റിലീസിന് മുമ്പേ സോഷ്യല്‍മീഡിയ ചര്‍ച്ചകളില്‍ ഇടംപിടിച്ച സിനിമയാണ് നിതീഷ് തിവാരിയുടെ രാമായണ. നവംബര്‍ 5 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് യാഷ് അവതരിപ്പിക്കുന്ന രാവണന്റേത്.
രാവണന്റെ സങ്കീര്‍ണമായ കഥാപാത്രത്തെ യാഷ് എത്രത്തോളം ഭംഗിയാക്കിയിട്ടുണ്ടെന്ന് കാണാനുള്ള കാത്തരിപ്പിലാണ് ആരാധകര്‍. രാവണനായുള്ള വേഷപ്പകര്‍ച്ചയെ കുറിച്ച് യാഷ് മനസ്സ് തുറന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന വേള്‍ഡ് പ്രീമിയറില്‍ യാഷിനൊപ്പം ഭാര്യയും മക്കളായ ആര്യയും യതര്‍വും സിനിമ കാണാന്‍ എത്തിയിരുന്നു.
സിനിമയില്‍ ജഡായു-രാവണന്‍ സംഘട്ടനം കണ്ട് മകന്‍ കരഞ്ഞു പോയെന്നാണ് യാഷ് പറയുന്നത്. രാവണന്‍ ജഡായുവിനെ വധിക്കുന്ന ദൃശ്യം കണ്ട് മകന്‍ അസ്വസ്ഥനായെന്നാണ് യാഷ് വെളിപ്പെടുത്തിയത്. 'ആ പക്ഷിയെ കൊന്നത് ഇഷ്ടപ്പെട്ടില്ല' എന്നാണ് മകന്‍ യതര്‍വ പറഞ്ഞത്.
കുട്ടികളുടെ പ്രതികരണങ്ങള്‍ പങ്കുവെക്കുന്നതിനപ്പുറം രാവണനെ അവതരിപ്പിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ചും യഷ് സംസാരിച്ചു.
''എന്നെ സംബന്ധിച്ചിടത്തോളം, രാവണനെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും അജയ്യനാണെന്നും എല്ലാവരെയും വിശ്വസിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.''ആ വേഷം ചെയ്യുമ്പോള്‍ സ്വയം അതില്‍ ബോധ്യമില്ലെങ്കിലോ ഉദ്ദേശിച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ, പ്രേക്ഷകര്‍ക്ക് അത് അനുഭവപ്പെടില്ല. ആ വേഷം നല്ലതായിരുന്നു എന്ന് ആളുകള്‍ പറയുന്ന അവസ്ഥ വന്നാല്‍ എന്റെ പ്രയത്‌നം വെറുതെയാകും. രാവണന്‍ ശക്തനാണെന്നതും ഞാന്‍ രാവണനെ ശക്തനായി അവതരിപ്പിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്.'
സാധാരണ രീതിയിലുള്ള പരമ്പരാഗത വില്ലനായി രാവണനെ അവതരിപ്പിക്കാനല്ല ശ്രമിച്ചതെന്നും യാഷ് പറഞ്ഞു, 'ചിലപ്പോള്‍ ആളുകള്‍ക്ക് മറ്റൊരു കാഴ്ചപ്പാട് നല്‍കാനും, അദ്ദേഹത്തിനും ചില നല്ല ഗുണങ്ങളുണ്ടായിരുന്നു എന്ന് മനസ്സിലാക്കാനുള്ള അവസരം നല്‍കാനും പറ്റും. കാര്യങ്ങള്‍ വെളുപ്പും കറുപ്പുമായി മാത്രം കാണുന്നതല്ല. ആളുകള്‍ക്ക് അദ്ദേഹത്തോടൊപ്പം ചിന്തിക്കാനും, അദ്ദേഹം എന്താണ് ചെയ്യാന്‍ ശ്രമിച്ചതെന്നും എവിടെയാണ് തെറ്റുപറ്റിയതെന്നും മനസ്സിലാക്കാനും അവസരം നല്‍കുക എന്നത് എനിക്ക് വളരെ രസകരവും വെല്ലുവിളി നിറഞ്ഞതുമായ കാര്യമായിരുന്നു'.
രാവണനു വേണ്ടി ശാരീരികമായി മാത്രമല്ല, ഭാവങ്ങളിലും വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശക്തി കണ്ണുകളില്‍ പ്രതിഫലിക്കണം. മൂന്ന് ലോകങ്ങളുടേയും അധിപനായിരുന്നു രാവണന്‍. അത്രയും ശക്തനായ ആള്‍ എങ്ങനെയാകും സംസാരിക്കുക? സാധാരണ നമ്മള്‍ കരുതുന്നത് അഹങ്കാരത്തോടും ഗര്‍വോടുമായിരിക്കും രാവണന്‍ സംസാരിക്കുക എന്നായിരിക്കും. എന്നാല്‍, ആ വഴി സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. അല്‍പം പരിഹാസവും സൂക്ഷമ ബുദ്ധിയും ചെറിയ ചില ദുര്‍ബലതകളും വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്.
രാമായണത്തില്‍ രണ്‍ബീര്‍ കപൂറാണ് രാമനായി എത്തുന്നത്. സായി പല്ലവി സീതയായും, രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു. സണ്ണി ഡിയോള്‍ ആണ് ഹനുമാനായി എത്തുന്നത്.