കാന്താര ചാപ്റ്റർ വണ്‍ Source: News Malayalam 24x7
MOVIES

കാന്താര 2, മിത്തും അധികാരവും നേർക്കുനേർ; 'ഗുളികന്' മുന്നില്‍ റെക്കോർഡുകള്‍ തകരുമോ? റിവ്യൂ

കാന്താരയുടെ ആദ്യ ഭാ​ഗത്തിലെന്ന പോലെ മിത്തുകളാണ് ഇവിടെയും അടിസ്ഥാന ജനതയുടെ ശക്തിയായി കാണിക്കുന്നത്

Author : ശ്രീജിത്ത് എസ്

കാന്താര, നിഗൂഢമായ വനം. ആർക്കും വഴിതെറ്റിപോകാവുന്ന മായയുടെയും മന്ത്രങ്ങളുടെയും ലോകം. ഒരു വട്ടം വഴിതെറ്റാതെ ആ കാനനത്തിലൂടെ ഋഷഭ് ഷെട്ടി എന്ന സംവിധായകന്‍ നമ്മളെ കൊണ്ടുപോയതാണ്. വീണ്ടും ഒരിക്കല്‍ കൂടി അയാള്‍ നമ്മളെ അതേ വഴി നടത്തിക്കുന്നു. അതേ വേഗതയില്‍, അതേ മായാ വനത്തിലൂടെ. ഇത്തവണയും പ്രേക്ഷകർക്ക് വഴി തെറ്റുന്നില്ല.

മാസ് മസാല കൊമേഷ്യല്‍ സിനിമകളുടെ ചേരുവകള്‍ ഒത്തുചേർന്നതായിരുന്നു കാന്താരയുടെ ആദ്യ ഭാ​ഗം. മിത്തുകളില്‍ നിന്നുകൊണ്ട് മണ്ണിന്‍റെയും മനുഷ്യന്‍റെയും രാഷ്ട്രീയം സംസാരിച്ച സിനിമ. കാന്താര ചാപ്റ്റർ വണ്ണിൽ ഇതേ രാഷ്ട്രീയങ്ങളുടെ തുടക്കത്തിലേക്കാണ് ഋഷഭ് കാണികളെ കൂട്ടിക്കൊണ്ടുപോകുന്നത്- ആദ്യ അധ്യായത്തിലേക്ക്.

കാന്താര 2

ശിവയുടെ അച്ഛനും മുത്തച്ഛനും, മായ ആയിപ്പോയ ഇടത്തില്‍ നിന്നാണ്, ആ മായാ വൃത്തത്തിൽ നിന്നാണ് കാന്താര ചാപ്റ്റ‍ർ വണ്‍ ആരംഭിക്കുന്നത്. ഒരു അമ്മുമ്മ കഥ പറയും പോലെയാണ് സിനിമ നീങ്ങുന്നത്. പേടിപ്പിക്കേണ്ടിടത്ത് പേടിപ്പിച്ച്, നി‍ർത്തേണ്ടിടത്ത് നി‍ർത്തി, വിരസമെങ്കിലും കഥ ബാക്കി കേൾക്കാനുള്ള ആവേശത്തിൽ സഹിക്കുന്ന തമാശകളിലൂടെ സിനിമ നമ്മളിലെ ബാലഭാവന ഉണ‍ർത്തുന്നു. തുടക്കത്തിലെ ഇത്തരമൊരു ലോകത്തിലേക്ക് കടക്കാൻ കാണിയെ പാകമാക്കിയ ശേഷമാണ് കാട്ടിനുള്ളില്‍ മനുഷ്യന് തുണയായി മാറിയ ദൈവങ്ങളുടെ, ദൈവ​ഗണങ്ങളുടെ, അവരുടെ പൂന്തോട്ടത്തിന്റെ കഥയിലേക്ക് ഋഷഭ് കടക്കുന്നത്.

സു​ഗന്ധവ്യഞ്ജനത്തിന്റെ മണവും വിലയും തിരിച്ചറിഞ്ഞ് അത് പിടിച്ചടക്കാൻ ദൈവത്തിന്റെ പൂങ്കാവനത്തിലേക്ക് സൈന്യവുമായ വരുന്ന ഒരു രാജാവ്. അയാളുടെ വഴി മുടക്കി ​ഗുളികൻ വരുന്നു. മകന്റെ മുന്നിൽ വച്ച് ​ഗുളികൻ ആ രാജാവിന്റെ ഉയരെടുക്കുന്നു. അവിടെ നിന്നും ഓടി രക്ഷപ്പെടുന്ന രാജകുമാരൻ കാടിന്റെ മറ്റൊരു ഭാ​ഗത്ത് ആഭിചാരവുമായി കഴിയുന്ന ഒരു കൂട്ടർക്ക് മുന്നിൽ ദൈവ​ഗണങ്ങളുടെ രഹസ്യം വെളിപ്പെടുത്തുന്നു. പിന്നീടങ്ങോട്ട് ഈ 'ദൈവത്തിന്റെ പൂന്തോട്ടം' തിരഞ്ഞിറങ്ങുന്ന നിരവധി പേരെ നമുക്ക് കാണാം. തന്ത്രം കൊണ്ടും മന്ത്രം കൊണ്ടും കാടിനെയും കാടിന്റെ വിഭവങ്ങളെയും കീഴ്‌പ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. അതിനായി അവർ കാടിന്റെ മക്കളെ വരിഞ്ഞുമുറുക്കുന്നു. വിശ്വാസം മറയാക്കി അവരെ ചൂഷണം ചെയ്യുന്നു. അവരുടെ വിഭവങ്ങളുടെ വില അവരിലേക്ക് എത്താതെ തുറമുഖങ്ങളിൽ വീതം വയ്ക്കുന്നു.

കാന്താര 2

ഇത് തിരിച്ചറിഞ്ഞ് 'ബെ‍ർമെ' എന്ന യുവാവും സംഘവും വിശ്വാസത്തിന്റെ അതി‍ർത്തി കടന്ന് നാട്ടിലേക്ക് ഇറങ്ങുന്നിടത്ത് പ്രശ്നങ്ങൾ തുടങ്ങുന്നു. തങ്ങളുടെ വിഭവങ്ങൾ തങ്ങളാണ് വിൽക്കേണ്ടതെന്ന് ബെർമെ വ്യക്തമാക്കുന്നു. അടുത്ത തലമുറയ്ക്കായി കരുതിവയ്ക്കാൻ എന്തെങ്കിലും വേണമെന്ന തിരിച്ചറിവാണ് അവനെ അതിലേക്ക് നയിക്കുന്നത്. ഇതോടെ ശക്തരായ ഒരു വിഭാ​ഗം തങ്ങളുടെ അധികാരം തട്ടിയെടുക്കാൻ വരുന്നതായി നാട്ടിലെ അധികാരികൾ ഭയപ്പെടുന്നു. കാടിന്റെ ശക്തി അവരുടെ വിശ്വാസങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അവ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. നാട്ടിലെ 'തറകൾ' ക്ഷേത്രങ്ങളായി മാറുന്ന കാലത്ത് ഈ കഥാ​ഗതിക്ക് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. വിശ്വാസങ്ങളുടെ രൂപം മാറ്റി ചരിത്രത്തെ തന്നെ മാറ്റിയെഴുതുന്ന പുതുകാല രാഷ്ട്രീയം കൂടിയാണ് കാന്താര ചാപ്റ്റർ വൺ.

കാന്താരയുടെ ആദ്യ ഭാ​ഗത്തിലെന്ന പോലെ മിത്തുകളാണ് ഇവിടെയും അടിസ്ഥാന ജനതയുടെ ശക്തിയായി കാണിക്കുന്നത്. ​നായക ശരീരത്തിലൂടെ ക്ഷേത്രപാലകനായ ​ഗുളികൻ അവരുടെ സംരക്ഷകനാകുന്നു. ​ഗുളികന്റെ മിത്തിലെ പല അംശങ്ങളേയും ചിഹ്നങ്ങളായി സിനിമയിൽ കാണാം. മൂന്നാം കണ്ണിൽ കാലനെ എരിച്ച ശേഷം മഹാദേവൻ ത്രിശൂലവും കാലപാശവും നൽകി കീഴ്ലോകം ഭരിക്കാൻ പറഞ്ഞയയ്ക്കുന്നത് ​ഗുളികനെയാണ്. ശിവന്റെ പെരുവിരൽ പൊട്ടിയട‍ർന്നുണ്ടായ പുത്രൻ. ഈ 'കീഴ്ലോകം' സിനിമയിൽ നമുക്ക് കാണാം. അവിടെ നിന്നും നാടിനെ രക്ഷിക്കാൻ നായക ശരീരത്തിൽ ആവേശിക്കുന്ന ​ഗുളികനേയും.

പൊതുവെ പതിഞ്ഞ താളത്തിൽ പോകുന്ന ചിത്രത്തെ ഉയ‍ർത്തുന്നത് രണ്ട് രം​ഗങ്ങളാണ്. അവ രണ്ടും ​ഗുളികനായുള്ള ബെ‍ർമേയുടെ പരകായപ്രവേശവും. അതിൽ ആദ്യ സന്ദ‍ർഭത്തിലെ ഋഷഭ് ഷെട്ടി എന്ന അഭിനേതാവിന്റെ പ്രകടനമാകും വരും ദിവസങ്ങളിൽ ഈ സിനിമയിലേക്ക് കൂടുതൽ കാണികളെ ആക‍ർഷിക്കുക. ​ഗുളികനായി മാറുന്ന ഋഷഭിനെ നമ്മൾ കണ്ടു കഴിഞ്ഞതാണ്. എന്നാൽ, രാഹു ​ഗുളികനായി, തന്ത്ര ​ഗുളികനായി, മാരണ​ഗുളികനായി, മൃത്യു ​ഗുളികനായി മാറുന്ന ഋഷഭിനെയാണ് ഈ രം​ഗത്തിൽ കാണാൻ കഴിയുക.

ഋഷഭ് ഷെട്ടി

'കാന്താര'യുടെ ഏറ്റവും വലിയ സവിശേഷതയായ ആ 10 മിനിറ്റ് ട്രാൻസ്ഫോ‍ർമേഷൻ കഴിഞ്ഞിരിക്കുന്നു. ഇനി ക്ലൈമാക്സിലേക്ക് എന്ത് എന്ന് കാണികൾ അത്ഭുതപ്പെടുന്നിടത്താണ് ഋഷഭ് ഷെട്ടി എന്ന സംവിധായകൻ ഇടപെടുന്നത്. അയാൾ ആദ്യ പകുതിയിൽ പറഞ്ഞു വച്ചതൊക്കെ കൂട്ടിയോജിപ്പിക്കുന്നു. ക്ലൈമാക്സ് സീക്വൻസിൽ അവയെല്ലാം ഒന്നിച്ചെത്തുന്നു. ​ഗൂളികനൊപ്പം മറ്റൊരു അതിഥിക്ക് കൂടി ഋഷഭ് ശരീരത്തിൽ ഇടം ഒരുക്കി. എല്ലാം അനുയോജ്യമായിട്ടും ആ സന്ദ‍ർഭത്തിന് ഒരു ക്ലൈമാക്സിന് വേണ്ട ബലമുണ്ടെന്ന് തോന്നിയില്ല. എന്നാൽ തീർത്തും ദു‍ർബലം എന്ന് പറയാനും പറ്റില്ല.

എന്തൊക്കെയാണെങ്കിലും, ഇന്ത്യൻ സിനിമയിൽ കേവലം അതിഥി വേഷമല്ല ദക്ഷിണേന്ത്യൻ സിനിമകൾക്ക് എന്ന് 'കാന്താര'യുടെ സാങ്കേതിക തികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബ്രഹ്മാസ്ത്ര, രാമായണ തുടങ്ങിയ ചിത്രങ്ങൾ പരാജയപ്പെട്ടിടത്ത് ക‍ർണാടകയിലെ കുന്താപുരത്ത് നിന്ന് ഒരു വിജയ​ഗാഥ. സിനിമയുടെ നി​ഗൂഢതയും മന്ത്രികതയും കാണികൾക്ക് അനുഭവപ്പെടുത്തിയതിൽ ഛായാ​ഗ്രഹകൻ അരവിന്ദ് എസ് കശ്യപിന്റെ പങ്ക് ചെറുതല്ല. ഒരു എപ്പിക്ക് ആണ് കാണുന്നത് എന്ന തോന്നൽ ഉണ്ടാക്കുമ്പോൾ തന്നെ ലാളിത്യം വേണ്ടിടത്ത് അതും കാണാം. മാസ് രം​ഗങ്ങളെ ഡിസൈൻ ചെയ്തിരിക്കുന്നത് സിനിമയുടെ മൊത്തത്തിലുള്ള മൂഡിനെ അസ്വസ്ഥമാക്കാതെയാണ്. ​ഗുളികനായി മാറുന്ന ഋഷഭിന് കിട്ടുന്ന കയ്യടിയുടെ ഒരു ഭാ​ഗത്തിന്റെ അവകാശി സം​ഗീത സംവിധായകൻ അജനീഷ് ലോക്നാഥ് ആണ്. വൈകാരിക രംഗങ്ങളിൽ ഇടറുന്നെങ്കിലും ​ഗുളികൻ സീനുകളിൽ അജനീഷിന്റെ പശ്ചാത്തല സം​ഗീതം ഇരച്ചുകയറി. വിഎഫ്എക്സ് സീനുകളുമായി ഇഴുകിച്ചേർന്ന് പലപ്പോഴും മാസ് ബില്‍ഡപ്പുകള്‍ക്ക് സഹായിച്ചിട്ടുണ്ട്.

അടിമുടി ഋഷഭ് ഷെട്ടിയാണ് ഈ സിനിമ. പക്ഷേ അതിൽ മറ്റൊരാളുടെ പ്രകടനം എടുത്തുപറയണം. മലയാളിക്ക് ഏറെ പരിചയമുള്ള ഒരാൾ, ജയറാം. ഈ സിനിമയിലും ജയറാം ഒരു അച്ഛനാണ്. സിഇഒ അല്ല രാജാവ്, രാജശേഖരൻ. പക്ഷേ ‌തന്നിൽ ഭയം വിതച്ച ഒരു കാളരാത്രിയുടെ ഓ‍ർമകൾ മായാതെ കിടക്കുന്ന ഒരു മകനും അയാളിലുണ്ട്. ഇത് രണ്ടും ഉൾച്ചേ‍ർക്കാൻ ജയറാമിന് സാധിച്ചു. സമീപകാലത്ത് കണ്ട നടന്റെ മികച്ച പ്രകടനമാണിത്. കനകവതിയായി രുക്മിണി വസന്തും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. താൻ ഈ സിനിമയിലേക്ക് വെറുതെ വന്നതല്ല എന്ന് രുക്മിണി കാട്ടിത്തരുന്നു. കഥാപാത്രത്തിന്റെ മാറ്റങ്ങൾക്കൊപ്പം നീങ്ങാനുള്ള ശ്രമം നടിയില്‍ കാണാം. പക്ഷേ അത് പൂ‍ർണമായി വിജയിച്ചു എന്ന് പറയാൻ പറ്റില്ല. ഗുല്‍ഷന്‍ ദേവയ്യയുടെ 'കുലശേഖരനും' സമാനമായ അനുഭവമായിരുന്നു.

സ്ഥാനത്തും അസ്ഥാനത്തുമുള്ള ചില തമാശകൾ മാത്രമാണ് സിനിമയിൽ കല്ലുകടിയാകുന്നത്. അതിനായി ഈ 'കാന്താര'യിലും പ്രത്യേക കഥാപാത്രങ്ങളുണ്ട്. മികച്ച ദൃശ്യാനുഭവം തരുന്ന ഈ സിനിമ തിയേറ്റ‍ർ കാഴ്ചയ്ക്കുള്ളതാണ്. മൊബൈൽ സ്ക്രീനുകളിൽ ചിലപ്പോൾ പല സീനുകളും അകാലചരമം അടഞ്ഞേക്കാം.

'കാന്താര'യുടെ കഥ ഈ ഭാ​ഗത്തിലും അവസാനിക്കുന്നില്ല. ഋഷഭിനും കൂട്ട‍ർക്കും ഇനിയും കഥകൾ പറയാനുണ്ട്. പല കാലഘട്ടങ്ങിലായി പരന്നുകിടക്കുന്ന മിത്തുകൾ വാരിക്കൂട്ടുകയാണ് അവർ. മുഖത്തെഴുത്തും കുരുത്തോല വഞ്ചിയുമായി ഇനിയും ​ഗുളികൻ വരും. ഡോൾബി അറ്റ്‌മോസിനെ വെല്ലുവിളിച്ച് അലറിവിളിക്കും. ആ ഒച്ച ചിലപ്പോൾ പഴയ ടെംപ്ലേറ്റിൽ കുടുങ്ങിക്കിടക്കുന്നവരെ ബധിരരാക്കിയേക്കും. യൂണിവേഴ്സുകൾ തുടങ്ങി പാതി വഴിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്നവർക്ക് ദിക്ക് കാട്ടിയേക്കും.

SCROLL FOR NEXT