ഫ്ലീബാഗ്  Source : News Malayalam 24x7
OTT

ഫ്ലീബാ​ഗ് ഫോർത്ത് വാൾ ബ്രേക്ക് ചെയ്തപ്പോൾ

ഫ്ലീബാഗിനെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അവള്‍ ഇത്രയും ട്രോമയിലൂടെയാണ് കടന്ന് പോകുന്നതെന്ന് മനസിലാവില്ല. കാരണം അവള്‍ അതെല്ലാം മറച്ചു പിടിക്കുന്നത് തമാശയിലൂടെയാണ്. എല്ലാം അവള്‍ക്ക് തമാശയാണ്.

Author : പ്രിയങ്ക മീര രവീന്ദ്രന്‍

"I just think I want someone to tell me how to live my life, Father, because so far I think I've been getting it wrong." ഒരു തരത്തില്‍ പറഞ്ഞാല്‍ അവള്‍ നമ്മള്‍ എല്ലാവരിലും ഉണ്ട്. അല്ലെങ്കില്‍ അവള്‍ എവിടിയൊക്കെയോ നമ്മള്‍ തന്നെയാണ്....

ഫീബി വാലര്‍ ബ്രിഡ്ജിന്റെ ഫ്ലീബാഗ് എന്ന സീരീസ് പറയുന്നത് പെര്‍ഫെക്ട് അല്ലാത്ത ഫ്‌ളോടായ, ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ പാടുപെടുന്ന ഒരു സ്ത്രീയെ കുറിച്ചാണ്. 2016ല്‍ ബിബിസിയില്‍ റിലീസ് ചെയ്ത ഫ്‌ളീബാഗ് 'ദ പെര്‍ഫെക്ട് ആന്‍ഡ് ഇന്റിപെന്‍ഡന്റ് യങ് വുമണ്‍' എന്ന കണ്‍സെപ്ടിനെ അല്ലായിരുന്നു പ്രേക്ഷകരിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ കാലഘട്ടത്തിലെ മികച്ച ഫെമിനിസ്റ്റ് കഥാപാത്രങ്ങളിലൊന്നാണ് ഫ്ലീബാഗെന്ന് നമുക്ക് നിസംശയം പറയാവുന്നതാണ്.

നമുക്ക് ആ പേരില്‍ നിന്ന് തന്നെ തുടങ്ങാം. കേന്ദ്ര കഥാപാത്രത്തിന്റെ പേര് തന്നെയാണ് ഷോയുടെയും പേര്. 'fleabag'! എന്താണ് ഫ്ലീബാഗ്? A dirty or a shabby person. അല്ലെങ്കില്‍ a person who looks poor and does not take care of their appearance. ഇതാണ് ഫ്ലീബാഗ് എന്ന വാക്കിന്റെ ഡെഫനിഷന്‍.

ഫീബി വാലര്‍ ബ്രിഡ്ജിന്റെ ഫ്ലീബാഗും അങ്ങനെ തന്നെയാണ്. അവളെ നമുക്ക് എല്ലായ്‌പ്പോഴും ഇഷ്ടപ്പെടണം എന്നില്ല. എല്ലായ്‌പ്പോഴും അവള്‍ കോണ്‍ഫിഡന്റോ ഓണസ്‌റ്റോ അല്ല. അവള്‍ സ്വന്തം പ്രശ്‌നങ്ങളില്‍ കിടന്ന് ഉഴലുകയാണ്. നടുക്കടലില്‍ കിടന്ന് നീന്തുന്നത് പോലെ. എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയാണ് അവള്‍ക്ക് മിക്കപ്പോഴും.

ലണ്ടണില്‍ ഒരു കഫേ ഓണര്‍ ആയ ഫ്ലീബാഗ് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അവളുടെ കഫേ ലാഭത്തില്‍ അല്ല പോകുന്നത്. ഫ്‌ളീബാഗും സുഹൃത്ത് ബൂവും കൂടി ആരംഭിച്ച കഫേയാണത്. എന്നാല്‍ ബൂ മരിച്ചതോടെ ഫ്ലീബാഗിന് ആ കഫേ ഒറ്റയ്ക്ക് നടത്തേണ്ടി വരുകയാണ്. പിന്നെ അവള്‍ക്ക് കൂട്ടായി ബൂ വളര്‍ത്തിയിരുന്ന ഒരു ഗിനി പിഗ്ഗുമുണ്ട്. സുഹൃത്തിന്റെ ആത്മഹത്യയുടെ ട്രോമയാണ് ഫ്ലീബാഗിന്റെ ജീവിതത്തെ ആകെ താറുമാറാക്കിയത്. അവളുടെ ലോകമായിരുന്നു ബൂ എന്ന് തന്നെ പറയാം. പക്ഷെ ഫ്ലീബാഗ് ചെയ്ത ഒരു തെറ്റിന്റെ പേരിലാണ് ബൂ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. അത് അവളെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞു.

എന്നാല്‍ ഫ്ലീബാഗിനെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അവള്‍ ഇത്രയും ട്രോമയിലൂടെയാണ് കടന്ന് പോകുന്നതെന്ന് മനസിലാവില്ല. കാരണം അവള്‍ അതെല്ലാം മറച്ചു പിടിക്കുന്നത് തമാശയിലൂടെയാണ്. എല്ലാം അവള്‍ക്ക് തമാശയാണ്. ഇനിയിപ്പോള്‍ കുടുംബത്തിന്റെ സഹായം തേടാം എന്ന് കരുതിയാല്‍ അതും അവള്‍ക്കൊരു ഓപ്ഷന്‍ അല്ല. കാരണം അമ്മ മരിച്ച ശേഷം അച്ഛന്‍ മറ്റൊരു സ്ത്രീയുമായാണ് ജീവിക്കുന്നത്. അവര്‍ക്കാണെങ്കില്‍ ഫ്ലീബാഗിനെ ഇഷ്ടമല്ല. അച്ഛന്‍ ഒരു തരത്തിലും അറ്റാച്‌മെന്റ് കണിക്കാത്ത വ്യക്തിയാണ്. പിന്നെയുള്ള ചേച്ചി സപ്പോര്‍ട്ടീവാണെങ്കിലും ആദ്യം ചീത്ത വിളിച്ച ശേഷമെ അവര്‍ ഫ്ലീബാഗിനോട് സംസാരിക്കുകയുള്ളു. അതെ അത് താറുമാറായി കിടക്കുന്ന ഒരു കുടുംബമാണ്.

അപ്പോള്‍ പിന്നെ ഫ്ലീബാഗിന്റെ ഏക രക്ഷപ്പെടല്‍ എന്ന് പറയുന്നത്, സെക്‌സ് ആണ്. ബോയ്ഫ്രണ്ട് ഉണ്ടായിരുന്നപ്പോള്‍, അയാളുടെ കമ്മിറ്റ്‌മെന്റും ഇമോഷണല്‍ അറ്റാച്ച്‌മെന്റും താങ്ങാനാവാതെ അവള്‍ കിടന്ന് പാടുപെടുന്നത് പ്രേക്ഷകര്‍ക്ക് മനസിലാകും. പിന്നീടൊരു പോയന്റില്‍ ആ ബന്ധം ഇല്ലാതാകുകയും ചെയ്യുന്നു. ഫ്ലീബാഗ് സെക്‌സ് ചെയ്യുന്നത് ഒരിക്കലും പ്രണയം തോന്നിയിട്ടല്ല, മറിച്ച് അത് അവളുടെ ഒരു ആവശ്യമാണ്. ഇനിയിപ്പോള്‍ ആരും ഇല്ലെങ്കില്‍ അവള്‍ മാസ്റ്റുബേറ്റ് ചെയ്യും. അവള്‍ക്ക് റിയാലിറ്റിയില്‍ നിന്നും മാറി നില്‍ക്കണം. അത്ര മാത്രം. ആദ്യ സീസണ്‍ തുടങ്ങുന്നത് തന്നെ അത്തരത്തില്‍ ഒരു സെക്‌സ് സീനില്‍ നിന്നാണ്. പിന്നെ അവള്‍ ആ സെക്ഷ്വല്‍ ഇന്റിമസി ആഗ്രഹിക്കുന്നുമുണ്ട്. ജീവിതത്തില്‍ ആളുകളുമായുള്ള ഇന്റിമസി അവള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അത് സെക്‌സിലൂടെ തിരിച്ചുപിടിക്കാന്‍ കൂടിയാണ് അവള്‍ ശ്രമിക്കുന്നത്.

സീരീസിനെയും ഫ്ലീബാഗിനെയും കൂടുതല്‍ ഇന്‍ട്രസ്റ്റിംഗ് ആക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ദ ഫോര്‍ത്ത് വാള്‍ ബ്രേക്കിംഗ്. സീരീസില്‍ ഉടനീളം ഫ്ലീബാഗ് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് പ്രേക്ഷകരോടാണ്. ആദ്യം പറഞ്ഞ സെക്‌സ് സീനുകളില്‍ പോലും അവള്‍ അവളുടെ ചിന്തകള്‍ നമ്മളുമായി പങ്കുവെക്കും. അതും ഒരു തരത്തില്‍ അവളുടെ രക്ഷപ്പെടല്‍ തന്നെയാണ്. അവളുടെ ചിന്തകളില്‍ നിന്നും സീരീസിലുടനീളം പ്രേക്ഷകന് ഒരു രക്ഷപ്പെടല്‍ സാധ്യമല്ല. നമ്മള്‍ എപ്പോഴും അവളുടെ മനസും ആത്മാവും അടുത്തറിയുന്നവരായിരിക്കും.

ആദ്യ സീസണില്‍ നിന്നും രണ്ടാമത്തെ സീസണിലേക്ക് എത്തുമ്പോള്‍ ഫ്ലീബാഗിന്റെ ക്യാരക്ടര്‍ ആര്‍ക്കില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. രണ്ടാമത്തെ സീസണില്‍ അവള്‍ വള്‍ണറബിളും ഓണസ്റ്റുമാണ്. അത് പ്രേക്ഷകരോട് മാത്രമല്ല മറിച്ച് അവളോട് തന്നെ.

ഫ്ലീബാഗും കുടുംബവും ഒരുമിച്ചുള്ള ഒരു ഡിന്നറില്‍ നിന്നാണ് സീസണ്‍ ആരംഭിക്കുന്നത്. അവളുടെ കഥാപാത്രം അപ്പോഴേക്കും ആളുകളില്‍ നിന്നും സ്വയ രക്ഷയ്ക്കായി ഒരു മതില്‍ കെട്ടിപ്പടുത്തിട്ടുണ്ട്. അത് കുടുംബത്തിന് അടുത്തും റൊമാന്റിക് ബന്ധങ്ങളിലുമെല്ലാം കാണാന്‍ സാധിക്കും. എന്നാല്‍ കാണികളോട് അവള്‍ ഒന്നുകൂടി അടുത്തിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ അവളുടെ സുഹൃത്തുക്കള്‍ കൂടിയാണ്.

ഫാമിലി ഡിന്നറില്‍ വെച്ചാണ് പ്രേക്ഷകര്‍ 'ദ ഹോട്ട് പ്രീസ്റ്റി'നെ പരിചയപ്പെടുന്നത്. ഫ്ലീബാഗിന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട വ്യക്തി. ഫാമിലി ഡിന്നറില്‍ അപരിചിതരായി മെല്ലെ മെല്ലെ പരിചയപ്പെട്ടു തുടങ്ങി പിന്നീട് നല്ല സുഹൃത്തുക്കളും അതിന് അപ്പുറവും ആയി മാറുന്നുണ്ട് അവര്‍. അയാള്‍ക്ക് ദൈവമാണ് എല്ലാം. എന്നാല്‍ ഫ്ലീബാഗിന് ദൈവത്തില്‍ വിശ്വാസമില്ല. ഈ വൈരുദ്ധ്യം തന്നെയാണ് അവരുടെ ബന്ധത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

സീരീസ് മുന്നോട്ട് പോകും തോറും അവര്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ ആഴത്തിലേക്ക് പോകുന്നു. ഫ്ലീബാഗ് ഹോട്ട് പ്രീസ്റ്റിനോടുള്ള ആരാധന മൂലം ബൈബിള്‍ വായിക്കുകയും ദൈവം അയാള്‍ക്ക് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പിന്നെ അയാളെ കാണാനായി അവള്‍ ചര്‍ച്ചില്‍ പോവുകയും അവിടുത്തെ കമ്മ്യൂണിറ്റി പരിപാടികളുടെ ഭാഗമാവുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ അവള്‍ എത്രമാത്രം അവളുടെ സ്വഭാവത്തിലെ മാറ്റത്തെയും വള്‍ണറബിലിറ്റിയെയും സ്വീകരിക്കുന്നുണ്ടെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകും.

ഫ്ലീബാഗ് നമ്മളോട് സംസാരിക്കുമ്പോള്‍ മറ്റൊരു കഥാപാത്രവും അത് അറിഞ്ഞിരുന്നില്ല. എന്നാല്‍ പ്രീസ്റ്റ് അങ്ങനെയല്ല. അവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ നിന്നും ഫ്ലീബാഗ് അപ്രത്യക്ഷയാകുന്നത് അയാള്‍ക്ക് മനസിലാകുകയും അതിനെ ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്. അവളെ കൂടുതല്‍ അടുത്ത് അറിയാനാണ് പ്രീസ്റ്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഫ്ലീബാഗ് അതില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല. ഒരു നിമിഷത്തില്‍ അവര്‍ തമ്മില്‍ അതിന്റെ പേരില്‍ പ്രശ്‌നം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അന്ന് രാത്രി ഫ്ലീബാഗ് ചര്‍ച്ചിലെത്തി പ്രീസ്റ്റിനോട് കുമ്പസരിക്കും.

എന്താണ് ജീവിതത്തില്‍ നിന്നും ആഗ്രഹിക്കുന്നതെന്നാണ് അവള്‍ അയാളോട് പറയുന്നത്. "എല്ലാ ദിവസവും രാവിലെ എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ഇഷ്ടപ്പെടണം, എന്ത് വെറുക്കണം, എന്ത് കേള്‍ക്കണം, എന്ത് വിശ്വസിക്കണം എന്നെല്ലാം എന്നോട് പറയാന്‍ ആരെങ്കിലും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതം എങ്ങനെയാണ് മുന്നോട്ട് നയിക്കേണ്ടത് എന്ന് ആരെങ്കിലും എന്നോട് ഒന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ ഇതുവരെ ചെയ്തതെല്ലാം തെറ്റായിപ്പോയെന്നാണ് എനിക്ക് തോന്നുന്നത്", എന്നാണ് അവള്‍ പ്രീസ്റ്റിനോടായി പറയുന്നത്.

ഫ്‌ളീബാഗ് തീര്‍ത്തും ഒറ്റയ്ക്കാണ് ജീവിതത്തില്‍. സുഹൃത്തിന്റെയും അമ്മയുടെയും മരണം അവളെ തനിച്ചാക്കി. പിന്നീട് അവള്‍ക്ക് കിട്ടിയത് ഹോട്ട് പ്രീസ്റ്റിനെ ആയിരുന്നു. അയാളുമായി സെക്‌സ് ചെയ്യുന്നതിലൂടെ അവള്‍ക്ക് അയാളോട് പ്രണയവും വരുന്നുണ്ട്. അവള്‍ ആഗ്രഹിക്കുന്നുണ്ട്, ജീവിതത്തില്‍ അയാള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്. എന്നാല്‍ പ്രീസ്റ്റിന് അതിന് സാധിക്കുന്നില്ല. സീരീസിന്റെ അവസാനം അവള്‍ പ്രീസ്റ്റിനോട് തന്റെ പ്രണയം തുറന്ന് പറയുന്നുണ്ട്. പക്ഷെ അതും കടന്ന് പോകും എന്നാണ് പ്രീസ്റ്റ് അവളോട് പറയുന്നത്. അതെ "It Will Pass".

ചിലപ്പോള്‍ അതും കടന്ന് പോയേക്കാം. ചിലപ്പോള്‍ ഫ്ലീബാഗ് ഹാര്‍ട്ട്‌ബ്രോക്കണായി ജീവിതം തുടര്‍ന്നേക്കാം. എന്തായാലും സീരീസിന്റെ തുടക്കം പോലെയല്ല ഫ്ലീബാഗിപ്പോൾ. അവള്‍ക്ക് സ്വന്തം വികാരങ്ങളെ പേടിയില്ല. വള്‍ണറബിള്‍ ആകാന്‍ പേടിയില്ല. എക്‌സ്‌പ്രെസീവ് ആകാന്‍ പേടിയില്ല. അവള്‍ തീര്‍ച്ചായും ജീവിക്കുക തന്നെ ചെയ്യും.

SCROLL FOR NEXT