ന്യൂഡല്‍ഹി: കുന്ദന്‍ ഷായുടെ ക്ലാസിക് ചിത്രം 'ജാനേ ഭി ദോ യാരോ' എന്ന ചിത്രത്തിലെ മുനിസിപ്പൽ കമ്മീഷണർ 'ഡി'മെല്ലോ' എന്ന കഥാപാത്രത്തെ സിനിമാപ്രേമികള്‍ ഒരുകാലത്തും മറക്കില്ല. ഈ വേഷം അനശ്വരമാക്കിയ ബോളിവുഡ് നടന്‍ സതീഷ് ഷാ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അഭിനയത്തില്‍ നിന്ന് വലിയ ഒരു ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാ. സ്വയം നവീകരിച്ച് അഭിനയത്തിലേക്ക് തിരിച്ചെത്തണമെന്നായിരുന്നു ഷായുടെ ആഗ്രഹം. എന്നാല്‍, അതിനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല.
നാല് പതിറ്റാണ്ടോളം സിനിമ-ടെലിവിഷൻ സീരിയല്‍ മേഖലകളില്‍ സതീഷ് ഷാ സജീവ സാന്നിധ്യമായിരുന്നു. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി. 'സാരാഭായ് വേഴ്സസ് സാരാഭായ്' എന്ന സിറ്റ്‌കോമിലെ 'ഇന്ദ്രവർധന്‍ സാരാഭായ്' എന്ന കഥാപാത്രം പ്രസിദ്ധമാണ്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് നില്‍ക്കുന്ന സമയത്ത് നല്‍കിയ അഭിമുഖത്തിലാണ് സ്വതസിദ്ധമായ ശൈലിയില്‍ സതീഷ് ഷാ സംസാരിച്ചത്.
"സിനിമകളിലും മറ്റും പൊതുപരിപാടികളിൽ അഭിനയിക്കുന്നത് ഞാൻ നിർത്തി. ഒരു ഇടവേള എടുത്തതായി പറയാം. വളരെക്കാലമായി. തുടക്കം മുതലെ ഞാന്‍ ആസ്വദിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ചെയ്തിരുന്നത്. കുറച്ചുകാലമായി അഭിനയം ആസ്വദിക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഞാന്‍ എന്നെ തന്നെ ഒന്ന് പുനരുജ്ജീവിപ്പിച്ച് വീണ്ടും ആരംഭിക്കാമെന്നാണ് കരുതുന്നത്. മരിക്കാന്‍ എിക്ക് ഒരു തിടുക്കവുമില്ല," സതീഷ് അന്ന് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്.
1978 ൽ 'അരവിന്ദ് ദേശായി കി അജീബ് ദസ്താൻ' എന്ന ചിത്രത്തിലൂടെയാണ് ഷാ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശക്തി, ഹം സാത്ത് സാത്ത് ഹേ, മേം ഹൂം നാ, കൽ ഹോ നാ ഹോ, ഫനാ, ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിലും സതീഷ് ഷാ അഭിനയിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാൻ, റിതേഷ് ദേശ്മുഖ്, രാം കപൂർ, തമന്ന ഭാട്ടിയ, ഇഷാ ഗുപ്ത, ബിപാഷ ബസു എന്നിവർ അഭിനയിച്ച സാജിദ് ഖാൻ്റെ ഹംഷക്കൽസ് (2014) എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു സതീഷ് ഷായുടെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 2.30 ഓടെയായിരുന്നു മരണം.