ടൈംലൈൻ മാറിയാലും മാറാത്ത പാപ്പന്റെ തലവേദനകൾ; AADU 3 REVIEW

ഫൈനൽ റൈഡിന് ഇറങ്ങുമ്പോൾ വീണ്ടും പരീക്ഷണത്തിന് തുനിയുകയാണ് മിഥുൻ മാനുവൽ തോമസ്
'ആട് 3' റിവ്യൂ
'ആട് 3' റിവ്യൂ
Published on
Updated on

'ആട് ഒരു ഭീകരജീവിയാണ്' ഒരു പരീക്ഷണ ചിത്രമായിരുന്നു. അത്തരത്തിൽ ഒരു പടം അതിന് മുൻപ് നമുക്ക് കണ്ട് പരിചയമുണ്ടായിരുന്നില്ല. എന്നാൽ, അന്ന് സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടു. പിന്നീട് കാണികൾ ഏറ്റെടുത്തു. രണ്ടാം ഭാഗത്തിലേക്ക് എത്തിയപ്പോൾ പരാജയത്തിൽ നിന്ന് പഠിച്ചതൊക്കെയും സംവിധായകൻ മിഥുൻ മാനുവൽ തോമസ് പുറത്തെടുത്തു. പടം ഹിറ്റ്. ഇപ്പോഴിതാ ഒരു ലോഡ് മണ്ടൻ കഥാപാത്രങ്ങളുമായി ഫൈനൽ റൈഡിന് ഇറങ്ങുമ്പോൾ വീണ്ടും പരീക്ഷണത്തിന് തുനിയുകയാണ് മിഥുൻ.

രണ്ട് ടൈംലൈൻ, എല്ലാ കഥാപാത്രങ്ങളുടേയും രണ്ട് വേർഷൻ, രണ്ട് തരം പ്രതിസന്ധി. അങ്ങനെ കയ്യിലുള്ള കഥയുടേയും ചില കഥാപാത്രങ്ങളുടേയും പരമാവധി പുറത്തെടുക്കാനുള്ള ശ്രമമാണ് 'ആട് 3'യിൽ കാണാൻ സാധിക്കുക. അതിൽ മിഥുൻ മാനുവൽ തോമസ് ഭാഗികമായെങ്കിലും വിജയിച്ചു എന്ന് വേണം പറയാൻ. പേരെടുത്ത് പറഞ്ഞാൽ ഈ 'ആട്' ജയസൂര്യയുടെയും വിനായകന്റെയും ധർമജൻ ബോൾ​ഗാട്ടിയുടേതുമാണ്. എഴുത്തിൽ ലഭിച്ച പ്രാധാന്യം ഇവർ പരമാവധി പ്രയോജനപ്പെടുത്തിയതായി തോന്നി.

പതിവ് പോലെ ഷാജി പാപ്പനും സംഘവുമാണ് സിനിമയുടെ കേന്ദ്രം. മറുവശത്ത് സാത്താൻ സേവ്യറും ഡ്യൂഡും സർബത്ത് ഷമീറും പി.പി. ശശിയും. ഇത്തവണ ചില അന്താരാഷ്ട്ര വള്ളികളും പാപ്പനെ തേടിവരുന്നുണ്ട്. രണ്ട് ടൈംലൈനിലും. ആദ്യ ഭാ​ഗത്തിൽ ഈ പ്രശ്നങ്ങളുടെ ഒഴുക്ക് നീലക്കൊടുവേലിക്ക് പുറകെയായിരുന്നു. രണ്ടാം ഭാ​ഗത്തിൽ കമ്മട്ടത്തിന് പുറകെയും. മൂന്നാം പാ‍ർട്ടിൽ ഈ കെണി പലകോടി നക്ഷത്രസമൂഹങ്ങൾക്കും അപ്പുറത്ത് നിന്നാണ് കടന്നുവരുന്നത്. അത് എന്താണെന്ന് ആദ്യം തന്നെ സിനിമ കാണിച്ചു തരുന്നു. പതുക്കെയെങ്കിലും അതെങ്ങനെ പാപ്പന്റെ തലവേദനയാകുന്നു എന്നും. പിന്നെയാണ് എപ്പിക് ചേസ്. ഒരു വള്ളിയും അതിന് പുറകേ പാപ്പനും ഡ്യൂഡും മറ്റ് പലരും.

'ആട് 3' റിവ്യൂ
മോദി ഇല്ലായിരുന്നെങ്കിലോ? പ്രൊപ്പഗാണ്ട ഫ്ലേവറിൽ ഒരു റിവഞ്ച് സ്റ്റോറി | DHURANDHAR 2 REVIEW

സിനിമയുടെ കഥ വ്യത്യസ്ത ടൈംലൈനുകളിലാണ് നടക്കുന്നതെങ്കിലും 'ആട്' സീരീസിന്റെ പതിവ് ആഖ്യാന രീതിയും കഥാപാത്ര സവിശേഷതകളും തന്നെയാണ് രണ്ടിടത്തും കാണാൻ സാധിക്കുക. പാപ്പന്റെ നടുവേദന പത്മനാഭൻ രാജാവിനുമുണ്ട്, ഡ്യൂഡിന്റെ ആറ്റിറ്റ്യൂഡ് അസം ഖാനും. അങ്ങനെ പലതരം സാമ്യതകൾ. സിനിമയുടെ ക്യാൻവാസ് വലുതാകുന്നു എന്ന് മാത്രം. ഈ രണ്ട് ടൈംലൈനുകൾ തമ്മിലുള്ള ക്രോസ് ഓവ‍ർ എപ്പോൾ സംഭവിക്കുമെന്ന ആകാംക്ഷ നിലനിർത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ, ആ ആകാംക്ഷയോട് സിനിമ നീതിപുലർത്തിയോ എന്ന കാര്യം സംശയമാണ്. ലാസ്റ്റ് റൈഡിന്റെ രണ്ടാം ഭാ​ഗത്തിലേക്ക് ചിലത് ബാക്കിവയ്ക്കണം എന്ന പോലെയായിരുന്നു സെക്കൻഡ് ഹാഫ്.

'ആട്' ഫ്രാഞ്ചൈസിയുടെ ശക്തി കഥാപാത്രങ്ങളാണ്. അവരുടെ മണ്ടത്തരങ്ങളാണ്. അതിന് ഈ പടത്തിലും പഞ്ഞമില്ല. വർത്തമാനകാലത്തെ ഇവരുടെ ഇൻട്രോകളും മികച്ചു നിന്നു. പക്ഷേ, അവരുടെ തമാശകൾക്ക് പതിവ് പവ‍ർ ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. പറയാൻ ഒരുപാട് ഉണ്ടായതുകൊണ്ടാകാം സിനിമ ചില സ്റ്റാ‍ർ കഥാപാത്രങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്നു. അവരുടെ കൗണ്ടറുകൾ ഇങ്ങനെ കയറിവരുമ്പോഴാകും രാജഭരണ കാലത്തേക്കുള്ള ഷിഫ്‌റ്റ്. അത് ചിലപ്പോഴൊക്കെ ആസ്വാദനത്തിന് കല്ലുകടിയാകുന്നുണ്ട്. എന്നാൽ, എന്തോ വരാനുണ്ട് എന്നൊരു പ്രതീക്ഷയും ബാക്കിവയ്ക്കുന്നു.

'ആട് 3' റിവ്യൂ
MELODIA | സഞ്ജുവിന്റെ ബാറ്റിങ്ങിനൊപ്പം വിന്‍ഡീസ് ഗാലറിയെ ആവേശം കൊള്ളിച്ച പാട്ടുകള്‍

ബാക്ക്​ഗ്രൗണ്ട് സ്കോറുകളും സമാനമായി രണ്ട് ടൈംലൈനുകളിൽ രണ്ട് തരത്തിലാണ് പ്രവ‍ർത്തിക്കുന്നത്. ഷാൻ റഹ്മാന്റെ ഒജി ബിജിഎമ്മുകൾ കയ്യടി വാങ്ങുമ്പോൾ പുതിയവ അത്ര കണ്ടങ്ങോട്ട് നാവിൽ കയറിക്കൂടുന്നില്ല.

തുടക്കത്തിൽ പറഞ്ഞപോലെ 'ആട് 3' ഒരു പരീക്ഷണമാണ്. പ്രേക്ഷകരെ വിശ്വാസത്തിൽ എടുത്ത് മിഥുൻ മാനുവൽ തോമസ് നടത്തുന്ന പരീക്ഷണം. പരീക്ഷണങ്ങൾ മലയാളിക്ക് ഇഷ്ടമാണ്. ചിരിയുടെ മേൻപൊടിയുണ്ടെങ്കിൽ ബഹുകേമം. ആ ചിരി, അട്ടഹാസമായല്ലെങ്കിലും ഈ സിനിമ സമ്മാനിക്കുന്നുണ്ട്. തുടക്കം മുതൽ അവസാനം വരെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com