ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍: 'അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്' മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അവതാറിന്റെ മറ്റ് രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യത ഫ്രാഞ്ചൈസിയിലെ പിന്നീടുള്ള ചിത്രങ്ങളില്‍ കുറയുന്നതായാണ് കാണുന്നത്. സള്ളി കുടുംബ കഥയായി പാണ്ടോറയുടെ കഥ ചുരുങ്ങിപ്പോകുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഫ്രാഞ്ചൈസിയില്‍ ഇനിയും രണ്ട് ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങാനുണ്ട്. നാലാം ഭാഗത്തിന്റെ ചിത്രീകരണം പകുതിയോളം ജെയിംസ് കാമറൂണ്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2029 ഡിസംബറിലാകും നാലാം ഭാഗം പുറത്തിറങ്ങുക എന്നാണ് സൂചന. സിനിമയിലെ കുട്ടികളായ അഭിനേതാക്കള്‍ വളരുന്നത് കഥയെ ബാധിക്കാതിരിക്കാനാണ് രണ്ടാം ഭാഗത്തിന്റേയും മൂന്നാം ഭാഗത്തിനും ഒപ്പം നാലാം ഭാഗത്തിന്റെ ചില ഭാഗങ്ങളും സംവിധായകന്‍ പൂര്‍ത്തിയാക്കിയത്. ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
രണ്ടാം ഭാഗം അവസാനിച്ചയിടത്തു നിന്നാണ് മൂന്നാം ഭാഗം ആരംഭിക്കുന്നത്. എന്നാല്‍, നാലാം ഭാഗം ഏതാനും വര്‍ഷങ്ങള്‍ മുന്നിലേക്ക് പോകുമെന്നാണ് പറയപ്പെടുന്നത്. കുട്ടികളായ കഥാപാത്രങ്ങള്‍ മുതിര്‍ന്നവരായി മാറുന്നത് നാലാം ഭാഗത്തില്‍ കാണാനായേക്കും. 'അവതാര്‍: ദി തുല്‍കുന്‍ റൈഡര്‍' എന്നാകും ചിത്രത്തിന്റെ പേര് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഞ്ച് ഭാഗങ്ങള്‍ നീളുന്ന വലിയൊരു കഥയാണ് കാമറൂണ്‍ പദ്ധതിയിട്ടിരിക്കുന്നത്.
പാണ്ടോറയില്‍ ഇതുവരെ കാണാത്ത ശീതപ്രദേശങ്ങളും കൂടുതല്‍ ഗോത്രങ്ങളെയും പുതിയ ഭാഗത്തില്‍ കാണാനായേക്കും. അഞ്ചാം ഭാഗം 2031 ലായിരിക്കും റിലീസാകുക. നാവികള്‍ ഭൂമിയിലേക്ക് വരുന്നതാകും അവസാന ഭാഗത്തിലുണ്ടാകുക. അഞ്ചാം ഭാഗത്തിന്റെ തിരക്കഥയും കാമറൂണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഞ്ചാം ഭാഗത്തോടെ ഫ്രാഞ്ചൈസി അവസാനിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പണ്ടോറയിലെ വിസ്മയങ്ങളില്‍ നിന്ന് മാറി ഭൂമിയുടെ അവസ്ഥ കൂടി കാണിച്ചുതരുന്നതായിരിക്കും അവസാന ഭാഗം.