ഓസ്കാർ ജേതാവ് അലഹാന്ദ്രോ ഗോൺസാലസ് ഇനാരിത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഡിഗ്ഗർ' റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ രണ്ടിനാണ് ചിത്രം ഇന്ത്യയിൽ റിലീസ് ആകുന്നത്. ടോം ക്രൂസ് പ്രധാന വേഷത്തിൽ എത്തുന്ന ഡാർക്ക് കോമഡി ചിത്രത്തിൽ ഓസ്കാർ ജേതാവായ റിസ് അഹമ്മദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നടന്മാരായ ഫഹദ് ഫാസിലിനേയും വീർ ദാസിനേയും ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ, ഒടുവിൽ നറുക്ക് വീണത് റിസ് അഹമ്മദിനാണ്.
ടോം ക്രൂസ് അവതരിപ്പിക്കുന്ന എണ്ണ വ്യവസായിയുടെ മുഖ്യ ഉപദേഷ്ടാവും ശാസ്ത്രജ്ഞനുമായ 'ഗണേഷ്' എന്ന കഥാപാത്രത്തെയാണ് റിസ് അഹമ്മദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അടുത്തിടെ 'സ്‌ക്രീനി'ന് നൽകിയ അഭിമുഖത്തിൽ, തനിക്ക് മുൻപിൽ ഈ വേഷത്തിനായി പരിഗണിക്കപ്പെട്ടിരുന്ന വീർ ദാസിനോടും ഫഹദ് ഫാസിലിനോടും എന്താണ് പറയാനുള്ളതെന്ന് റിസിനോട് ചോദിക്കുകയുണ്ടായി. റിസിന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
“സോറി. നിങ്ങളുടെ മികച്ച പ്രകടനങ്ങൾക്ക് നന്ദി, നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നായിരുന്നു നടന്റെ മറുപടി.
മുൻപ് ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇനാരിത്തു പടം വേണ്ടെന്ന് വച്ചുവെന്ന് ഫഹദ് വെളിപ്പെടുത്തിയത്. ഉച്ചാരണ ശൈലിയിലെയും യുഎസിലേക്ക് താമസം മാറുന്നതിലെ ബുദ്ധിമുട്ടും കാരണം ഇനാരിത്തുവിന്റെ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് ഫഹദ് പറഞ്ഞത്. ഫഹദ് സിനിമയുടെ ഓഡിഷൻ ഘട്ടത്തിലേക്ക് കടന്നിരുന്നില്ല. സംവിധായകനുമായി പ്രാഥമിക ഘട്ടമെന്ന നിലയ്ക്ക് ഒരു വീഡിയോ കോളിൽ സംസാരിക്കുക മാത്രമായിരുന്നു. എന്നാൽ, 'ഡിഗ്ഗർ' ഓഡിഷൻ സ്റ്റേജിലേക്ക് എത്തിയ വ്യക്തിയാണ് നടനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ വീർ ദാസ്.
'ഡിഗ്ഗറി'നായി രണ്ട് ഓഡിഷനുകൾ നൽകിയതായാണ് സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ വീർ എക്സിൽ കുറിച്ചത്. ബ്രിട്ടീഷ് നടൻ റിസ് അഹമ്മദിനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തപ്പോൾ താൻ നിരാശനായെന്നും കുറിച്ച വീർ പിന്നീട് ഈ പോസ്റ്റ് പിൻവലിച്ചു.