ശ്രീനിവാസൻ സിനിമകളിലെ കഥാപാത്രങ്ങൾക്കും അദേഹത്തിന്റെ ജന്മനാടായ പാട്യം തന്നെയാണ് ജനിച്ചയിടം. കണ്ടറിയുന്ന നിരവധി മനുഷ്യരെ സിനിമയിലേക്ക് ശ്രീനിവാസൻ കൂട്ടിക്കൊണ്ടുപോയപ്പോൾ അവരിൽ പലരും പിന്നീട് മലയാളികൾക്ക് ചിരപരിചിതരായി. അവരിൽ ചിലർ ശ്രീനിവാസന്റെ വിയോഗദുഃഖത്തിൽ പാട്യത്തുണ്ട്.
ശ്രീനിവാസന്റെ ബഹുഭൂരിഭാഗം കഥാപാത്രങ്ങൾക്കും പൊക്കിൾ കൊടി ബന്ധമുണ്ട് കണ്ണൂരിലെ പാട്യം ഗ്രാമവുമായി. താൻ കണ്ട, തന്നോട് അടുത്ത് നിന്ന മനുഷ്യരെ തിരക്കഥകളിലേക്കും കഥാപാത്രങ്ങളിലേക്കും പകർത്തി തന്നെയാണ് ശ്രീനിവാസൻ എവർ ഗ്രീൻ ഹിറ്റുകൾ മിക്കതും ഒരുക്കിയത്. ശ്രീനിവാസൻ സിനിമകളിൽ കഥാ നായകനും നായികയും മുതൽ കഥാഗതി നിർണയിക്കുന്ന കഥാപാത്രങ്ങളും മിന്നായം പോലെ വന്നുപോകുന്ന മുഖങ്ങളുമെല്ലാം ഏതെങ്കിലും വിധത്തിൽ ഒരു പാട്യക്കാരനാവും. അങ്ങനെ ചിലരെ ഇപ്പോഴും ആ നാട്ടിൽ കാണാം.
കഥപറയുമ്പോൾ എന്ന സിനിമയിലെ ബാർബർ ബാലൻ കൊട്ട്യോടിയിലെ കുഞ്ഞിരാമനിൽ നിന്ന് ജനിച്ചതാണ്. മരത്തിന്റെ കസേരയും പഴയ ഷേവിങ് ബ്രഷും, പൊടിപിടിച്ച കണ്ണാടിയും കാലിളകിയ കസേരയുമെല്ലാം ഇന്നും കൊട്ട്യോടി അങ്ങാടിയിലെ പേരില്ലാത്ത ഈ ബാർബർ ഷോപ്പിലുണ്ട്. പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്റ്റിന് പാട്യത്തെ ശ്രീധരൻ മാഷുമായി സാദൃശ്യം തോന്നിയാൽ അത് വെറും ശ്രീനിവാസനിസം മാത്രം. നാട്ടുകാരെ മാത്രമല്ല, സ്വന്തം അച്ഛനെയും കഥാപാത്ര സൃഷ്ടിയിൽ മാതൃകയാക്കിയിട്ടുണ്ട് ശ്രീനിവാസൻ.
വരവേൽപ്പിലെ ബസ് മുതലാളി പിതാവ് ഉണ്ണി മാഷ് തന്നെ. ചിത്രത്തിൽ അന്നത്തെ സ്വന്തം ജീവിത പശ്ചാത്തലം കൂടി ശ്രീനിവാസൻ ഫ്രയിമിയിലാക്കി. സിനിമയിൽ വന്നപ്പോഴായിരുന്നില്ല തനിക്കറിയുന്ന മനുഷ്യരെ ശ്രീനിവാസൻ അവതരിപ്പിച്ച് തുടങ്ങിയത്. കോളേജ് പഠനം കഴിഞ്ഞ് വെള്ളരി നാടകങ്ങൾ കളിച്ചിരുന്ന കാലം തൊട്ട് ഇത് ശീലമാണ്. കൂർത്ത മുനയുള്ള വിമർശനങ്ങളും ആരെയും നോവിക്കാത്ത പരിഹാസങ്ങളും കൈകാര്യം ചെയ്യാൻ ശ്രീനിവാസനോളമൊരാൾ വേറെയില്ല. വിടപറയുന്നത് പാട്യത്തിന്റെ മേൽവിലാസം കൂടിയാണ്.