'തുടരും', 'സർക്കീട്ട്' എന്നീ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്ക് Source: Facebook
MOVIES

മോഹൻലാലിന്റെ 'തുടരും', ആസിഫ് അലിയുടെ 'സർക്കീട്ട്'; രണ്ട് മലയാള ചിത്രങ്ങൾ IFFI - ഇന്ത്യൻ പനോരമയിലേക്ക്

നവംബർ 20 മുതൽ 28 വരെയാണ് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഗോവയിൽ നടക്കുന്ന 56ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. തരുണ്‍ മൂർത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'തുടരും', ആസിഫ് അലിയെ നായകനാക്കി തമർ കെ.വി ഒരുക്കിയ 'സർക്കീട്ടും' ഇന്ത്യൻ പനോരമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. 25 ഇന്ത്യൻ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ സ്ക്രീൻ ചെയ്യുന്നത്. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള.

'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് 'തുടരും'. തിയേറ്ററിൽ നിന്ന് വമ്പൻ കളക്ഷൻ നേടിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 200 കോടി രൂപയാണ് സിനിമ ആഗോളതലത്തിൽ കളക്ഷൻ നേടിയത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

'തുടരും' ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം മോഹന്‍ലാലും പങ്കുവച്ചു. "56ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തുടരും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കുവയ്ക്കുന്നു," മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് 'സർക്കീട്ട്' നിർമിച്ചത്. പൂർണമായും ഗൾഫ് രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. ആസിഫ് അലി നായകനായ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ഓർഹാൻ ആണ്. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

SCROLL FOR NEXT