ബേസിൽ ആദ്യമായി നിർമിക്കുന്ന അതിരടി ചിത്രത്തിലെ കഥാപാത്രത്തിൻ്റെ ലുക്ക് പങ്കുവെച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ കമൻ്റുകളുമായി യുവതാരങ്ങൾ. ചിത്രത്തിലെ ബേസിലിൻ്റെ ചുള്ളൻ പയ്യൻ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തതിന് പിന്നാലെയാണ് യുവതാരങ്ങളായ നസ്ലെനും സന്ദീപും ടൊവിനോ തോമസുമെല്ലാം കമൻ്റുമായി എത്തിയത്.
ഞങ്ങളെ ഒതുക്കാൻ ഉള്ള പരിപാടി ആണല്ലേ,ചതിയായി പോയി എന്നാണ് നസ്ലെൻ്റെ ആദ്യ കമൻ്റ്. ഇതിന് പിന്നാലെ നിങ്ങൾക്ക് സിനിമ സംവിധാനം ചെയ്യാൻ പൊയ്ക്കൂടെ എന്ന കമൻ്റുമായി എക്കോ നായകൻ സന്ദീപും രംഗത്തെത്തി. മുട്ട വെക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി എന്ന് ഇതിന് പിന്നാലെ നസ്ലെനും കമൻ്റ് ചെയ്തു. നീയാണ് അവൻ്റെ മെയിൻ ലക്ഷ്യമെന്ന് നസ്ലെന് പ്രതികരണവുമായി ടൊവിനോ തോമസും കളത്തിലിറങ്ങിയതോടെ പ്രതികരണങ്ങൾ കൊണ്ട് കമൻ്റ് ബോക്സ് നിറഞ്ഞു. നിൻ്റെയും ആ സന്ദീപിൻ്റെയും അഹങ്കാരം കുറച്ചു കൂടുന്നുണ്ട്. ശരിയാക്കി തരാം എന്നായിരുന്നു നസ്ലെൻ്റെ കമൻ്റിന് ബേസിലിൻ്റെ മറുപടി.
ഇവരെ കൂടാതെ കല്യാണി പ്രിയദർശൻ, നസ്രിയ, ലുക്മാൻ, അമല പോൾ, നിഖില വിമൽ, നൈല ഉഷ, പെപ്പെ തുടങ്ങി വൻ താരനിര തന്നെ ബേസിലിൻ്റെ വൈറൽ ഫോട്ടോയ്ക്ക് താഴെ കമൻ്റുകളുമായെത്തിയിട്ടുണ്ട്. ക്യാരക്റ്റർ പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെയാണ് അതിരടിയിലെ തൻ്റെ കഥാപാത്രത്തിൻ്റെ സ്റ്റൈലിഷ് ലുക്ക് ബേസിൽ പങ്കുവെച്ചത്. ഫോട്ടോ പങ്കുവെച്ച് ഒരു ദിവസത്തിനുള്ളിൽ 1 മില്യണിലേറെ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. സാം ബോയി ഇങ്ങനെയാണെങ്കിൽ ടൊവിനോയുടേയും വിനീതിൻ്റേയും ക്യാരക്റ്റർ ലുക്കിനായി കട്ട വെയിറ്റിംഗ് എന്നാണ് ആരാധകരുടെ കമൻ്റുകൾ.
ബേസിൽ ജോസഫ് നിർമിക്കുന്ന ചിത്രത്തിൻ്റെ സംവിധായകൻ അരുൺ അനിരുദ്ധനാണ്. ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.ചിത്രം മാസ് എൻ്റർടെയ്നറായാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ബേസില്‍ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസും ചേര്‍ന്നാണ് 'അതിരടി'യുടെ നിര്‍മാണം.