ഒരു രാത്രി നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത 'ഭീഷ്മർ' എന്ന സിനിമ കഥ പറയുന്നത്. സാധാരണ ഗതിയിൽ ഇത്തരത്തിലുള്ള 'ഒറ്റ രാത്രി' കഥകൾ ഏതെങ്കിലും കുറ്റകൃത്യങ്ങളുടെയോ ദുരൂഹതയുടേയോ പുറകേ പോകുമ്പോൾ തീർത്തും വ്യത്യസ്തമായ ഒരു പാതയാണ് ഈ സിനിമ സ്വീകരിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരേയും യുവാക്കളേയും ലക്ഷ്യമിടുന്ന ചിത്രം പ്രണയവും തമാശയും ചേർത്ത് ഒരു കംപ്ലീറ്റ് എന്റർടെയ്‌നറായിട്ടാണ് ഈസ്റ്റ്‌കോസ്റ്റ് വിജയൻ അണയിച്ചൊരുക്കിയിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദിവ്യ പിള്ളയും പുതുമുഖ നായിക അമേരയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം 'കളിയും കാര്യവും' ഒരുപോലെ കൈകാര്യം ചെയ്യാൻ അറിയുന്ന ഒരുകൂട്ടം സഹതാരങ്ങളുടെ പ്രകടനവും സിനിമയ്ക്ക് മുതൽകൂട്ടാകുന്നു. ഇന്ദ്രൻസ്, ഷിജു ശ്രീധർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, മണികണ്ഠൻ ആചാരി, സന്തോഷ് കീഴാറ്റൂർ, അബു സലിം, ഉണ്ണി ലാലു, സോഹൻ ശ്രീനുലാൽ എന്നിവർ ഉൾപ്പെടുന്ന അഭിനേതാക്കളുടെ നിര തങ്ങളുടെ ഭാഗം ഭംഗിയാക്കി.
ഒന്നിലേറെ പ്രണയങ്ങളിലൂടെയാണ് 'ഭീഷ്മർ' മുന്നോട്ടുപോകുന്നത്. മാർക്കറ്റിൽ പച്ചക്കറി വ്യാപാരിയായ മുരുകനും കൂട്ടരുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. പാലക്കാടുള്ള ഒരു അഗ്രഹാര തെരുവിലാണ് മുരുകന്റെ താമസം. വീടിന് എതിർവശത്തുള്ള ഗൗരി എന്ന പെൺകുട്ടി മരുകന് നഷ്ടപ്രണയത്തിന്റെ ഓർമയാണ്. ദുഷ്ടനായ ഒരു പൊലീസുകാരന്റെ ഭാര്യയാണ് ഇന്ന് ഗൗരി. വേർപിരിഞ്ഞ് വർഷങ്ങളായെങ്കിലും അവൾ ഒരു നോവായി മുരുകനിൽ ഇന്നും അവശേഷിക്കുന്നു. നഷ്ടപ്രണയത്തിൽ കഴിയുന്ന മുരുകന്റെ ജീവിതത്തിലേക്ക് ഒരു രാത്രി അരവിന്ദൻ എന്ന ചെറുപ്പക്കാരൻ അപ്രതീക്ഷിതമായി കടന്നുവരുന്നു. ഇയാൾക്ക് പിന്നാലെ റസിയ എന്ന പെൺകുട്ടിയും. ഇവരുടെ കടന്നുവരവാണ് സിനിമയുടെ വഴിത്തിരിവ്.
പലവട്ടം കണ്ടുപരിചയിച്ച വഴികളിലൂടെയാണ് കഥ നീങ്ങുന്നത്. എന്നാൽ, ഈസ്റ്റ്കോസ്റ്റ് വിജയൻ എന്ന സംവിധായകൻ പുലർത്തുന്ന ആഖ്യാനത്തിലെ സൂക്ഷ്മത സിനിമയ്ക്ക് മുതൽക്കൂട്ടാകുന്നു. പതിവ് ഈസ്റ്റ്‌കോസ്റ്റ് വിജയൻ ചിത്രങ്ങൾ എന്നപോലെ ഹൃദ്യമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. രഞ്ജിൻ രാജും കെ.എ. ലത്തീഫും ഒരുക്കിയ ഗാനങ്ങൾ കാണികളെ രസിപ്പിക്കുന്നു. ജോൺകുട്ടിയുടെ എഡിറ്റിങ്ങും എടുത്തുപറയണം. ചടുലമായ കട്ടുകൾ കഥയുടെ ഒഴുക്കിന് വലിയ സഹായകമായി.
കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് പുറത്തെടുത്ത് ധ്യാൻ ശ്രീനിവാസനും കാണികളുടെ കയ്യടി നേടിയെടുക്കുന്നു. ആക്ഷൻ രംഗങ്ങളും വൈകാരിക രംഗങ്ങളും കയ്യടക്കത്തോടെയാണ് ധ്യാൻ കൈകാര്യം ചെയ്തിരിക്കുന്നത്. സ്വതസിദ്ധമായ ശൈലിയിലുള്ള വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രകടനവും മികച്ചുനിന്നു. ആകെ മൊത്തത്തിൽ വേനൽ അവധിക്കാലത്ത് കുടുംബവുമൊത്ത് തിയേറ്ററിൽ ആസ്വദിക്കാവുന്ന ഒരു ഫൺ ഫാമിലി ത്രില്ലറാണ് 'ഭീഷ്മർ'.