ഐതീഹ്യങ്ങളും, മിത്തുകളും, ഭ്രമകല്പനകളുമെല്ലാം തെലുങ്ക് സിനിമയുടെ സ്ഥിരം മാജിക്കാണ്. കാണികളെ കണ്ണെടുക്കാതെ ലയിപ്പിക്കുന്ന തരത്തിൽ അവയെ വെള്ളിത്തിരയിലെത്തിക്കുന്നിടത്താണ് വെല്ലുവിളി. കണ്ണെഞ്ചിപ്പിക്കുന്ന തരത്തിൽ പ്രഭാസിന്റെ രാജാസാബ് ട്രെയിലറെത്തുമ്പോഴും പ്രേക്ഷകർക്ക് ലഭിക്കുന്ന സൂചന ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയക്കാഴ്ചയുടേതാണ്.പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ട്രെയിലറിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റെ വേറിട്ട വേഷപ്പകർച്ചയും ഏവരേയും വിസ്മയിപ്പിക്കും.
കരിയറിൽ തന്നെ പ്രഭാസ് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള വേഷമാകും ഇതെന്നാണ് ട്രെയിലർ തരുന്ന സൂചന. റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബ്' തിയേറ്ററുകളിൽ എത്തുന്നത് അടുത്ത ചരിത്രവുമായാകുമെന്ന് സൂചിപ്പിക്കുകയാണ് ട്രെയിലർ. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. അടുത്തിടെ പ്രഭാസിന്‍റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന 'രാജാസാബ്' മോഷൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.
'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കിൽ പ്രഭാസ് പോസ്റ്ററിൽ എത്തിയിരുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’
മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. തമൻ എസ്. ആണ് സംഗീതം.