'ഒഡീസി' സെറ്റിൽ ക്രിസ്റ്റഫർ നോളൻ, എമിലി വിൽസൺ Source: X
MOVIES

"ഇത് എഴുതിയത് ഞാനായിരുന്നുവെങ്കിൽ എനിക്ക് നാണക്കേട് തോന്നുമായിരുന്നു"; നോളൻ സിനിമയെ വിമർശിച്ച് 'ഒഡീസി' പരിഭാഷക

എമിലിയുടെ 'ഒഡീസി' വിവർത്തനത്തിലെ ആദ്യ വരിയാണ് തനിക്ക് പ്രചോദനമായതെന്ന് നോളൻ പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹോമറിന്റെ മഹാകാവ്യത്തെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ദ ഒഡീസി' ആഗോളതലത്തിൽ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യ ദിനം മുതൽ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് സിനിമാ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ, ചിത്രത്തെ രൂക്ഷമായി വിമർശിച്ച് ഹോമറിന്റെ 'ഒഡീസി' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ എമിലി വിൽസൺ രംഗത്തെത്തിയിരിക്കുന്നു. ലണ്ടൻ റിവ്യൂ ഓഫ് ബുക്സിൽ എഴുതിയ കുറിപ്പിലാണ് വിമർശനം.

ക്രിസ്റ്റഫർ നോളൻ ഒരുക്കിയ 'ഒഡീസി'യുടെ ചലച്ചിത്ര ഭാഷ്യം "വ്യക്തമായി ഒന്നും പറയുന്നില്ലെന്നും", ചിത്രത്തിന് "വൈകാരികവും രാഷ്ട്രീയവും ധാർമികവും മനഃശാസ്ത്രപരവുമായ ആഴം കുറവാണ് എന്നുമാണ് എമിലിയുടെ നിരീക്ഷണം.

"ഹോമറിന്റെ പ്രമേയങ്ങളോടുള്ള നോളന്റെ അഭിനിവേശം അദ്ദേഹത്തെ പുതിയ സർഗാത്മക ഉയരങ്ങളിലേക്ക് നയിക്കുമെന്നും കൂടുതൽ വിശ്വസനീയമായ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അദ്ദേഹത്തെ സഹായിക്കുമെന്നുമാണ് ഞാൻ കരുതിയത്. എന്നാൽ അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിലെന്ന പോലെ ഗാംഭീര്യത്തിന്റെയും ഉപരിപ്ലവതയുടെയും അതേ മിശ്രിതമാണ് 'ദ ഒഡീസി'യിലും കാണാൻ കഴിയുന്നത്... വലിയ ആശയം മുന്നോട്ടുവയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ കാഴ്‌ചപ്പാട് വളരെയധികം ആശയക്കുഴപ്പം നിറഞ്ഞതാണ്, കഥാപാത്രങ്ങൾ വേണ്ടത്ര വികസിച്ചിട്ടുമില്ല - എങ്കിലും വലിയ സ്ഫോടനങ്ങളും കൂറ്റൻ രാക്ഷസന്മാരെയും കാണിക്കുന്നതിൽ ചിത്രം മുന്നിലാണ്," എമിലി വിൽസൺ കുറിച്ചു.

"ഹോമറിന്റെ കാവ്യത്തെ മഹത്തരമാക്കുന്ന പല ഘടകങ്ങളും നോളന്റെ 'ഒഡീസി'യിൽ ഇല്ല. സമയം, ഓർമ, ചരിത്രം, യുദ്ധം, അല്ലെങ്കിൽ ഒരു യോദ്ധാവിന്റെ വിജയകരമായ മടങ്ങിവരവും അവന്റെ കുടുംബം, എതിരാളികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അയൽക്കാർ എന്നിവരുടെ ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിത്രത്തിന് വിശ്വസനീയമായി ഒന്നും പറയാനില്ല. ചിത്രത്തിന് മാനസികവും വൈകാരികവും രാഷ്ട്രീയവും ധാർമികവുമായ ആഴമില്ല. ചിത്രത്തിന്റെ ആഖ്യാന ശൈലി വെറുമൊരു ഗിമ്മിക്ക് മാത്രമാണ്. തിരക്കഥ ദാരുണമാണ്. കഥാപാത്രങ്ങളുടെ വാക്കുകളോ പ്രവൃത്തികളോ വിശ്വസനീയമല്ല. സിനിമയിൽ ലൈംഗിക രംഗങ്ങളൊന്നുമില്ല, സിനിമയിലെ ഭക്ഷണങ്ങളെല്ലാം കാണാൻ അരോചകമായി തോന്നി," എന്നിങ്ങനെ പോകുന്നു എമിലിയുടെ വിമർശനം. "ഈ തിരക്കഥയുടെ ഏതെങ്കിലും ഒരു ഭാഗം ഞാൻ എഴുതിയതാണെങ്കിൽ എനിക്ക് അതിൽ നാണക്കേട് തോന്നിയേനെ....ഹോമറുടെ കഥാപാത്രങ്ങൾക്കുള്ളതുപോലുള്ള ആഴം ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്കില്ല. 'ഈ ആൾ തന്റെ ഭാര്യയുടെ അടുത്തേക്ക് തിരിച്ചെത്തുമോ ഇല്ലയോ എന്നതിൽ ഞാൻ എന്തിനാണ് വേവലാതിപ്പെടുന്നത്?' എന്ന് എനിക്ക് തോന്നിപ്പോയി. അതിനുള്ള ഒരു കാരണവും സംവിധായകൻ നൽകിയിട്ടില്ല," എന്നും എഴുത്തുകാരി കൂട്ടിച്ചേർക്കുന്നു.

അതേസമയം, പൗരാണിക ഗ്രീക്ക് സാഹിത്യത്തിലും സിനിമയിലും ജനങ്ങൾക്ക് താൽപ്പര്യമുണ്ടാകുന്നതിൽ ഈ ചിത്രമുണ്ടാക്കുന്ന സ്വാധീനത്തെ എമിലി അംഗീകരിച്ചു. "ഈ ചിത്രം പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നു... എന്റെ തർജമ ഉൾപ്പെടെയുള്ള 'ഓഡീസി' പുസ്തകങ്ങൾ ചൂടപ്പംപോലെ വിറ്റഴിയുന്നു... ഒരുപക്ഷേ കോളേജ് അധികൃതർ സാഹിത്യം, ഭാഷ, ചരിത്രം തുടങ്ങിയ വകുപ്പുകൾ വെട്ടിച്ചുരുക്കുന്നതിൽ നിന്ന് മാറിച്ചിന്തിക്കാൻ ഈ ചിത്രം കാരണമായേക്കാം," എന്നാണ് എമിലി വിൽസൺ കുറിച്ചത്.

ബ്രിട്ടീഷ്-അമേരിക്കൻ ക്ലാസിക്കലിസ്റ്റും വിവർത്തകയുമാണ് എമിലി വിൽസൺ. ഹോമറുടെ 'ഒഡീസി' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ വനിതയാണ്. ഈ വിവർത്തനത്തിലെ , "എന്നോട് ഒരു സങ്കീർണനായ മനുഷ്യനെക്കുറിച്ച് പറയൂ," എന്ന ആദ്യ വരിയാണ് തന്നെ 'ഒഡീസി'യിലേക്ക് ആകർഷിച്ചതെന്ന് സിനിമയുടെ പ്രൊമോഷൻ വേളയിൽ നോളൻ വെളിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT