നിവിൻ പോളി, ബാലചന്ദ്ര മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കിയ 'പ്രതിഛായ' എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. രാഷ്ട്രീയത്തിലെ പ്രതിച്ഛായ നിർമിതിയെപ്പറ്റിയാണ് ചിത്രം സംസാരിക്കുന്നതെന്നാണ് സിനിമയുടെ ട്രെയ്‌ലർ നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കുകയാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ.
സിനിമയുടെ ട്രെയ്‌ലറിൽ പറയുന്നുണ്ടല്ലോ, "രാഷ്ട്രീയത്തിൽ ഇപ്പോൾ വ്യക്തികൾ ഇല്ലെടാ, പ്രതിച്ഛായകൾ മാത്രമേ ഉള്ളൂ," എന്ന്. എല്ലാ വ്യക്തികളെയും പ്രതിച്ഛായകളിലേക്ക് മാറ്റുന്ന ഒരു രാഷ്ട്രീയ-സാംസ്കാരിക കാലാവസ്ഥയിൽ എങ്ങനെയാണ് സത്യം നിർമിക്കപ്പെടുന്നത് എന്നുള്ളതാണ് പ്രധാനമായിട്ടും ഈ സിനിമയിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. അതിൽ മാധ്യമങ്ങൾക്കും, സാമൂഹ്യ മാധ്യമങ്ങൾക്കും ഒക്കെ വലിയ പങ്കുണ്ട്. ഇന്ത്യയിലെ കഴിഞ്ഞ മൂന്ന് ഇലക്ഷനുകളിൽ കോടികളാണ് ഇത്തരത്തിൽ സൈബർ ഇടങ്ങളിൽ പ്രചാരണങ്ങൾക്ക് വേണ്ടി ചെലവഴിക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ്, പൊതുസമ്മതി, രാഷ്ട്രീയ അജണ്ട, അഭിപ്രായ രൂപീകരണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇപ്പോൾ സൈബർ സ്പേസുകളിൽ കൂടെയാണ് നടക്കുന്നത്. അപ്പോൾ, ഒരു വ്യക്തിയെ 'ഇമേജ്' ആക്കി മാറ്റുന്ന പശ്ചാത്തലത്തിലാണ് ഈ സിനിമ വരുന്നതെന്ന് പറയേണ്ടി വരും. പക്ഷെ, അതൊരു ജനപ്രിയ സിനിമയുടെ ഫോർമാറ്റിലാണ്. ഒരു അച്ഛൻ-മകൻ റിലേഷൻഷിപ്പിലൂടെയാണ് ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. ഫാമിലി ഡ്രാമയുടെ അടരും ഈ സിനിമയിലുണ്ട്. അതാണ് പ്രധാന ഘടകം. ഇതൊരു പൊളിറ്റിക്കൽ ത്രില്ലറല്ല. രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്ന ഫാമിലി ഡ്രാമയാണ്.
ഈ സിനിമയിൽ നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രം 30കളുടെ അവസാനത്തിൽ എത്തിനിൽക്കുന്ന, വിജയകരമായി ഒരു സ്റ്റാർട്ടപ്പ് മുന്നോട്ടുകൊണ്ടുപോകുന്ന ഒരു ടെക്നോക്രാറ്റ് ആണ്. ഈ ചെറുപ്പക്കാരന് രാഷ്ട്രീയത്തെക്കുറിച്ച് ചില ധാരണകളുണ്ട്. അയാൾ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. അങ്ങനെയൊക്കെ വരുമ്പോൾ സ്വാഭാവികമായിട്ടും എത്തിച്ചേരുന്നതാണ് നിവിൻ പോളിയിലേക്ക്. ഇത് നിവിൻ മുമ്പ് ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രവും കൂടിയാണ്.
എല്ലാ ഗ്രേറ്റ് ആക്ടേഴ്സിനും ടേക്കിൽ ഒരു എക്സ്ട്രാ സംതിങ് വരുന്ന ഒരു മാജിക് ഉണ്ട്. നമ്മൾ കരുതാതെ, അവർ പോലും കരുതാതെ സംഭവിക്കുന്നതാണ് അത്. ഇത്തരത്തിൽ ഒരു മാജിക് ഉള്ള ആളാണ് മോഹൻലാൽ. നിവിൻ പോളിയും അത്തരത്തിൽ ഒരു അഭിനേതാവാണ്. അയാൾ വലിയ തയ്യാറെടുപ്പോടുകൂടി വരുന്ന ഒരാളല്ല. പക്ഷേ, ടേക്കിൽ വരുമ്പോൾ, നമ്മൾ പ്രതീക്ഷിക്കാത്ത ഒരു സംഗതി അയാളിൽ നിന്ന് കിട്ടുന്നുണ്ട്. അങ്ങനെയുള്ളവരെയാണ് നമ്മൾ സ്വാഭാവികമായി (spontaneous) അഭിനയിക്കുന്നവർ എന്ന് പറയുന്നത്. ആ സ്വാഭാവികത നിവിന് ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
ബാലചന്ദ്ര മേനോൻ എന്ന വ്യക്തിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചത് വലിയ ഒരു ബഹുമതിയാണ്. നിവിൻ-ബാലചന്ദ്ര മേനോൻ കോംബോ സിനിമയെ വലുതായി സഹായിച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം കുറെ നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കോളേജ് കാലത്ത് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു വന്ന ഒരാളാണ് ഞാൻ. ഒരു ആക്ടർ എന്നതിനേക്കാൾ ഉപരി, അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. ഒരു കാലഘട്ടത്തെ മുഴുവനും ത്രില്ലടിപ്പിച്ച ആളാണ്.
ഇത്തരത്തിൽ ഒരു മുഖ്യമന്ത്രി കഥാപാത്രം എന്ന് പറയുമ്പോൾ നമുക്ക് മുന്നിൽ ഒരുപാട് ചോയിസുകളുണ്ട്. പക്ഷെ പ്രെഡിക്റ്റബിലിറ്റിക്ക് അപ്പുറം പോകുന്ന ഒരാളെ വേണമെന്നുള്ള ആലോചനയിലാണ് സാറിന്റെ പേരിലേക്ക് വന്നത്. കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹത്തിനും താൽപ്പര്യമായി. അദ്ദേഹം ചെയ്തു. ഗംഭീരമായി. നിങ്ങൾക്ക് സിനിമ കാണുമ്പോൾ അത് മനസിലാകും.
ഉമ്മൻചാണ്ടി എന്ന ഒറ്റ ബിംബത്തിലേക്ക് ആ മുഖ്യമന്ത്രി കഥാപാത്രത്തെ ന്യൂനീകരിക്കാൻ പറ്റില്ല. തീർച്ചയായിട്ടും അദ്ദേഹത്തിന്റെയും ഛായയുണ്ട്. ലീഡർ കെ. കരുണാകരന്റെ തമാശ കലർന്ന ഗൗരവവും ചിലപ്പോൾ നമുക്ക് കാണാൻ പറ്റും. അങ്ങനെ സങ്കര സ്വഭാവമുള്ള ഒരു ഫിക്ഷണൽ ക്യാരക്ടറാണത്. ഈ സിനിമയ്ക്ക് ഒരു ബയോപ്പിക്കിന്റെ സ്വഭാവം ഒന്നുമില്ല.
രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു കഥ പറയുമ്പോൾ ആളുകൾക്ക് അത് പെട്ടെന്ന് കണക്ട് ആവണം. ഇത്തരത്തിലുള്ള ഛായകളും റെഫറൻസുകളും മുൻപ് വന്ന സിനിമകളും ഇഷ്ടം പോലെ ഉപയോഗിച്ചിട്ടുണ്ടല്ലോ? ഷാജി കൈലാസ് -രൺജി പണിക്കർ സിനിമകളും, ദാമോദരൻ മാഷിന്റെ സിനിമകളും എടുത്ത് നോക്കിയാൽ, അതിലൊക്കെ ഇത്തരം ഇമേജുകൾ നമുക്ക് കാണാൻ പറ്റും. അത് ഒരു ഡിവൈസ് ആണ്. നമ്മൾ കണ്ട ഒരു സംഗതി ആകുമ്പോൾ ആളുകൾക്ക് പെട്ടെന്ന് അത് റിലേറ്റ് ചെയ്യാൻ പറ്റും. എന്നാൽ, ഇതിൽ 'വൺ ഈസ് ടു വൺ' എന്ന തരത്തിലുള്ള ഒരു ബന്ധമില്ല.
പ്രതിച്ഛായ നിർമ്മിതിയിലൂടെ മാത്രമേ രാഷ്ട്രീയം നടത്തിക്കൊണ്ടുപോകാൻ പറ്റൂ എന്ന ബോധ്യത്തിലാണല്ലോ ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ. അതുകൊണ്ടാണല്ലോ പിആറിനായി ഇത്രയധികം കാശ് മുടക്കുന്നത്. അപ്പോൾ അതൊരു പ്രധാന വിഷയമാണ്.
കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് എത്ര വാർത്താമാധ്യമങ്ങൾ ഉണ്ട്? ഒരു സംഭവത്തെ വിവിധ മാധ്യമങ്ങൾ ഏതൊക്കെ രീതിയിലാണ് സമീപിക്കുന്നത്? റാഷമോൺ പോലെയാണ്. പല ആംഗിളുകളിൽ നിന്ന് സമീപിക്കുമ്പോൾ സത്യം എവിടെയാണെന്ന് നമുക്ക് അറിയാതാകും. നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് സത്യാനന്തരത്തെക്കുറിച്ചല്ലേ? സത്യാനന്തരം എന്ന് പറയുന്നത് എന്താണ്? സത്യത്തെ നമ്മൾ ഉണ്ടാക്കിയെടുക്കുകയാണ്. നമുക്ക് സത്യത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയില്ല; ആഖ്യാനങ്ങളിലൂടെ (Narratives) മാത്രമേ നമുക്ക് സത്യത്തിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. അത്തരത്തിൽ ഒരു ചിന്ത ഈ സിനിമയിലുണ്ട്.
പണ്ട് വന്നിരുന്ന പ്രൊപ്പഗാണ്ട ചിത്രങ്ങളിൽ ഒരു സ്വയം പരിശോധനയുണ്ടായിരുന്നു. ഇപ്പോൾ ഒരു മടിയുമില്ലാതെ അങ്ങനെ ചെയ്യാം എന്നുള്ള രീതിയിലേക്ക് മാറിയിരിക്കുന്നു. പണ്ട് ഹോളിവുഡ് സിനിമകളിൽ എപ്പോഴും വില്ലൻ കഥാപാത്രങ്ങൾ യുഎസ്എസ്ആറിൽ നിന്നുള്ളവരായിരുന്നു. യുഎസ്എസ്ആർ തകർന്നതിനു പിന്നാലെയാണ് അവർ ചുഴലിക്കാറ്റിനെയും, അന്യഗ്രഹജീവികളേയും ഒക്കെ പിടിക്കാൻ തുടങ്ങിയത്. വില്ലൻ ഇല്ലാതായതിനാലാണത്. യുഎസ്എസ്ആർ ഉള്ളപ്പോൾ അത് വളരെ എളുപ്പമായിരുന്നു. അങ്ങനെയൊരു അപരവൽക്കരണം എപ്പോഴും ഉണ്ടല്ലോ?
ഇവിടെയും ഒരു ശത്രു രാജ്യം നിർമിക്കപ്പെടുന്നു. സിനിമ കാണുന്ന സാധാരണ ജനങ്ങൾക്ക് ഭക്ഷ്യമാകുന്ന രീതിയിൽ അതിനെ പാക്കേജ് ചെയ്യുകയാണ്. ഈ സിനിമയുടെ അല്ലെങ്കിൽ കലയുടെ ഒരു പ്രശ്നം, നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങളെ കലയുടെ തന്ത്രം ഉപയോഗിക്കുമ്പോൾ നമ്മൾ ആനന്ദത്തോടെ കണ്ടിരിക്കും എന്നതാണ്. ഇത് എപ്പോഴും സംഭവിക്കുന്ന ഒരു സംഗതിയാണ്. അതിനെ സാധാരണീകരിക്കുന്നു. അതിന് അതിന്റേതായ ഒരു മാർക്കറ്റ് ഉണ്ട്. അത് ആ പടത്തിന്റെ വലിയ വിജയം കാണിക്കുന്നുണ്ട്.
രാഷ്ട്രീയത്തിൽ നിന്ന് ശ്രദ്ധമാറ്റാൻ ക്രാഫ്റ്റിന് കഴിയുന്നു എന്നുള്ളതാണ്. ഉള്ളടക്കത്തിനേക്കാളും ഫോമിലേക്ക് ശ്രദ്ധ കൊണ്ടുപോകുവാൻ, ഇത്തരം സിനിമകൾക്ക് പറ്റും. ഇത് തന്നെയാണ് ഹോളിവുഡിൽ പണ്ട് സംഭവിച്ചുകൊണ്ടിരുന്നത്. ഫോമിന്റെ ഭംഗിയിൽ നമ്മൾ ഉള്ളടക്കത്തെ ശ്രദ്ധിക്കാതെ പോവുന്നു.
സിനിമയിൽ ആ ശൈലിയിലുള്ള എഴുത്തിലേക്ക് പിന്നെ ഞാൻ പോയിട്ടില്ല. മറ്റ് എഴുത്തുകളുണ്ട്. സാമ്പത്തികമാണല്ലോ എല്ലാം നിർണയിക്കുന്നത്. ഞാൻ 'ജലമർമ്മരം' മാത്രം ചെയ്തുകൊണ്ടിരുന്നെങ്കിൽ അധോഗതിയായി പോയേനെ (ചിരിക്കുന്നു). യുജിസി അപ്പോയിന്റ്മെന്റ് ഒന്നും കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോഴാണ് ആ സിനിമ ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു സിനിമ എനിക്ക് ചെയ്യണമെന്നുണ്ട്. അത് ചിലപ്പോൾ സംഭവിക്കുമായിരിക്കും.
അന്ന് ഗ്രാമങ്ങളിൽ കൊണ്ടുപോയി സ്ക്രീൻ വലിച്ചു കെട്ടിയാണ് 'ജലമർമ്മരം' കാണിച്ചത്. എത്രയോ സ്ഥലത്തേക്ക് യാത്ര ചെയ്ത് ആ സിനിമ കാണിച്ചിരിക്കുന്നു. ഒരു തിയേറ്ററിലും റിലീസ് ചെയ്തിട്ടില്ല.
ഇന്ന് അത്തരം സിനിമകൾക്ക് സാധ്യതയുണ്ടെന്ന് പറയുമ്പോൾ മാർക്കറ്റ് അതിനെ കീഴടക്കി എന്നുള്ളതാണ് അർഥം. ഞാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ മാർക്സിസത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ധാരകളെ അറിയണമെങ്കിൽ എവിടെ പോവണമെന്ന് അറിയാമോ? ഹൈദരാബാദിലെ, അമേരിക്കൻ സ്റ്റഡീസ് റിസർച്ച് സെന്ററിൽ! അവിടെയാണ് ആ പുസ്തകങ്ങൾ ഏറ്റവും കൂടുതൽ ലഭ്യമായിട്ടുള്ളത്. അമേരിക്കക്കാർ പൈസ കൊടുത്ത് ആ പുസ്തകങ്ങൾ വാങ്ങിച്ചു വച്ചിരിക്കുകയാണ്. എന്തിന്? അത്തരം പഠനങ്ങളും റിസർച്ചും അവർക്ക് നിയന്ത്രിക്കാൻ കഴിയണം.
അക്കാലത്ത് ഈ ഫോർഡ് ഫൗണ്ടേഷന്റെ സ്കോളർഷിപ്പ് ഉണ്ട്. ഐഡിയോളജിയുടെ പേരിൽ അത് തിരസ്കരിച്ച് ആളാണ് ഞാൻ. ഫോർഡ് ഫൗണ്ടേഷൻ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് മാർക്സിസ്റ്റ് സ്റ്റഡീസിനെയാണ്. സിനിമയുടെ കാര്യത്തിലും ഉള്ളടക്കത്തെ വിപണി ഭയങ്കരമായി നിയന്ത്രിക്കുന്നുണ്ട്.
വിപ്ലവത്തെ ഒരു ഉത്പന്നമായി, ഫെറ്റിഷ് (Fetish) ആയി മാറ്റാനുള്ള ശ്രമം കുറച്ച് നാളുകളായി നടക്കുന്നുണ്ട്. കാൻ ഫെസ്റ്റിവലിന് പഴയ സ്വഭാവം അല്ലല്ലോ ഇപ്പോഴുള്ളത്. ചലച്ചിത്ര മേളകളുടെ സ്വഭാവമേ മാറിപ്പോയല്ലോ. ഒന്നും വേണ്ട, കേരളത്തിൽ എത്ര സാഹിത്യോത്സവങ്ങളുണ്ട്. 15 മിനിറ്റിൽ എല്ലാ പ്രശ്നവും പരിഹരിക്കുകയല്ലേ നമ്മൾ.