'സമ്മർ ഇന്‍ ബത്ലഹേം' ഫസ്റ്റ് ലുക്ക് പോസ്റ്റർ Source: Facebook / Suressh Gopi
MOVIES

ആ പൂച്ചയെ അയച്ചത് ആരാകും? 'സമ്മർ ഇൻ ബത്ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'സമ്മർ ഇന്‍ ബത്ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രേക്ഷകർക്ക് പിടികൊടുക്കാത്ത ചില രഹസ്യങ്ങളോടെ അവസാനിച്ച നിരവധി മലയാള സിനിമകളുണ്ട്. അതില്‍ ഒന്നാണ് സിബി മലയില്‍ സംവിധാനം ചെയ്ത 'സമ്മർ ഇന്‍ ബത്ലഹേം'. 1998ല്‍ റീലീസ് ചെയ്ത ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച രവി ശങ്കർ എന്ന കഥാപാത്രത്തിന് പൂച്ചയെ അയച്ചുകൊടുത്ത പ്രണയിനി ആരെന്ന ചോദ്യം ഇന്നും സിനിമാപ്രേമികളില്‍ അവശേഷിക്കുകയാണ്. പലതരം തിയറികള്‍ അന്നുതൊട്ട് ഇന്നുവരെ ഈ ചോദ്യത്തെ ചുറ്റിപ്പറ്റി ഇറങ്ങിയിട്ടുണ്ട്. സിനിമ റീ റിലീസ് ചെയ്യുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ച നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യം വീണ്ടും പ്രചരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുന്നു.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ഡെന്നിസിനെ അവതരിപ്പിച്ച സുരേഷ് ഗോപി, റീ റിലീസ് ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പോസ്റ്ററില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവന്‍ മണി എന്നിവർക്കൊപ്പം ചിത്രത്തില്‍ നിരഞ്ജന്‍ എന്ന അതിഥി വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിനെയും കാണാം.

"ഓർമ്മകൾ പുതുക്കി, വികാരങ്ങൾ പുനർനിർവചിക്കപ്പെട്ടു! തലമുറകൾ ആഘോഷിക്കുന്ന കാലാതീതമായ ക്ലാസിക്! സമ്മർ ഇൻ ബെത്‌ലഹേമിന്റെ 4K റീമാസ്റ്റർ ചെയ്ത പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ! ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുന്നു...കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക!, പോസ്റ്റർ വങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു.

കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. വേണു നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രഞ്ജിത്ത് ആണ്. 'ലേസ ലേസ' എന്ന പേരിൽ പ്രിയദർശന്‍ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. 'മേരീ ആവാസ് സുനോ' എന്ന മലയാള സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സിയാദ് കോക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.

രവിയെ സ്നേഹിക്കുന്ന ആ അജ്ഞാത ആരാണെന്ന പസില്‍ ഇത്തണ പരിഹരിക്കുമെന്ന വാശിയിലാണ് ആരാധകർ. അതിനുള്ള സൂചനകള്‍ സിനിമയില്‍ തന്നെയുണ്ടാകും എന്നാണ് ഇവർ വിശ്വസിക്കുന്നത്. 4K ഡൊൾബി അറ്റ്‌മോസ് സാങ്കേതിക തികവോടെയാണ് സിനിമ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്.

SCROLL FOR NEXT