മലയാളത്തിലെ സ്റ്റൈലിഷ് സിനിമകളുടെ സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി D'eux'ലെ ആദ്യ ഗാനം ഇന്നെത്തും. ഇന്ന് വൈകുന്നേരും അഞ്ച് മണിക്ക് ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങും. 2012ൽ പുറത്തിറങ്ങിയ 'ബാച്ച്‌ലർ പാർട്ടി'യിലെ ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയാണ് ഈ ആൽബത്തിൽ സിനിമാപ്രേമികൾക്കുള്ളത്. സിനിമയുടെ മാസ് ഫീൽ വെളിപ്പെടുത്തുന്ന സ്റ്റൈലിഷ് ട്രാക്ക് ആകും ആദ്യം പുറത്തുവിടുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സോണി മ്യൂസിക് സൗത്ത് ആണ് സിനിമയുടെ മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ പുറത്തുവിട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന കഥാപാത്രങ്ങൾ സിനിമ വലിയൊരു ആക്ഷൻ-ത്രില്ലർ വിരുന്നായിരിക്കുമെന്ന സൂചന നൽകുന്നുണ്ട്. 14 വർഷങ്ങൾക്ക് ശേഷം ജെൻ - സി വൈബിലാണ്, 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത് എന്ന് പോസ്റ്റർ അടിവരയിടുന്നു. നവംബർ 19നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാൽ 'ബാച്ച്‌ലർ പാർട്ടി D'eux'ൽ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്.
യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
അപ്പു പ്രഭാകര്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.