'കാന്താര 2' സിനിമയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. കാന്താര കാണാന്‍ വരുന്നവര്‍ മദ്യപിക്കരുതെന്നോ മത്സ്യ മാംസങ്ങള്‍ കഴിക്കരുത് എന്നോ പറഞ്ഞിട്ടില്ലെന്നും അത് വ്യാജ വാർത്തയാണെന്നും പറഞ്ഞ ഋഷഭ് ഇക്കാര്യങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാടെന്താണെന്നും വ്യക്തമാക്കി.
"ഒരു മനുഷ്യന്റെ ശീലങ്ങള്‍, ഭക്ഷണ രീതി, ജീവിതചര്യ, എന്നിവ ചോദ്യം ചെയ്യാനുള്ള അവകാശം ആർക്കുമില്ല. എല്ലാവർക്കും അവരുടെ താല്‍പ്പര്യങ്ങളുണ്ട്. അത് ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ ആരാണ്? ഞങ്ങളുടെ പടത്തില്‍ എല്ലാ വശങ്ങളും കാണിക്കുന്നുണ്ട്. ഒരു ദൈവത്തെപ്പറ്റി കാണിക്കുമ്പോള്‍ തന്നെ ആദിവാസികളുടെ യഥാർഥ ആചാരക്രമങ്ങളും കാണിക്കുന്നു. മുന്‍വിധിയോടെഎന്തെങ്കിലും പറയാന്‍ അല്ല ഞങ്ങള്‍ വന്നിരിക്കുന്നത്. സിനിമാക്കാരായ നമ്മള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല," ഋഷഭ് ഷെട്ടി പറഞ്ഞു.
ആദ്യ ഭാഗത്തില്‍ ആസ്വദിച്ചത് എല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നും സിനിമയുടെ പ്രചാരണത്തിനായി കൊച്ചിയില്‍ എത്തിയ ഋഷഭ് ഷെട്ടി പറഞ്ഞു. കാന്താരയുടെ ഓരോ ഫ്രയിമും ആദ്യം വരച്ച ശേഷമാണ് ചിത്രീകരിച്ചത്. ഓരോ രംഗവും എങ്ങനെയായിരിക്കണം എന്ന് കൃത്യമായ ധാരണ ഉണ്ടാക്കിയ ശേഷമായിരുന്നു ചിത്രീകരണം. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ദിവസങ്ങളോളം വനത്തിനുള്ളില്‍ ആയിരുന്നു. കോടി ക്ലബ്ബില്‍ എത്തുന്നതിനെകുറിച്ചല്ല, പ്രേക്ഷകരുടെ ക്ലബ്ബില്‍ ചിത്രം സ്വീകരിക്കപ്പെടുന്നതിനെ കുറിച്ചാണ് ആലോചിക്കാറുള്ളത് എന്നും ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.
ഹോംബാലെ ഫിലിംസ് ആണ് 'കാന്താര 2' നിർമിക്കുന്നത്. ബി. അജനീഷ് ലോക്നാഥാണ് സംഗീതം ഒരുക്കുന്നത്. ക്യാമറ അർവിന്ദ് കശ്യപും, പ്രൊഡക്ഷൻ ഡിസൈൻ മലയാളിയായ വിനേഷ് ബംഗ്ലാനുമാണ് ചെയ്തിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം ഒരേസമയം എത്തുന്നത്.