പ്രശസ്ത കന്നഡ സിനിമാ സംവിധായകനും നടനും നാടക പ്രവർത്തകനുമായ യശ്വന്ത് സർദേശ് പാണ്ഡെ (60) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ധാർവാഡിൽ നാടകത്തിൽ അഭിനയിച്ച ശേഷം ഞായറാഴ്ച ബാംഗ്ലൂരിൽ തിരിച്ചെത്തിയ അദ്ദേഹം നെഞ്ചു വേദന കാരണം കുഴഞ്ഞു വീഴുകയായിരുന്നു.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 10 മണിയോടെ മരണം സ്ഥിരീകരിച്ചു.
ബിജാപൂർ ജില്ലയിലെ ബസവന ബാഗേവാഡിയിലെ ഉക്കലി ഗ്രാമത്തിൽ ജനിച്ച സർദേശ് പാണ്ഡെ ഹെഗ്ഗോഡുവിലെ നിനാസം തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നാടക കലയിൽ ഡിപ്ലോമ നേടി. പിന്നീട് 1996 ൽ ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് സിനിമയിലും നാടക രചനയിലും കോഴ്‌സ് പൂർത്തിയാക്കി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി.
സർദേശ് പാണ്ഡെ എഴുതി അവതരിപ്പിച്ച കോമഡി നാടകമായ' ഓൾ ദി ബെസ്റ്റ് ' അദ്ദേഹത്തിന്റെ കലാജീവിതത്തിലെ നാഴികക്കല്ലായി .നൂറുകണക്കിന് വേദികളിൽ പ്രദർശിപ്പിച്ച ആ നാടകത്തിലൂടെയും കന്നഡ നാടകവേദിക്ക് നൽകിയ സംഭാവനകളിലൂടെയും പാണ്ഡെ ശ്രദ്ധിക്കപ്പെട്ടു. രാശിചക്ര, ഒലവേ ജീവിത ശക്തികര, നീനാനാദ്രെ നാനീനേന, സാഹി റി സാഹി, ഒണ്ടാടാ ഭട്രദ്ദു, അന്ധയുഗ, സാഹേബരു ബറുത്താരെ, മിസ് പോയിൻ്റ്, ദിൽ മാംഗേ മോർ , ഹിങ്കാദ്രേ ഡോട്ട് കോമഡി എന്നിവ അദ്ദേഹത്തിൻ്റെ മറ്റ് ശ്രദ്ധേയമായ കൃതികളാണ് .
60-ലധികം നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. മർമ്മ, അമൃതധാരേ, രാമശാമ ഭാമ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2010-ലെ രാജ്യോത്സവ അവാർഡ്, ആര്യഭട്ട അവാർഡ് (2003), മയൂർ അവാർഡ് (2005), അഭിനയ ഭാരതി അവാർഡ് (2008), രംഗധ്രുവ മാൻ അവാർഡ് (2008), എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. നാടക-ചലച്ചിത്ര കലാകാരി കൂടിയായ മാലതിയാണ് ഭാര്യ