കൊച്ചി: ദുൽഖർ സൽമാൻ നായകനാവുന്ന 'ഐ ആം ഗെയിം' സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ സന്തോഷത്തിൽ പാട്ടു പാടി നടനും സംവിധായകനുമായ മിഷ്കിൻ. സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷം അണിയറ പ്രവർത്തകർക്കൊപ്പം പാട്ടു പാടി ആഘോഷിക്കുന്ന മിഷ്കിന്റെ വീഡിയോ സംവിധായകൻ നഹാസ് ഹിദായത്താണ് പങ്കുവച്ചത്. 'മുരട്ടു കാളൈ' എന്ന ചിത്രത്തിൽ ഇളയരാജ ഈണമിട്ട 'എന്ത പൂവിലും വാസമുണ്ട്' എന്ന ഗാനമാണ് മിഷ്കിൻ മനോഹരമായി ആലപിച്ചത്.
"ഹൃദയസ്പർശിയായ ഒരു പാട്ടോടെ 'ഐ ആം ഗെയിമി'ലെ തന്റെ ഭാഗങ്ങൾ മിഷ്കിൻ സർ പൂർത്തിയാക്കി. അദ്ദേഹത്തെ ഡയറക്ട് ചെയ്യാൻ സാധിച്ചത് ഒരു വലിയ ബഹുമതിയായി കരുതുന്നു. സമാനതകളില്ലാത്ത ഒരു അനുഭവമായിട്ടാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ കരുത്തുറ്റ കഥാപാത്രത്തെ ഉടനെ നിങ്ങളെ ഞങ്ങൾ കാണിക്കും," എന്ന് കുറിച്ചുകൊണ്ടാണ് നഹാസ് വീഡിയോ പങ്കുവച്ചത്.
2026 ഓണം റിലീസായിട്ടാണ് 'ഐ ആം ഗെയിം' തിയേറ്ററുകളിലേക്ക് എത്തുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.
ദുൽഖർ സൽമാന്റെ 40ാം ചിത്രമായാണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. 'കബാലി', 'കെജിഎഫ് സീരിസ്', 'കൈതി', 'വിക്രം', 'ലിയോ', 'സലാർ' എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് ആണ് 'ഐ ആം ഗെയി'മിനു വേണ്ടി സംഘട്ടനം ഒരുക്കുന്നത്. 'ആർഡിഎക്സ്' എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ് ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'ഐ ആം ഗെയിം'. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ