മുംബൈ: നിശ്ചിതപ്രവൃത്തി സമയം വേണമെന്ന് ബോളിവുഡ് നടി ദീപിക പദുകോണ്‍ ആവശ്യപ്പെട്ടതില്‍ ചർച്ചകള്‍ അവസാനിക്കുന്നില്ല. നടിയെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്. വിഷയത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും നടിയുമായ സ്മൃതി ഇറാനിയും തന്റെ അഭിപ്രായം രേഖപ്പെടുത്തി. തൊഴിൽ നൈതികത, പ്രൊഫഷണൽ ഉത്തരവാദിത്തം, ഒരു അഭിനേതാവിന്റെ താല്‍പ്പര്യങ്ങള്‍ സിനിമാ വ്യവസായത്തില്‍ ചെലുത്തുന്ന സ്വാധീനം എന്നിവയില്‍ സ്മൃതി തന്റെ കാഴ്ചപ്പാട് പങ്കുവച്ചു.
ഒരു അഭിനേതാവിന് നിർമാതാവിന്റെ പ്രതിബദ്ധതയെ മാനിക്കാതിരിക്കാനോ 'ഇഷ്ടപ്പെടാത്തതിനാൽ' ജോലി ഒഴിവാക്കാനോ കഴിയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. അത്തരം പെരുമാറ്റം പ്രൊഫഷണലി അസ്വീകാര്യമാണെന്നാണ് മുന്‍ കേന്ദ്രമന്ത്രിയുടെ അഭിപ്രായം. ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
ദീപക മുന്നോട്ട് വച്ച ആവശ്യങ്ങള്‍ വ്യക്തിപരമായ പ്രശ്നമാണെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. പല വിവാദങ്ങളും ഉണ്ടാകുന്നുണ്ടെന്നും അവയ്ക്ക് പിന്നില്‍ വാണിജ്യ താല്‍പ്പര്യമാണെന്നും നടി പറഞ്ഞു. അത്തം മണ്ടത്തരങ്ങളില്‍ ഏർപ്പെടാന്‍ മാത്രം താന്‍ നിഷ്കളങ്കയല്ലെന്നും സ്മൃതി കൂട്ടിച്ചേർത്തു.
തന്റെ കരിയറിനെ ഉദാഹരണമായി കാട്ടിയാണ് സ്മൃതി ഇറാനി സംസാരിച്ചത്. രണ്ട് തവണ ഗർഭിണിയായിരുന്നപ്പോഴും താന്‍ ജോലി ചെയ്തിരുന്നു. കാരണം ഒരു യുവ വനിതാ നിർമാതാവിന് ഇതുപൊലൊരു (ക്യുങ്കി സാസ് ഭി കഭി ബഹു തീ) ഐക്കോണിക്ക് ഷോ ലഭിക്കണമെങ്കില്‍ ഒരു അഭിനേതാവെന്ന നിലയില്‍ 'ഈ കപ്പല്‍ മുന്നോട്ട് പോകുന്നു' എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടായിരുന്നുവെന്ന് സ്മൃതി പറഞ്ഞു.
"ഞാന്‍ കൃത്യമായി എത്തിയില്ലെങ്കില്‍ അത് നിർമാതാവിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് എനിക്ക് അറിയാം. അത് നീതിയല്ല. ഞാൻ ജോലിക്ക് വന്നില്ലെങ്കിൽ, 120 പേർക്ക് ആ ദിവസം ശമ്പളം ലഭിക്കില്ല. 120 കുടുംബങ്ങളോട് കാട്ടുന്ന അനീതിയാണത്," സ്മൃതി പറഞ്ഞു. ഒരു കുട്ടി വേണമെന്ന് തീരുമാനിച്ചാല്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്മൃതി ഇറാനി ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരയില്‍ സജീവമാണ്. 2000 മുതല്‍ 2006 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യപ്പെട്ട ജനപ്രിയ ടിവി പരമ്പരയായ 'ക്യുങ്കി സാസ് ഭി കഭി ബഹു തീ'യുടെ രണ്ടാം ഭാഗത്തിലാണ് സ്മൃതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറെ പ്രശസ്തി നേടിക്കൊടുത്ത 'തുളസി' എന്ന കഥാപാത്രമായി തന്നെയാണ് സ്മൃതിയുടെ തിരിച്ചുവരവ്.