ന്യൂ ഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ വിവാദങ്ങളിൽ കുടുങ്ങിയ നടിയാണ് റിയ ചക്രവർത്തി. സുശാന്തിന്റെ മരണത്തോട് അനുബന്ധിച്ച് ലഹരി സംബന്ധ ചാർജുകൾ ചുമത്തി റിയയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നടി ജയിൽവാസവും അനുഭവിച്ചിരുന്നു. ഇതോടെ അഭിനയ രംഗത്ത് നിന്ന് മാറി നിന്നിരുന്ന നടി ഇപ്പോഴിതാ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
തന്റെ അഭിനയ ജീവിതം ഇനി മുന്നോട്ട് പോകില്ലെന്ന യാഥാർത്ഥ്യം ഒരു ഘട്ടത്തിൽ താൻ അംഗീകരിച്ചിരുന്നതായി റിയ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. "പത്ത് വർഷത്തിലേറെയായി ഞാൻ കണ്ട സ്വപ്നമായിരുന്നു അഭിനയം. അത് ഉപേക്ഷിക്കുക എന്നത് വലിയ പ്രയാസമായിരുന്നു. നിരവധി തെറാപ്പി സെഷനുകൾ ആവശ്യമായി വന്നു. എനിക്ക് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നില്ല, അതിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ എനിക്ക് നിർത്തേണ്ടി വന്നു," നടി പറയുന്നു. എന്നാൽ, താൻ ഇപ്പോഴും സ്നേഹത്തിൽ വിശ്വസിക്കുന്നുവെന്നും സ്നേഹം അതിശക്തമാണെന്നും റിയ കൂട്ടിച്ചേർത്തു. താൻ അനുഭവിച്ച വെല്ലുവിളികൾക്കിടയിലും ജീവിതത്തോട് വിദ്വേഷം പുലർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും റിയ ചക്രവർത്തി വ്യക്തമാക്കി.
പ്രമുഖ ബോളിവുഡ് സംവിധായകൻ ഹൻസൽ മേത്തയുടെ 'ഫാമിലി ബിസിനസ്' എന്ന പുതിയ വെബ് സീരീസിലുടെയാണ് റിയ അഭിനയരംഗത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നത്. അഭിനയം അവസാനിപ്പിക്കാൻ തീരുമാനിച്ച തന്നെ സംവിധായകനും എഴുത്തുകാരനുമാണ് തിരികെവരാൻ പ്രേരിപ്പിച്ചതെന്ന് റിയ പറയുന്നു. ഫെബ്രുവരി മൂന്നിനാണ് ഹൻസൽ മേത്തയുടെ സീരീസ് നെറ്റ്‌ഫ്ലിക്സ് പ്രഖ്യാപിച്ചത്. വിജയ് വർമ, അനിൽ കപൂർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആകാശ് ഖുറാന, നേഹ ധൂപിയ, അനന്ത് നാഗ്, കൻവൽജിത്ത് സിംഗ്, ധ്രുവ് സെഗാൾ, നന്ദീഷ് സന്ധു, ടീന ദേശായി, രോഹൻ മെഹ്റ, കമൽ സദാന, റൈമ സെൻ, ഇനായത് സൂദ്, മധു ഷാ എന്നിവരാണ് മറ്റ് താരങ്ങൾ. സീരിസിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.
2020 ജൂൺ 14നാണ് മുംബൈയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 34ാം വയസിലുണ്ടായ നടന്റെ മരണം സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചു. റിയ സുശാന്തുമായി ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് വരെ അതേ വീട്ടിലായിരുന്നു റിയ താമസിച്ചിരുന്നത്, അതിനുശേഷമാണ് സ്വന്തം വീട്ടിലേക്ക് മാറിയത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ നടന്റെ കുടുംബം വിവിധ ആരോപണങ്ങൾ ഉന്നയിച്ച് റിയയ്ക്ക് എതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. സുശാന്തിന് കഞ്ചാവ് എത്തിച്ചുനൽകി എന്ന കുറ്റത്തിന് 2020 സെപ്റ്റംബർ എട്ടിന് എൻസിബി റിയയെ അറസ്റ്റും ചെയ്തു. ഏകദേശം ഒരു മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ നടിക്ക് ഒക്ടോബർ ഏഴിനാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒടുവിൽ, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം മുംബൈ പൊലീസിൽ നിന്ന് ഏറ്റെടുത്ത സിബിഐ റിയയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.