ശ്രീനിവാസനെ ആജീവനാന്തം എഴുതി അഭിനിയിച്ചു കാണിച്ചയാൾ എന്നു വിശേഷിപ്പിക്കാം. നാൽപത് സിനിമയ്ക്കു കഥയും തിരക്കഥയും എഴുതിയ ശ്രീനിവാസൻ എല്ലാത്തിലും അഭിനയിക്കുകയും ചെയ്തു. സിനിമയ്ക്കു വേണ്ടിയുള്ള ജന്മം എന്നു സ്വയം പ്രഖ്യാപിച്ചാണ് ശ്രീനിവാസൻ കോളേജ് പഠനം കഴിഞ്ഞ് മദിരാശിലേക്ക് വണ്ടികയറിയത്. പിന്നെ സിനിമയല്ലാതെ മറ്റൊന്നും ആ ചിന്തകളിലും പ്രവൃത്തികളിലും ഉണ്ടായിരുന്നില്ല.
ആഗോള സിനിമാ ചരിത്രത്തിൽ ആദ്യമായി, അങ്ങനെ തളത്തിൽ ദിനേശൻ അഭ്രപാളികളിലേക്ക് കടന്നുവന്നു. 1989ൽ കേരളത്തിലെ മതിലുകളായ മതിലുകളിലെല്ലാം ഈ വാചകവുമായാണ് വടക്കുനോക്കി യന്ത്രം വന്നു നിറഞ്ഞത്. കേമത്വമുള്ള നായക സങ്കൽപ്പങ്ങളെല്ലാം തിരുത്തി വന്ന ആ സിനിമ അടിമുടി പുതുമയുടേതായിരുന്നു. എന്തിനേയും സംശയത്തോടെ കാണുന്ന മലയാളി സംശയരോഗത്തിന് ഉത്തരം തേടി തിയേറ്ററുകളിലേക്ക് ഇരച്ചെത്തി. ഏതു രോഗം മാറിയാലും സംശയം മാത്രം തീരാത്ത മലയാളിയെ കണ്ട് അവർ മടങ്ങിപ്പോയി.
തളത്തിൽ ദിനേശൻ്റെ തുടർച്ചയായിരുന്നു മച്ചകത്തമ്മയെ കാൽതൊട്ടുവന്ദിച്ചു ശബരിമലയ്ക്കുപോയ വിജയനും. വടക്കുനോക്കിയന്ത്രം മലയാളി പുരുഷന്മാരുടെ സംശയരോഗത്തെ ഇഴകീറിയപ്പോൾ ചിന്താവിഷ്ടയായ ശ്യാമള പിടിപ്പുകേടുകളെ തുറന്നുകാണിക്കുകയും ചെയ്തു. മലയാളി സ്ത്രീജീവിതത്തിന് ശ്രീനിവാസൻ നൽകിയ ആദരവായിരുന്നു സംവിധാനം ചെയ്ത രണ്ടു സിനിമകളും.
കൂത്തുപറമ്പ് പാട്യത്ത് ഉണ്ണിയുടേയും ലക്ഷ്മിയുടേയും മകനായാണ് ശ്രീനിവാസൻ്റെ ജനനം. കതിരൂർ സ്‌കൂളിലും മട്ടന്നൂർ പഴശ്ശിരാജാ കോളജിലുമായിട്ടായിരുന്നു പഠനം. കോളജിൽ നിന്ന് നേരേ മദിരാശിയിലേക്കുള്ള സ്വയം പറിച്ചുനടൽ. അവിടെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠിയായി സാക്ഷാൽ രജനീകാന്ത്. പഠിത്തം കഴിഞ്ഞിറങ്ങിയ ശ്രീനിവാസൻ്റെ ആദ്യ ചിത്രം പി. എ. ബക്കറിൻ്റെ മണിമുഴക്കമായിരുന്നു
ആദ്യമായി തിരക്കഥ എഴുതിയ ചിത്രം ഒടരുതമ്മാവാ ആളറിയാം എന്നതായിരുന്നു. അന്നൊക്കെ ഡബ്ബിങ് ആർട്ടിസ്റ്റിന്‌റെ ജോലി കൂടി ശ്രീനിവാസൻ ചെയ്തിരുന്നു. കെ. ജി. ജോർജിൻ്റെ മേളയാണ് മമ്മൂട്ടി ശ്രദ്ധേയ വേഷത്തിലെത്തുന്ന ആദ്യ ചിത്രം. ആ ചിത്രത്തിൽ മമ്മൂട്ടിക്കു ശബ്ദം നൽകിയത് ശ്രീനിവാസനാണ്. മമ്മൂട്ടിയുടെ ആദ്യ ചിത്രമായ വിൽക്കാനുണ്ട് സ്വപ്നങ്ങളിലെ രണ്ടുവരി ഡയലോഗ് ഡബ്ബ് ചെയ്തതും ശ്രീനിവസനായിരുന്നു.
ആദ്യമായി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. സന്ദേശത്തിന് 1991ൽ മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും, ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു. മഴയെത്തും മുൻപേക്ക് 1995ലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും, 2006ൽ തകരച്ചെണ്ടയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മുഖ്യധാരയിലൂടെ സഞ്ചരിക്കുമ്പോഴും കലാമേന്മയുടെ സമാന്തരലോകത്തും ശ്രീനിവാസൻ എന്നുമുണ്ടായിരുന്നു.
സന്ദേശം പുറത്തുവന്നപ്പോൾ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ശ്രീനിവാസനെ അരാഷ്ട്രീയക്കാരനാക്കി. സ്വയം കണ്ടെത്തുന്ന ന്യായങ്ങളായിരുന്നു എന്നും ശ്രീനിവാസൻ്റെ ശരി. ആരൊക്കെ പിന്തുണയ്ക്കുന്നു എന്നുപോലും നോക്കാത്ത ആ താൻ പോരിമയുടെ കൂടി പേരാണ് ശ്രീനിവാസൻ. മലയാളിയുടെ ജീവിത പരിസരത്തെ ഒരു ഭൂതക്കണ്ണാടിയിലൂടെ കണ്ടെടുത്തയാൾ എന്നായിരിക്കും ശ്രീനിവസൻ്റെ ജീവിതത്തെ ഒറ്റവരിയിൽ പറയാൻ സാധിക്കുക.