നാല് പതിറ്റാണ്ടോളം ലോകമെമ്പാടുമുള്ള യുവാക്കളുടെ സംഗീതാഭിരുചി പുനർനിർവചിച്ച മ്യൂസിക് ചാനലാണ് എംടിവി. എന്നാല്‍ 2025 അവസാനത്തോടെ യുകെയിലെ അഞ്ച് മ്യൂസിക് ചാനലുകൾ അടച്ചുപൂട്ടാൻ എംടിവി ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
എംടിവി മ്യൂസിക്, എംടിവി എയ്ട്ടീസ്, എംടിവി നയന്റീസ്, ക്ലബ് എംടിവി, എംടിവി ലൈവ് എന്നീ ചാനലുകളാണ് ഡിസംബർ 31ന് നിർത്താന്‍ പോകുന്നത്. അതേസമയം, എംടിവി എച്ച്‌ഡി എന്ന പ്രധാന ചാനല്‍ സംപ്രേക്ഷണം തുടരും. എന്നാല്‍, ഈ ചാനല്‍ മ്യൂസിക് വീഡിയോകളേക്കാൾ റിയാലിറ്റി ഷോകള്‍ക്കും വിനോദ പരിപാടികള്‍ക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഇതാണ് സംഗീത ആരാധകരെ നിരാശരാക്കുന്നത്.
എംടിവി നിർത്തുന്നു എന്ന വാർത്ത ഹൃദയം തകർക്കുന്നതാണെന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ചാനല്‍ പൂർണമായി നിർത്താന്‍ പോകുന്നുവെന്നാണ് പലരും ധരിച്ചത്. ഇത് വലിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയതോടെ മാതൃ സ്ഥാപനമായ പാരമൗണ്ട് ഔദ്യോഗികമായി വ്യക്തത വരുത്തണമെന്നാണ് എംടിവിയുടെ ആരാധകർ ആവശ്യപ്പെടുന്നത്.
1981ല്‍ യുഎസിലാണ് എംടിവി ആരംഭിക്കുന്നത്. പിന്നാലെ യുകെയിലും ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു. വൈകാതെ പോപ് കള്‍ച്ചറിനെ സ്വാധീനിക്കുന്ന നിലയിലേക്ക് ചാനല്‍ വളർന്നു. എന്നാല്‍, 15 വർഷം മുന്‍പ് തന്നെ എംടിവി സംഗീത പരിപാടികള്‍ വെട്ടിച്ചുരുക്കിയെന്നും ഇപ്പോള്‍ നമ്മള്‍ ആ ബ്രാന്‍ഡിന് വേണ്ടിയാണ് വിലപിക്കുന്നതെന്നും ഉള്ളടക്കത്തെ പ്രതിയല്ലെന്നും വിമർശിക്കുന്നവരെയും സമൂഹമാധ്യമങ്ങളില്‍ കാണാം. റിയാലിറ്റി ടിവിയെ പിന്തുടർന്ന് എംടിവി ജീവനൊടുക്കിയെന്നാണ് ഇവരുടെ വിമർശനം.
റിപ്പോർട്ടുകള്‍ പ്രകാരം, ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് യുകെയിലെ അഞ്ച് ചാനലുകള്‍ അടച്ചുപൂട്ടാന്‍ എംടിവി തീരുമാനിച്ചത്. ആഗോള ചെലവ് 500 മില്യൺ ഡോളർ കുറയ്ക്കാനാണ് പാരാമൗണ്ട് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ സംഗീതം ആസ്വദിക്കാന്‍ ചാനലുകളേക്കാള്‍ കൂടുതല്‍ യൂട്യൂബിനേയും മറ്റ് സ്ട്രീമിങ് ആപ്പുകളേയും ആശ്രയിക്കുന്നതും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്. ഓസ്‌ട്രേലിയ, പോളണ്ട്, ഫ്രാൻസ്, ബ്രസീൽ എന്നിങ്ങനെയുള്ള മറ്റ് രാജ്യങ്ങളിലും സമാനമായ അടച്ചുപൂട്ടലുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം, പാരാമൗണ്ട്+ വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും എംടിവി എന്ന ബ്രാന്‍ഡിന്റെ ഡിജിറ്റല്‍ സാന്നിധ്യം ഉറപ്പാക്കാന്‍ കമ്പനി ശ്രമിക്കും.