ന പേര് ആമി മറക്കണം, ഇനി ഡെന്നീസ് മാത്രം"; 'സമ്മർ ഇൻ ബെത്‌ലഹേമി'ലെ മോഹൻലാലിന്റെ ഡിലീറ്റഡ് സീൻ

10 മിനുട്ടിന് അടുത്ത് ദൈർഘ്യമുള്ള ഡിലീറ്റഡ് സീനാണ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മലയാളികൾ നെഞ്ചേറ്റിയ ചിത്രങ്ങളിൽ ഒന്നാണ് 'സമ്മർ ഇൻ ബത്ലഹേം'. സിബി മലയിൽ സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. മലയാളത്തിലെ തന്നെ മികച്ച ക്യാമിയോകളിൽ ഒന്നായാണ് നിരഞ്‌ജൻ എന്ന ഈ കഥാപാത്രത്തെ ആരാധകർ കാണുന്നത്. ഇപ്പോഴിതാ, സിനിമയിൽ ഉൾപ്പെടുത്താത്ത മോഹൻലാലിന്റെ ഒരു സീൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.

10 മിനുട്ടിന് അടുത്ത് ദൈർഘ്യമുള്ള ഡിലീറ്റഡ് സീനാണ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. തൂക്കുകയർ കാത്ത് ജയിലിൽ കഴിയുന്ന നിരഞ്ജനെ അവസാനമായി കണ്ട ശേഷം ഡെന്നീസിനൊപ്പം വീട്ടിൽ തിരിച്ചെത്തുന്ന മഞ്ജു വാര്യർ കഥാപാത്രമായ ആമിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന കുടുംബത്തെയാണ് സീനിൽ കാണുന്നത്. മഞ്ജുവിനൊപ്പം സുരേഷ് ഗോപി, ജയറാം, ജനാർദ്ദനൻ, മോഹൻലാൽ എന്നിവരാണ് ഈ രംഗത്തിൽ അഭിനയിക്കുന്നത്. ആമിയുടെ ഓർമയിൽ വരുന്ന വിധമാണ് നിരഞ്ജനെ അവതരിപ്പിച്ചിരിക്കുന്നത്.

കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച 'സമ്മർ ഇൻ ബത്‌ലഹേം' വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. വേണു നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രഞ്ജിത്ത് ആണ്. വിദ്യാ സാഗർ ആണ് സംഗീതം.

'ലേസ ലേസ' എന്ന പേരിൽ പ്രിയദർശന്‍ ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. 'മേരീ ആവാസ് സുനോ' എന്ന മലയാള സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സിയാദ് കോക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT