കൊച്ചി: മലയാളി താരം പാർവതി തിരുവോത്ത് നായികയായ തമിഴ് ചിത്രമാണ് 'മരിയാൻ'. ഭരത് ബാലയുടെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ധനുഷായിരുന്നു നായകൻ. സിനിമയിലെ പാർവതിയുടെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വേളയിൽ താൻ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് പാർവതി തിരുവോത്ത്.
കടൽ ഒരു പ്രധാന കഥാപശ്ചാത്തലമായി വന്ന ചിത്രമാണ് 'മരിയാൻ'. സിനിമയിൽ, കടലോരത്ത് പാർവതി പൂർണമായും വെള്ളത്തിൽ നനഞ്ഞിരിക്കുന്ന ഒരു പ്രണയരംഗമുണ്ട്. ഈ സീൻ ചിത്രീകരിക്കുമ്പോൾ അധിക വസ്ത്രം കയ്യിൽ കരുതാത്തതിനാൽ വസ്ത്രം മാറാൻ ഹോട്ടലിൽ പോകണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും അണിയറപ്രവർത്തകർ സമ്മതിച്ചില്ലെന്നാണ് നടി പറയുന്നത്. 50 പേരുള്ള സെറ്റില്‍ മൂന്ന് സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലൊക്കേഷനിൽ തന്റെ ആവശ്യങ്ങൾ അന്വേഷിക്കാൻ ആളുണ്ടായിരുന്നില്ല എന്നും നടി കൂട്ടിച്ചേർത്തു.
"ഞാൻ 'മരിയാൻ' എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നു. അതിൽ ഞാൻ പൂർണമായും വെള്ളത്തിൽ നനയുന്ന ഒരു രംഗമുണ്ടായിരുന്നു, നായകനൊപ്പമുള്ള ഒരു പ്രണയരംഗമായിരുന്നു അത്. വസ്ത്രം മാറാനായി ഞാൻ അധിക വസ്ത്രങ്ങളൊന്നും അന്ന് കരുതിയിരുന്നില്ല. എന്റെ ആവശ്യങ്ങൾ അന്വേഷിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ എനിക്ക് വസ്ത്രം മാറാൻ ഹോട്ടൽ മുറിയിലേക്ക് പോകണമെന്ന് പറയേണ്ടി വന്നു," പാർവതി പറയുന്നു. എന്നിട്ടും സിനിമയുടെ അണിയറപ്രവർത്തകർ ചിത്രീകരണം തുടർന്നു. ഒടുവിൽ തനിക്ക് ആർത്തവമാണെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതിന് ശേഷമാണ് വസ്ത്രം മാറാൻ പോകാൻ അവർ തന്നെ അനുവദിച്ചതെന്നും പാർവതി വെളിപ്പെടുത്തി.
തന്റെ മറുപടി കേട്ടപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് സിനിമയുടെ അണിയറപ്രവർത്തകർക്ക് അറിയില്ലായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതി ഈക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ഇതിന് മുൻപും സിനിമ സെറ്റുകളിലെ ദുരനുഭവങ്ങളേപ്പറ്റിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെപ്പറ്റിയും നടി മനസുതുറന്നിട്ടുണ്ട്.
'ഐ നോബഡി', 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്നിവയാണ് പാർവതിയുടെ വരാനിരിക്കുന്ന മലയാളം ചിത്രങ്ങൾ. കരിയറിൽ ആദ്യമായി പാർവതി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. 'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ഐ നോബഡി'യിൽ പൃഥ്വിരാജ് സുകുമാരന് ഒപ്പമാണ് നടി എത്തുന്നത്.