നിർമാതാവ് സാന്ദ്ര തോമസിന് വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. സാന്ദ്രയുടെ കുടുംബത്തെയടക്കം ഇല്ലാതാക്കുമെന്നാണ് ഭീഷണി. വിഷയത്തിൽ സാന്ദ്ര തോമസ് പാലാരിവട്ടം പൊലീസിൽ പരാതി നൽകി. കുറ്റാരോപിതൻ റെനി ജോസഫ് സാന്ദ്രയെ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു
സാന്ദ്രയുടെ ഫോണിൽ വിളിച്ചാണ് റെനി ജോസഫ് ഭീഷണിപ്പെടുത്തിയത്. സാന്ദ്രയെ തല്ലിക്കൊന്ന് കാട്ടിൽ എറിയുമെന്നാണ് ഭീഷണി. നേരത്തെ പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്താവനയാണ് റെനി ജോസഫിനെ പ്രകോപിപിച്ചതെന്ന് സാന്ദ്ര തോമസ് ആരോപിക്കുന്നു.
കുറ്റാരോപിതൻ റെനി ജോസഫിൻ്റെ ഭീഷണി സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു. സാന്ദ്ര തോമസ് കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിലെറിയുമെന്നാണ് വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഭീഷണി സന്ദേശത്തിൽ പറയുന്നത്. ലോകം മുഴുവൻ തനിക്ക് പരിചയക്കാരാണ്. തോമസിൻ്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും. 450 പേരുള്ള ഗ്രൂപ്പിലേക്കാണ് ഓഡിയോ സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് 20നാണ് ഭീഷണിയുണ്ടായത്. റെനി ജോസഫ് പറഞ്ഞ വാക്കുകൾ കേട്ടാൽ അറയ്ക്കുന്നതായിരുന്നെന്നും ഇതിനാലാണ് പുറത്തുപറയാഞ്ഞതെന്നും സാന്ദ്ര തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു എന്നല്ലാതെ തുടർനടപടികളൊന്നും പൊലീസ് കൈക്കൊണ്ടിട്ടില്ല. ഈ കേസിനെ പ്രതിരോധിക്കാനാണ് ഇപ്പോൾ തനിക്കെതിരെ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര തോമസ് ആരോപിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർക്കെതിരായ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. കുറച്ച് ഗുണ്ടാ സംഘങ്ങളാണ് മലയാള സിനിമ ഭരിക്കുന്നത്. അവർക്കെതിരെ അഭിപ്രായം പറയുന്നവരെ ഉൻമൂലനം ചെയ്യും. രണ്ടരമാസമായി പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കാഞ്ഞത് സ്വാധീനം മൂലമാണെന്നും നിർമാതാവ് ആരോപിക്കുന്നു.
പൊലീസിൻ്റെ അനാസ്ഥക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയാണ് സാന്ദ്ര. എഫ്ഐഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം കേസുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ല. വിഷയത്തിൽ ഡിജിപിക്കും വിജിലൻസിനും പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.