Source: FB
MOVIES

"നൂറുകണക്കിന് നിർമാതാക്കൾ കുത്തുപാളയെടുത്ത്, ആത്മഹത്യയുടെ വരമ്പത്ത്..."; മുരളി കുന്നുംപുറത്തിൻ്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വേണു കുന്നപ്പിള്ളി

സിനിമാ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ കഥ കേട്ടിരുന്നതായും സിനിമയുമായി മുന്നോട്ട് പോകരുതെന്ന് മുരളിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും വേണു കുന്നപ്പിള്ളി...

Author : ന്യൂസ് ഡെസ്ക്

'സുമതി വളവ്' അടക്കമുള്ള സിനിമകളുടെ പരാജയത്തെ പറ്റിയുള്ള നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ വിഡിയോയോട് പ്രതികരിച്ച് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. സിനിമാ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ സിനിമയുടെ കഥ കേട്ടിരുന്നതായും സിനിമയുമായി മുന്നോട്ട് പോകരുതെന്ന് മുരളിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചു. സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി മുരളിയോട് സംസാരിച്ചു. എന്നാൽ അണിയറ പ്രവർത്തകരുടെ പ്രലോഭനങ്ങളിൽ വീണ് അദ്ദേഹം പ്രോജക്റ്റുമായി മുന്നോട്ട് പോയി. സിനിമ കണ്ട് കഴിഞ്ഞപ്പോൾ താൻ തലയിൽ കൈവച്ച് പോയെന്നും വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും നൂറുകണക്കിന് നിർമിതാക്കൾ കുത്തുപാളയെടുത്ത്, ആത്മഹത്യയുടെ വരമ്പത്തു കൂടി സഞ്ചരിക്കുന്നത് പച്ചയായ സത്യമാണെന്നും വേണു കുന്നപ്പിള്ളി പ്രതികരിച്ചു. ആത്മാർത്ഥത ലവലേശമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്. വല്ലവരുടേയും പണം കൊണ്ട് ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതിയെന്നും വേണു ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സിനിമയിലെ ചതിക്കുഴികൾ :---

സുമതി വളവ് എന്ന സിനിമയുടെ പ്രൊഡ്യൂസറിൻറെ ,സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്...

ഈ സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്കു മുന്നേ ഞാൻ കേട്ടതാണ്...സിനിമാ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ ഇതിൻറെ പ്രൊഡ്യൂസർ മുരളിയെ ദുബായിൽ വച്ച് കണ്ടപ്പോൾ ,സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും, കഴിയുന്നതും ഈ സിനിമയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതും, ഇപ്പോഴുമോർക്കുന്നു...എന്നാൽ അണിയറ പ്രവർത്തകരുടെ പ്രലോഭനങ്ങളിൽ വശംവദനായി അദ്ദേഹം പ്രോജക്റ്റുമായി മുന്നോട്ട് പോയി...

അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന ഒരു കഥ, സിനിമയാക്കിയപ്പോൾ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണ്...റിലീസിന് മുമ്പ്, ഈ സിനിമ കാണാനുള്ള അവസരമെനിക്കുണ്ടായി , സിനിമ കണ്ടപ്പോൾ ഞാൻ തലയിൽ കൈവച്ചുപോയി...അദ്ദേഹത്തോട് ഞാനന്നു പറഞ്ഞത്, ഏതെങ്കിലും പ്രീബിസിനസ് ചെയ്യാതെ ഒരിക്കലും സിനിമ തിയേറ്ററിലേക്ക് കൊണ്ടുപോകരുതെന്നാണ്...

പ്രീ ബിസിനസ് ഒന്നും നടന്നില്ലെങ്കിലും, ഗോകുലം മൂവീസ് രക്ഷകരായി , സിനിമ തിയേറ്ററിലേക്കെത്തി...എൻറെ അറിവിൽ , പ്രൊഡക്ഷന്റെ എക്സ്പെൻസും, റിലീസ് എക്സ്പെൻസുമെല്ലാം ചേർന്നപ്പോൾ , ഏകദേശം 20 കോടി ചിലവായിരുന്നു... ഇദ്ദേഹം വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒട്ടുമിക്കതും സത്യമാണെന്നാണ് എൻറെ അറിവ്...പിന്നെ ഇതിൽ പറയുന്ന എഴുത്തുകാരന്റെയും, സംവിധായകന്റേയുമെല്ലാം കഴിവിനെ പറ്റി കമൻറ് ചെയ്യുന്നില്ല...

ആരുടേയോ കയ്യിലിരിക്കുന്ന ഒരു വലിയ സമ്പത്ത്, അവനെ പറഞ്ഞു വശത്താക്കി, സിനിമയോ മറ്റെന്ത് ബിസിനസോ ആകട്ടെ ഏറ്റെടുക്കുമ്പോൾ , കുറച്ചെങ്കിലും ചിന്തിക്കുക, എനിക്ക് ഇതിനുള്ള കഴിവുണ്ടോ ?ഞാനിതിന് പ്രാപ്തനാണോ എന്ന് !!!

ഇതൊരിക്കലും ഒറ്റപ്പെട്ട ഒരു സംഭവമല്ല , നൂറുകണക്കിന് നിർമിതാക്കൾ കുത്തുപാളയെടുത്ത് ,

ആത്മഹത്യയുടെ വരമ്പത്തു കൂടി സഞ്ചരിക്കുന്നത് പച്ചയായ സത്യമാണ്...പലരും മാനനഷ്ടമോർത്ത് പുറത്തു പറയുന്നില്ലെന്ന് മാത്രം... ആത്മാർത്ഥത ലെവലേശമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്...വല്ലവരുടേയും പണം കൊണ്ട് ,ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതി....

സിനിമ തുടങ്ങുന്നതിനു മുന്നേ പറഞ്ഞ ബഡ്ജറ്റിന്റെ , ഇരട്ടിയോ അതിനു മുകളിലേക്കോ പോയാലും ഒരു കുലുക്കവുമില്ലാത്ത സിനിമാ പ്രവർത്തകരേയും ,ബഡ്ജറ്റ് കൂടുന്നതനുസരിച്ച് പുതിയ പ്രൊഡ്യൂസർമാരെ ചേർത്തുകൊണ്ടിരിക്കുന്നവന്മാരേയും, സംവിധാനം പോയിട്ട് ,ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ചു കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവൻമാരേയും ആജീവനാന്തം സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും... സിനിമാ അസോസിയേഷനുകളുടെ, തലപ്പത്തിരിക്കുന്ന സാറന്മാരുടെ കണ്ണ് തുറക്കുന്നത് എപ്പോഴാണാവോ?

SCROLL FOR NEXT