മൊളഞ്ഞി, സംവിധായകന്‍ മഹേഷ് മധു Source: Facebook / Mahesh Madhu
MOVIES

'മൊളഞ്ഞി', ചക്ക അരക്ക് പോലെ ഒട്ടിപ്പിടിക്കുന്ന നാല് സഹോദരിമാരുടെ കഥ

ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന ചിത്രം എന്ന ലേബൽ 'മൊളഞ്ഞി'യുടെ ദൃശ്യത കൂട്ടിയിരിക്കാം. എന്നാൽ....

Author : ശ്രീജിത്ത് എസ്

ചക്കയിൽ മുള്ളുണ്ട്, ചുളയുണ്ട് സ‍ർവോപരി അരക്കുണ്ട്, അതായത് മൊളഞ്ഞി. ചക്ക എന്ന 'ഒറ്റ' ആകാതെ ഇവയ്ക്ക് വെവ്വേറെ എന്താണ് പ്രസക്തി? പ്രസക്തിയുണ്ടെന്നാണ് മഹേഷ് മധുവിന്റെ 'മൊളഞ്ഞി' എന്ന ഹ്രസ്വ ചിത്രം പറഞ്ഞുവയ്ക്കുന്നത്.

നാല് സഹോദരിമാ‍ർ ഒരു അടിയന്തര സാഹചര്യത്തിൽ വീട്ടിൽ ഒത്തുചേരുന്നതാണ് 'മൊളഞ്ഞി'യുടെ ഉള്ളടക്കം. ഒരിടം, അവിടേക്ക് നാല് സ്ത്രീകൾ എത്തുന്നു. കരയുന്നു. വഴക്കിടുന്നു, ഉല്ലസിക്കുന്നു. ഇതും 'മൊളഞ്ഞി'യാണ്. 15 മിനുട്ടിൽ താഴേ മാത്രം ദൈർഘ്യമുള്ള ഈ ചിത്രത്തിൽ നാല് കേന്ദ്ര കഥാപാത്രങ്ങൾക്കും സ്ത്രീ, കൂടെപിറപ്പ്, എന്നീ സ്വത്വം കൊടുക്കാൻ സംവിധായകൻ മഹേഷ് മധുവിന് സാധിക്കുന്നുണ്ട്. ഒരു തുണ്ടത്തിൽ നിന്ന് അടർത്തിമാറ്റപ്പെട്ടവരെങ്കിലും ഒരേ രുചിയും മണവുമുള്ള ചുളകൾ.

സഹോദരിമാ‍ർ എങ്ങനെ അപരിചിതരാകും? കാലവും സാഹചര്യങ്ങളും ഒരേ ​ഗ‍ർഭപാത്രത്തിൽ നിന്നുള്ള മുളപ്പുകളേപ്പോലും അകറ്റും. ഈ ചിത്രത്തിലെ തന്നെ ഒരു സംഭാഷണം കടം എടുത്താൽ, "സ്വത്തിന്റെ കാര്യം വരുമ്പോൾ ഒക്കെ കണക്കാ, ആ‍ർക്കും ആരോടും സ്നേഹം ഉണ്ടാകില്ല."

ഈ അകന്നു നിൽക്കുന്നവരെ എപ്പോൾ വേണമെങ്കിലും അടുപ്പിക്കുന്നത് ചില ഓ‍ർമകളാണ്. ബാല്യകാല സ്മരണകൾ. അല്ലെങ്കിൽ തങ്ങളിൽ ഒരാളെ ഇനി കാണാൻ സാധിക്കില്ല എന്ന ഭയം.

ഒരു പ്രായത്തിൽ പല ദിശകളിലേക്ക് മാറിപ്പോയവരാണ് മൊളഞ്ഞിയിലെ ഷീലയും പ്രസന്നയും ​ഗീതയും ഉഷയും. ഓ‍ർമകളിലെ തങ്ങളുടെ പാതിയും വേ‍ർപെടുത്തിക്കൊണ്ടാണ് അവർ പോയത്. ഭർത്താക്കന്മാരും സ്വത്ത് ത‍ർക്കവും അവരിലെ ദൂരം വ‍ർധിപ്പിച്ചിരിക്കണം. എന്നാൽ തങ്ങളിൽ ഒരാൾ, വിളിച്ചാലും പറഞ്ഞാലും കേൾക്കാത്ത ദൂരത്തേക്ക് പോകുന്നു എന്ന ഭയം അവരുടെ ബന്ധത്തെ വീണ്ടും 'അരക്കിട്ട്' ഉറപ്പിക്കുന്നു. കാലങ്ങൾ പലതും കഴിഞ്ഞ് ത‍ർക്കങ്ങളുടെ മുറിവുകൾ ബാക്കിയാക്കി ആൺപിറന്നോർ അവരുടെ ജീവിതങ്ങളിൽ നിന്ന് കടന്നുപോയതിനു ശേഷമാണ് ഈ കൂടിക്കാഴ്ച എന്ന് ഓ‍ർക്കണം.

ഉഷയ്ക്ക് കാൻസറാണ്. അവരെ കാണാനായി ഒരു ചക്കയുമായി എത്തിയതാണ് ​ഷീല. കുറച്ചായി ഇവ‍ർ കണ്ടിട്ട്. അവിടെ ബാക്കി സഹോദരിമാരുമുണ്ട്. ​ഷീല ആ വീടിന്റെ പടി കയറുന്നിടത്ത് ​'ഗേൾസ് ​ഗ്യാങ്' ഉണരുന്നു. ചുരിദാ‍ർ ഇട്ടുവന്ന ​സഹോദരിയെ കളിയാക്കി തുടങ്ങി ചെറിയ വലിയ പരിഭവങ്ങളിലേക്ക് അവ‍ർ കടക്കും. "നിങ്ങളെല്ലാം ഒരു സെറ്റാണ്, ഞാൻ ഒറ്റയല്ലേ," എന്ന ഉഷയുടെ ചോദ്യം പ്രസന്ന ഏറ്റെടുക്കുന്നിടത്ത് കാര്യങ്ങൾ കൈവിട്ടുവെന്ന് നമുക്ക് തോന്നാം. പക്ഷേ ​ഗീത അവിടെ ഒരു പരിഹാരം അവതരിപ്പിക്കുന്നു. ചക്ക! ഈ പരിഹാരമാണ് ചിത്രത്തിന്റെ മ‍ർമം. തിരിച്ച് വീട്ടിലേക്ക് പോകാൻ കരഞ്ഞുകൊണ്ട് ബസ് കാത്തുനിൽക്കുന്ന ഷീലയെ കാണിച്ചുകൊണ്ടാണ് മൊളഞ്ഞി അവസാനിക്കുന്നത്. അവസാന ഷോട്ടിൽ ഷീലയുടെ തോളിലേക്ക് ആശ്വാസം പോലെ ഒരു കൈ വന്നു തൊടുന്നുണ്ട്. അതായിരിക്കാം 'സംവിധായകന്റെ ടച്ച്'.

അതിസാധാരണത്വത്തിന്റെ ഭം​ഗിയാണ് 'മൊളഞ്ഞി'യെ സമീപകാലത്തിറങ്ങിയ ഹ്രസ്വ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഫ്രെയിമിങ്ങിലും സൗണ്ട് ഡിസൈനിങ്ങിലും പരീക്ഷണങ്ങൾക്ക് മുതിരുന്നില്ല. എല്ലാം അഭിനേതാക്കൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഒരു ചക്കയ്ക്ക് ചുറ്റുമിരുന്ന് എല്ലാം പറഞ്ഞു തീർക്കാനാകണം അവ‍ർക്ക് സംവിധായകൻ നൽകിയ നി‍ർദേശം. ആ ചക്ക രണ്ട് തുണ്ടമാക്കി ചുളയിരിഞ്ഞ് ശാപ്പിട്ട്, അവർ പായാരം പറയുന്നു. പ്രശ്നങ്ങൾ രാജിയാക്കുന്നു. ഈ സാധാരണത്വമായിരിക്കും ലിജോ ജോസ് പെല്ലിശേരിയേയും മൊളഞ്ഞിയിലേക്ക് അടുപ്പിച്ചിട്ടുണ്ടാകുക.

ലിജോ അവതരിപ്പിക്കുന്ന ചിത്രം എന്ന ലേബൽ 'മൊളഞ്ഞി'യുടെ ദൃശ്യത കൂട്ടിയിരിക്കാം. എന്നാൽ ലിജോയുടേയോ ഏതെങ്കിലും മുൻകാല ഇറാനിയൻ സിനിമകളുമായോ ചേർത്തുവച്ച് ചന്തം കൂട്ടേണ്ട കാര്യം ഈ ചിത്രത്തിനില്ല. എല്ലാ നല്ല ഹ്രസ്വ ചിത്രങ്ങളേയും പോലെ ഇതും ഒരു തുടക്കമാണ്. ഒരു എഴുത്തുകാരന്റെ, സംവിധായകന്റെ ഒരു സിനിമാ കൂട്ടത്തിന്റെ തുടക്കം.

ഇവരെ സൂക്ഷിക്കുക...

ഫാർമേഴ്‌സ് ഷെയർ പ്രൊഡക്ഷൻ നിർമിച്ച മൊളഞ്ഞിയുടെ തിരക്കഥ ഒരുക്കിയത് സംവിധായകൻ മഹേഷ് മധുവും ശർമിൾ ശിവരാമനും ചേർന്നാണ്. സംഭാഷങ്ങളിലൂടെയാണ് മൊളഞ്ഞിയുടെ കഥ വികസിക്കുന്നത്. ശുദ്ധമായ കഥപറച്ചിൽ. കാര്യം പറഞ്ഞാണ് മൊളഞ്ഞി തുടങ്ങുന്നതും അവസാനിക്കുന്നതും. കാര്യമല്ലാത്തതൊന്നും ചേ‍ർത്ത് ദൈർഘ്യം കൂട്ടാൻ ശ്രമിക്കുന്നില്ല.

അരുൺ എ, ശ്രീജ കെ.വി (പ്രസന്ന), എം.എൻ. അനിത (ഉഷ), ദേവസേന എം.എൻ (ഗീത), പത്മജ പി (ഷീല) എന്നിവർ കഥയിലെ തങ്ങളുടെ പങ്ക് കൃത്യമായി നിർവഹിക്കുന്നുണ്ട്. ഈ ഡ്രാമയ്ക്ക് ജീവന്‍ പകരുന്നത് ഇവരുടെ പ്രകടനമാണ്. ഒരു ഘട്ടത്തില്‍ പോലും ഇവർ കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് അനുഭവപ്പെടുന്നില്ല. സംഭാഷത്തിലും ചലനങ്ങളിലും അവർ അനായാസമായി തങ്ങളല്ലാതെ നില്‍ക്കുന്നു. വഴക്കിടുമ്പോഴും ചക്ക വെട്ടിക്കൂട്ടുമ്പോഴും അവരില്‍ നമുക്ക് പരിചിതരായ ഒരുപാട് പേർ തെളിഞ്ഞുവരുന്നു. തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് അന്യരല്ലാതെ നിർത്താന്‍ അഭിനേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്.

മൃദുൽ എസ് ആണ് ഛായാഗ്രഹണം. ഗോപാൽ സുധാകർ ചിത്രസംയോജനവും. കഥ പറച്ചിലിന്റെ ഒഴുക്കിനെ തടസപ്പെടുത്താതെ ദൃശ്യങ്ങൾ പക‍ർത്താനും പകുക്കാനും ഇവർ ശ്രദ്ധിച്ചിട്ടുണ്ട്. സംഗീതം ഒരുക്കിയത് വൈശാഖ് സോമനാഥാണ്. സിങ്ക് സൗണ്ട് എൽദോസ് ഐസക്ക്, സൗണ്ട് ഡിസൈൻ & മിക്സിങ് സഞ്ജു മോഹനും. പ്രൊഡക്ഷൻ ഡിസൈൻ റാഷിദ് അഹമ്മദ്, അമൽ സേവിയർ, മേക്കപ്പ് സിമി മേരി, കളറിങ് രവിശങ്കർ എന്നിവർ നിർവ്വഹിച്ചു.

ഈ പേരുകൾ ഓ‍ർത്തുവച്ചുകൊള്ളൂ. ഇനി പല നല്ല സിനിമാ സംരംഭങ്ങൾക്കൊപ്പവും ഈ പേരുകൾ കേട്ടേക്കാം.

SCROLL FOR NEXT