ലൈവിൽ പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത Source: Instagram/ Tanushree Dutta
MOVIES

"ആരെങ്കിലും സഹായിക്കൂ, 2018 മുതൽ ഗാർഹിക പീഡനം നേരിടുന്നു"; ലൈവിൽ പൊട്ടിക്കരഞ്ഞ് നടി

വീഡിയോയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പൊലീസിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും നടി ആവശ്യപ്പെടുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

സ്വന്തം വീട്ടിൽ വർഷങ്ങളായി മാനസിക പീഡനങ്ങൾ നേരിടുന്നതായി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പൊട്ടിക്കരഞ്ഞ് കൊണ്ട് വെളിപ്പെടുത്തി ബോളിവുഡ് നടി തനുശ്രീ ദത്ത. വീഡിയോയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പൊലീസിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും നടി ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് തനുശ്രീ ദത്ത ഇൻസ്റ്റഗ്രാം ലൈവിലെത്തി തൻ്റെ ദുരവസ്ഥ വെളിപ്പെടുത്തിയത്.

"പ്രിയപ്പെട്ടവരേ, എൻ്റെ സ്വന്തം വീട്ടിൽ ഞാൻ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, എൻ്റെ വീട്ടിൽ പലതരം പ്രശ്നങ്ങൾ നേരിടുകയാണ്. ഞാൻ പൊലീസിനെ വിളിച്ചു. അവർ എന്നോട് പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി നൽകണമെന്ന് ആവശ്യപ്പെട്ടു. ഒരുപക്ഷേ നാളെ പോയി പരാതി നൽകും, ഞാൻ ഇപ്പോൾ അത്ര നിലയിലല്ല. കഴിഞ്ഞ 4-5 വർഷങ്ങളായി എൻ്റെ വീട്ടിലെ സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല, എൻ്റെ വീട് ഒരു കുഴപ്പമാണ്," തനുശ്രീ വിശദീകരിച്ചു.

"വീട്ടുകാർ എൻ്റെ വീട്ടിൽ വേലക്കാരികളെ നിർത്തിയതിനാൽ എനിക്ക് വേലക്കാരികളെ നിയമിക്കാൻ പോലും കഴിയുന്നില്ല. വേലക്കാരികളിൽ നിന്ന് എനിക്ക് വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ അകത്തുകടന്ന് മോഷ്ടിക്കുകയും, എല്ലാത്തരം മോശം കാര്യങ്ങളും ചെയ്യുകയും ചെയ്യുകയാണ്," തനുശ്രീ ദത്ത ആരോപിച്ചു.

"എനിക്ക് എൻ്റെ തൊഴിൽ ചെയ്യണം.എൻ്റെ വീട്ടിൽ എനിക്ക് പ്രയാസങ്ങൾ നേരിടുകയാണ്. ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ. മാനസികമായ പീഡനങ്ങൾ കാരണം ഞാൻ രോഗബാധിതയാണ്. 2018ലെ മീ ടൂ ആരോപണങ്ങൾ മുതൽക്കേ ഇത് തുടരുന്നുണ്ട്. ഇന്ന് ഇതെല്ലാം കണ്ട് മടുത്താണ് പൊലീസിനെ വിളിച്ചത്. ഇനിയും വൈകുന്നതിന് മുമ്പ് ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ," നടി അഭ്യർഥിച്ചു.

2009ൽ റിലീസായ 'ഹോൺ ഓകെ പ്ലീസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി 2018ൽ തനുശ്രീ ദത്ത ബോളിവുഡിനെ പിടിച്ചുകുലുക്കിയിരുന്നു. 2008ൽ തനുശ്രീ സിനി & ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷനിൽ (സിൻ‌ടി‌എ‌എ) ഔദ്യോഗികമായി പരാതി നൽകിയെങ്കിലും നിർഭാഗ്യവശാൽ പടേക്കറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

കൂടാതെ, 'ചോക്ലേറ്റ്' എന്ന സിനിമയുടെ സെറ്റിൽ ഇർഫാൻ ഖാനുമൊത്ത് "വസ്ത്രം അഴിച്ചുമാറ്റി നൃത്തം ചെയ്യാൻ" നിർമാതാവ് വിവേക് അഗ്നിഹോത്രി തന്നോട് സമ്മർദം ചെലുത്തിയതായി തനുശ്രീ ആരോപിച്ചു. പടേക്കറും അഗ്നിഹോത്രിയും ഈ ആരോപണങ്ങൾ നിഷേധിച്ചു. മീ ടൂ ആരോപണങ്ങളിൽ നിന്ന് നാനയ്ക്കും ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു.

SCROLL FOR NEXT