MOVIES

മ്യൂസിക്കൽ ഡ്രാമ മാത്രമല്ല, ആക്ഷനുമുണ്ട്! പ്രിയദർശന്റെ 100ാമത്തെ സിനിമ, നായകൻ മോഹൻലാൽ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തന്റെ സിനിമാ ജീവിതത്തിലെ 100ാമത്തെ ചലച്ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രിയദർശൻ. ആദ്യ സിനിമയിലെ നായകനായ മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിലേയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. സഹനിർമാണം - ബിനു ജോർജ് അലക്സാണ്ടർ.

ഒരു ഹ്രസ്വ വീഡിയോയിലൂടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം. സിനിമാ ചരിത്രത്തിലെ തന്നെ അപൂർവ റെക്കോർഡ് എന്നാണ് ഈ ചിത്രത്തെ പ്രിയദർശനും മോഹൻലാലും വീഡിയോയിൽ വിശേഷിപ്പിച്ചത്. "എന്റെ 100ാമത്തെ സിനിമയായതു കൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ 100ാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല," എന്നാണ് പ്രിയദർശൻ പറഞ്ഞത്.

"മറ്റൊരു ഭാഷയിലും ഇങ്ങനെ സംഭവിച്ചിട്ടില്ലേ" എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ചിരഞ്ജീവി - കെ. ബാലചന്ദർ ചിത്രത്തെ ഉദാഹരിച്ചാണ് പ്രിയദർശൻ മറുപടി നൽകിയത്. ചിരഞ്ജീവിയുടെ 100ാമത്തെ സിനിമ സംവിധാനം ചെയ്തത് കെ. ബാലചന്ദർ ആണെന്നും എന്നാൽ കെ. ബാലചന്ദറിന്റെ 100ാമത്തെ സിനിമ ചിരഞ്ജീവിയെ വച്ചല്ലെന്നും പ്രിയദർശൻ ഓർമിപ്പിച്ചു.

ഒരു ഫീൽഗുഡ് എന്റർടെയ്‌നർ വിത്ത് മ്യൂസിക് ആൻഡ് ഡ്രാമ ആയിരിക്കും ഈ ചിത്രം എന്നാണ് പ്രിയദർശൻ പറഞ്ഞത്. ഉടനെ "ആക്ഷൻ ഇല്ലേ" എന്നായി മോഹൻലാലിന്റെ കുസൃതി നിറഞ്ഞ ചോദ്യം. ഒരു മോഹൻലാൽ ചിത്രത്തിൽ ആക്ഷനുണ്ടാകുമെന്ന് എടുത്തുപറയേണ്ടതില്ലല്ലോ എന്നായിരുന്നു സംവിധായകന്റെ മറുപടി. കുടുംബങ്ങൾക്കും കുട്ടികൾക്കും ഫാൻസിനും ദഹിക്കുന്ന സിനിമ ചെയ്യണമെന്നാണ് തന്റെ മനസിലുള്ള ആഗ്രഹം എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ആണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ ഫീച്ചർ ചിത്രം. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മരയ്ക്കാറിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ മൂന്നു പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

അക്ഷയ് കുമാർ നായകനായ 'ഭൂത് ബംഗ്ല'യാണ് പ്രിയദർശന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണിത്. 2026 ഏപ്രിൽ 10ന് സിനിമ തിയേറ്ററുകളിൽ എത്തും. സെയ്ഫ് അലിഖാനും അക്ഷയ് കുമാറും പ്രധാനവേഷത്തിലെത്തുന്ന പ്രിയദർശൻ ചിത്രം 'ഹയ്‌വാന്റെ' ഷൂട്ടിങ് പുരോഗമിക്കുകയാണ്.

SCROLL FOR NEXT