Source: News Malayalam 24x7
ENTERTAINMENT

വിധിയിൽ അമിതാഹ്ളാദമോ പ്രതിഷേധമോ ഇല്ല,ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കുന്നത് പരിഗണിക്കും; ബി.ഉണ്ണികൃഷ്ണൻ

മലയാള സിനിമാ വ്യവസായത്തെ പല ചാലുകളിലേക്ക് തിരിച്ച് വിട്ട വിഷയം കൂടെയാണ്

Author : ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ ദിലീപിൻ്റെ ഫെഫ്കയിലെ അംഗത്വവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുമെന്ന് ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

അറസ്റ്റിലായി രണ്ടു മണിക്കൂറിനുള്ളിൽ ദിലീപിനെ സസ്പെൻഡ് സംഘടനയാണ് ഫെഫ്ക. ഒരു കമ്മിറ്റിയും കൂടാതെയാണ് തീരുമാനം എടുത്തത്. ട്രേഡ് യൂണിയൻ എന്ന നിലയിൽ കുറ്റാരോപിതനായ ദിലീപിനെതിരെ അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ അംഗത്വത്തെ സംബന്ധിച്ച് തുടർ നടപടികൾ എന്തായിരിക്കുമെന്ന് ആലോചിക്കാൻ ഡയറക്ടേഴ്സ് യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

8 വർഷത്തെ വിചാരണക്കൊടുവിൽ ദിലീപിനെ പോലെ ഒറു പ്രധാനപ്പെട്ട താരം കുറ്റവിമുക്തനായി തൊഴിൽ മേഖലയിലേക്ക് തിരികെ വരികയാണ്. ഇത് കേവലമൊരു അറസ്റ്റിൻ്റെ വിഷയം മാത്രമല്ല. മലയാള സിനിമാ വ്യവസായത്തെ പല ചാലുകളിലേക്ക് തിരിച്ച് വിട്ട വിഷയം കൂടെയാണ്. അറസ്റ്റിന് ശേഷം ഒരുപാട് പരിമിതികൾ ഉണ്ടായിട്ടുണ്ട്. അതിനെ കാണാതെ പോകരുത്.

ഏറ്റവും ശുഷ്കാന്തിയോട് പൊലീസ് അന്വേഷിച്ച കേസാണ്. വിധിന്യായത്തിൽ പറയുന്ന കാര്യങ്ങളെ കാണാതെ പോകരുത് എന്ന് അഭിപ്രായമുണ്ട്. അത്തരം കാര്യങ്ങളിൽ സംഘടന എന്ന നിലയിൽ അഭിപ്രായം പറയുന്നില്ല. പക്ഷേ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനും ചർച്ച ചെയ്യാനും ആഗ്രഹമുണ്ട്.വിധിയിൽ അമിതാഹ്ളാദം കൊള്ളുകയോ പ്രതിഷേധിക്കുകയോ ചെയ്യേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

അന്വേഷണത്തിൻ്റെ ഓരോ ഘട്ടത്തിലും ഇതിൽ നിന്ന് മാറി നിൽക്കില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. നിരവധി അംഗങ്ങളെ ഒരു മര്യാദയുമില്ലാതെ പൊലീസുകാർ ചോദ്യം ചെയ്തിരുന്നു. അന്വേഷണം സംഘം ഗൂഢാലോചന നടത്തിയെന്നത് ദിലീപിൻ്റെ അഭിപ്രായമാണ്. ഫെഫ്കയുടേതല്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ 6 വർഷത്തെ വിചാരണയ്ക്കൊടുവിലാണ് ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്ന് കാണിച്ച് ദിലീപിനെ കോടതി വെറുതെ വിട്ടത്. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 7 മുതൽ പത്തു വരെയുള്ള പ്രതികളെ വെറുതെ വിടുകയായിരുന്നു.

SCROLL FOR NEXT