മലയാളി സിനിമയിലെ പാരഡിക്കഥ Source: News Malayalam 24X7
MUSIC

വയലാറിന്റെ ചക്രവര്‍ത്തിനിക്ക് ഭാസ്കരന്‍ മാസ്റ്ററിന്റെ അല്‍പ്പപ്രാണി, ഒരു കൊട്ട പൊന്ന് പൂവച്ചൽ ഖാദറിന് ഒരുകൊച്ചു ബീഡി

ഒരു മധുരക്കിനാവിൻ ലഹരിയിൽ... എന്ന പാട്ട് ഒരു പ്രണയക്കിനാവിൻ മരത്തിന്റെ ചുറ്റും മരണത്തിൻ പാച്ചിൽ പാഞ്ഞു... എന്നായി.

Author : എസ്. ഷാനവാസ്

തദ്ദേശ തെരഞ്ഞെടുപ്പിനിടെ പുറത്തിറങ്ങിയ, പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ടിന്റെ പാരഡിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോറ്റിയെ കേറ്റിയെ... എന്ന പാട്ട് യുഡിഎഫ് വൃത്തങ്ങളാണ് ഏറ്റുപാടിയത്. കേസ് വഴിതിരിഞ്ഞ് കോണ്‍ഗ്രസിലേക്ക് എത്തിയപ്പോള്‍ പോറ്റിയെ ജയിലില്‍ കേറ്റിയെ... എന്ന മറുപാരഡിയുമായി സിപിഐഎമ്മും രംഗത്തെത്തി. രണ്ട് മുന്നണികളെയും പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രനും ചൊല്ലി പുതിയൊരു പാരഡി. സ്വർണം കട്ടവർ ആരപ്പാ.. സഖാക്കളാണേ അയ്യപ്പ..., സ്വർണം വിറ്റത് ആർക്കപ്പാ...കോൺഗ്രസിനാണെ അയ്യപ്പാ... എന്നായിരുന്നു വരികള്‍. അങ്ങനെ ഒരു പാരഡി കേരള രാഷ്ട്രീയത്തിലിങ്ങനെ നിറഞ്ഞുനില്‍ക്കുമ്പോഴാണ്, മലയാള സിനിമയിലെ തന്നെ ചില ശ്രദ്ധേയ പാരഡികളെക്കുറിച്ച് ഓര്‍ത്തത്. പി. ഭാസ്കരന്‍ മാസ്റ്ററെയും പൂവച്ചല്‍ ഖാദറെയും പോലുള്ള പ്രതിഭകളാണ് പാരഡി എഴുതിയത്. അവര്‍ ഉപയോഗിച്ചതാകട്ടെ, വയലാര്‍ രാമവര്‍മയുടെയും, ബിച്ചു തിരുമലയുടെയുമൊക്കെ വരികളും.

1988ല്‍ പുറത്തിറങ്ങിയ ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന ചിത്രത്തിനായി ഒന്നിലധികം സിനിമാപ്പാട്ടുകളുടെ വരികള്‍ക്കാണ് ഭാസ്കരന്‍ മാസ്റ്റര്‍ പാരഡി എഴുതിയത്. വയലാര്‍ രാമവര്‍മ്മയുടെയും ബിച്ചു തിരുമലയുടെയും സൂപ്പര്‍ഹിറ്റ് പാട്ടുകളാണ് ഗാനമാലിക പോലെ ഒറ്റപ്പാട്ടായി മാറിയത്. ചെമ്പരത്തി എന്ന ചിത്രത്തിനായി വയലാര്‍ എഴുതി, ജി. ദേവരാജന്‍ ഈണമിട്ട് യേശുദാസ് പാടിയ ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു... എന്ന പാട്ട് ഭാസ്കരന്‍ മാസ്റ്റര്‍ 'ചക്രവർത്തിനീ നിനക്കുവേണ്ടിയെൻ ചക്രമൊക്കെ ഞാൻ തീർത്തു... അൽപപ്രാണിയായ് അടുത്തു വന്നു ഞാൻ സ്വൽപം പ്രേമം നീ എനിക്ക് തരൂ... എന്നാണ് എഴുതിയത്.

1965ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചിത്രത്തിനായി വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ പി. സുശീല പാടിയ പ്രിയതമാ... പ്രിയതമാ... പ്രണയലേഖനം എങ്ങനെയെഴുതണം... എന്ന പാട്ട് ഭാസ്കരന്‍ മാസ്റ്ററുടെ രചനയില്‍ പ്രിയതമേ... പ്രിയതമേ... പ്രണയലേഖനം എങ്ങനെയെഴുതും നിയമപാലകനല്ലോ...ഞാനൊരു നിയമപാലകനല്ലോ എന്നായി മാറി. വയലാര്‍-സലില്‍ ചൗധരി കൂട്ടുകെട്ടില്‍ പിറന്ന ചെമ്മീനിലെ ചെമ്മീനിലെ പുത്തന്‍വലക്കാരെ... ചാകര.. ചാകര.. കടപ്പുറത്ത് ചാകര... എന്ന പാട്ടിന് ചാകണം ഈ കടപ്പുറത്ത്... ദുഃഖിതരായ് നാം ചാകണം... ചാകണം.. നാം ചാകണം... നാം ചാകണം എന്നാണ് വരികളൊരുങ്ങിയത്.

1984ല്‍ പുറത്തിറങ്ങിയ കാണാമറയത്ത് എന്ന ചിത്രത്തിനായി ബിച്ചു തിരുമല രചിച്ച് ശ്യാം ഈണമിട്ട ഒരു മധുരക്കിനാവിൻ ലഹരിയിൽ... എന്ന പാട്ട് ഒരു പ്രണയക്കിനാവിൻ മരത്തിന്റെ ചുറ്റും മരണത്തിൻ പാച്ചിൽ പാഞ്ഞു... എന്നിട്ടാളുകൾ കാണാതിങ്ങനെ ഞാനൊന്ന് ഞോണ്ടി... ഞാനോമനേ... മയിലേ... ഞാനോമനേ എന്ന രസികന്‍ വരികളിലേക്കാണ് ഭാസ്കരന്‍ മാസ്റ്റര്‍ മാറ്റിയത്.

(ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ...)

ചക്രവര്‍ത്തിനീ നിനക്കുവേണ്ടിയെന്‍

ചക്രമൊക്കെ ഞാന്‍ തീര്‍ത്തു

അല്‍പ്പപ്രാണിയായ് അടുത്ത് വന്നു ഞാന്‍

സ്വല്‍പ്പം പ്രേമം നീ എനിക്ക് തരൂ...

(പ്രിയതമാ... പ്രിയതമാ... പ്രണയലേഖനം...)

പ്രിയതമേ ...പ്രിയതമേ ...

പ്രണയലേഖനം എങ്ങനെയെഴുതും

നിയമപാലകനല്ലോ ഞാനൊരു

നിയമപാലകനല്ലോ

ആമം വയ്ക്കും കൈയ്യുകളാലിവന്‍

പ്രേമ മുരളികയെങ്ങിനെയൂതും

മീശ വിറയ്ക്കും ചുണ്ടുകളാലെന്‍

ആശ തന്‍ കഥയെങ്ങനെ ചൊല്ലും

നാഥേ ......

(ഒരു മധുരക്കിനാവിൻ ലഹരിയിൽ...)

ഒരു പ്രണയക്കിനാവിന്‍ മരത്തിന്റെ ചുറ്റും

മരണത്തിന്‍ പാച്ചില്‍ പാഞ്ഞു

എന്നിട്ടാളുകള്‍ കാണാതിങ്ങനെ ഞാനൊന്ന് ഞോണ്ടി

ഞാനോമനേ ....മയിലേ...ഞാനോമനേ ....

(പുത്തന്‍വലക്കാരെ... ചാകര.. ചാകര.. കടപ്പുറത്ത് ചാകര...)

ചാകണം ...ഈ കടപ്പുറത്ത്

ദുഃഖിതരായ് നാം ചാകണം

ചാകണം നാം ചാകണം

നാം ചാകണം ....

ഇന്നല്ലോ വഞ്ചകി നിന്നുടെ വന്‍ കല്യാണം

ഇന്നല്ലോ പപ്പുവിന്‍ വീട്ടില്‍ പൊന്‍ തിരുവോണം

ചാകണം ...ഈ കടപ്പുറത്ത്

ദുഃഖിതരായ് നാം ചാടണം

ചാകണം നാം ചാകണം

നാം ചാകണം ....അയ്യോ ചാകണം ...

ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു, മാള അരവിന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രസി മള്ളൂരാണ് ലൂസ് ലൂസ് അരപ്പിരി ലൂസ് സംവിധാനം ചെയ്തത്. കോമഡിയില്‍ മൂവരും മത്സരിച്ച് അഭിനയിച്ച ചിത്രം. ജഗതി, പപ്പു, മാള എന്നിവര്‍ക്കൊപ്പം ബിന്ദു ഘോഷും സ്ക്രീനിലെത്തുന്ന സീനിലാണ് പാട്ട് ഉപയോഗിച്ചിരിക്കുന്നത്. വരികള്‍ക്കൊത്തവിധം വളരെ രസകരമായി തന്നെയാണ് സീനുകളും ഒരുക്കിയിരിക്കുന്നത്. സതീഷ് ബാബുവും വിന്‍സന്റ് ഗോമസും ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

മറ്റുള്ളവരുടെ വരികള്‍ക്കു മാത്രമല്ല, സ്വന്തം വരികള്‍ക്കും ഭാസ്കരന്‍ മാസ്റ്റര്‍ പാരഡി എഴുതിയിട്ടുണ്ട്. 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലെ ബാബുരാജിന്റെ ഈണത്തില്‍ എസ്. ജാനകി പാടിയ പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ (പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ എന്ന പാട്ടുമുണ്ട്) എന്ന സ്വന്തം വരികള്‍ക്ക് പൊട്ടിത്തകർന്ന കിനാവുകൾ കൊണ്ടിതാ.. കെട്ടിത്തൂങ്ങാൻ കയർ കെട്ടി എന്നാണ് ഭാസ്കരന്‍ മാസ്റ്റര്‍ പാരഡി ചമച്ചത്. 1972ല്‍ എ.എസ്. നാഗരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാല്യപ്രതിജ്ഞ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു പാരഡി. സി.ഒ. ആന്റോ, ജെ.എം. രാജു എന്നിവരായിരുന്നു പാട്ടുകാര്‍.

ഇത്രയും പാരഡികള്‍ എഴുതിയ ഭാസ്കരന്‍ മാസ്റ്ററുടെയും, യൂസഫലി കേച്ചേരിയുടെയും വരികള്‍ക്ക് പൂവച്ചല്‍ ഖാദറും പാരഡി എഴുതിയിട്ടുണ്ട്. മൂടുപടം എന്ന ചിത്രത്തിനായി യൂസഫലി കേച്ചേരി എഴുതി ബാബുരാജ് പാടിയ മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തീ..., കാര്‍ത്തിക എന്ന ചിത്രത്തിനായി യേശുദാസ് പാടിയ പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍..., ഭാസ്കരന്‍ മാസ്റ്റര്‍ തച്ചോളി ഒതേനന്‍ എന്ന ചിത്രത്തിനായി എഴുതി, ജാനകി പാടിയ അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി..., കുട്ടിക്കുപ്പായത്തില്‍ എല്‍.ആര്‍. ഈശ്വരിയും സംഘവും പാടിയ ഒരു കൊട്ട പൊന്നുണ്ടല്ലോ... എന്നിങ്ങനെ ബാബുരാജ് ഈണമിട്ട പാട്ടുകളുടെ വരികള്‍ക്കാണ് ഒരു ചില്ലിക്കാശുമെനിക്കു കിട്ടിയതില്ലല്ലോ... എന്ന് പൂവച്ചൽ ഖാദര്‍ പാരഡി എഴുതിയത്. 1973ല്‍ പുറത്തിറങ്ങിയ ചുഴി എന്ന ചിത്രത്തിനായി എഴുതിയ വരികള്‍ ഈണമിട്ട് പാടിയത് ബാബുരാജ് തന്നെയായിരുന്നു.

(മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തീ)

ഒരു ചില്ലിക്കാശുമെനിക്കു കിട്ടിയതില്ലല്ലോ

വെയിലിൽ നടന്നുമിരുന്നുമിന്നു തളർന്നല്ലല്ലോ

വയറിൽ വിശപ്പിന്റെ പത്താമുത്സവമാണല്ലോ

വരളുന്ന ചുണ്ടു നനയ്ക്കാനും വഴിയില്ലല്ലോ

(അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി)

തെയ്‌തോം തെയ്യത്തോം തെയ്‌തോം തെയ്യത്തോം

സിന്ദൂരപ്പൊട്ടു കുത്തി തത്തമ്മക്കൂടിളക്കി

കൊഞ്ചിക്കുഴഞ്ഞുലഞ്ഞു വരുന്നതാരോ

ബസ്റ്റോപ്പിലെത്തുംനേരം പൂവാലന്മാർക്കു നൽകാൻ

മുട്ടായിച്ചിരിയുമായി വരുന്നതാരോ

(പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍...)

ചായക്കടയിൽ വെച്ചിന്നലെ കണ്ടപ്പോൾ

കാണാത്ത മട്ടിലിരുന്നവൻ - എന്നെ

കാണാത്ത മട്ടിലിരുന്നവൻ

പാതിരാനേരത്തു പിന്നെ ഞാൻ കണ്ടപ്പോൾ

ലോഹ്യം പറയുവാൻ വന്നവൻ ഒരു

ലോഹ്യം പറയുവാൻ വന്നവൻ

(ഒരു കൊട്ട പൊന്നുണ്ടല്ലോ...)

ഒരുകൊച്ചു ബീഡിവലിയ്ക്കാൻ ചായകുടിക്കാൻ

കാശുതേടി അലയുമ്പോൾ

എന്റെ മുന്നിൽ വന്നൊരു കുഞ്ഞാലീ

ഒരു ചായക്കെനിക്ക് നീ പൈസ തരാണ്ടു പോയിടല്ലേ

അകലത്തേ നാട്ടിൽ നിന്നും വന്നൊരു കുഞ്ഞാലീ

SCROLL FOR NEXT