

ടെക്സസിലെ 'മാർഫ' എന്ന ചെറിയ ടൗൺ. വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് പേരുകേട്ട സ്ഥലം. പ്രകൃതി വിഷപാമ്പുകളുടെ രൂപത്തിൽ കാൽച്ചുവട്ടിൽ കെണിയൊരുക്കിയ മരുപ്രദേശങ്ങൾ, കുറച്ച് മാറി മേച്ചിൽപ്പുറങ്ങൾ, അവിടെ നിന്ന് നോക്കിയാൽ ചെറിയ മൊട്ടക്കുന്നുകൾ - അതാണ് മാർഫ.
അവിടെ, കൊയൻ ബ്രദേഴ്സ് തങ്ങളുടെ വിഖ്യാതമായ 'നോ കണ്ട്രി ഫോർ ഓൾഡ് മെൻ' ഷൂട്ട് ചെയ്യുകയാണ്. പെട്ടെന്ന് സംവിധായകർ കട്ട് വിളിച്ചു. ആകാശത്ത് ഇരുണ്ടുകൂടുന്ന കട്ടി പുക കണ്ട് സിനിമാ സംഘം അതിശയിച്ചു, ഭയന്നു. എന്നാൽ ഈഥന്റെയും ജോയലിന്റെയും ചുണ്ടുകളിൽ ഒരു ചെറു ചിരിയാണ് വന്നത്.
കുറച്ചങ്ങ് മാറി, മറ്റൊരു സിനിമാ സെറ്റ്. അവിടെ നിന്നാണ് പുക ഉയരുന്നത്. ആളുകൾ പരക്കം പായുകയാണ്. ചിലർ ക്യാമറ ശരിയാക്കുന്നു. മറ്റ് ചിലർ പ്രോപ്പുകൾ പരിശോധിക്കുന്നു. വേറെ ചിലരാകട്ടെ തീ അണയ്ക്കാൻ ശ്രമിക്കുന്നു. ആ തിരക്കിനിടയിൽ ഒരാൾ മാത്രം അനങ്ങാതെ ശാന്തനായി നിൽക്കുന്നു. അയാളുടെ ചുണ്ടിൽ ഒരു അമേരിക്കൻ സ്പിരിറ്റ് അതിലും ശാന്തമായി പുകഞ്ഞു. ആ നീലക്കണ്ണിൽ ഡാനിയൽ പ്ലെയിൻവ്യൂവിന്റെ എണ്ണഖനി നിന്നുകത്തി. ഒപ്പം ക്യാപിറ്റലിസവും, ദുരയും, മനുഷ്യന്റെ അധികാരത്തോടുള്ള അടങ്ങാത്ത ആർത്തിയും.
"ഇതാണ് സീൻ," തന്നോട് എന്ന പോലെ അയാൾ പറഞ്ഞു.
ആ നിമിഷം താൻ ദൈവ സമാനനാണെന്ന്, അല്ല, ദൈവമാണെന്ന് അയാൾക്ക് തോന്നിക്കാണണം. കാരണം, താൻ സൃഷ്ടിച്ച ഒരു മനുഷ്യന്റെ അഭിലാഷങ്ങൾക്കാണ് അയാൾ അപ്പോൾ തീയിട്ടത്. ആ കഥാപാത്രത്തിന്റെ വിധിക്ക് കുറുകെയാണ് അയാൾ, 'ഡയറക്ടഡ് ബൈ പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍' എന്ന് അടിവരയിടാൻ പോകുന്നത്.
പിടിഎ എന്ന പോൾ തോമസ് ആൻഡേഴ്സണിന്റെ കഥ ആരംഭിക്കുന്നത് 60കളുടെ തുടക്കത്തിലെ ക്ലീവ്ലൻഡിലാണ്. ആ കാലത്താണ് അവിടുത്തെ ഒരു ലോക്കൽ ടിവി സ്റ്റേഷൻ കുറച്ചധികം ഹൊറർ പടങ്ങൾ വാങ്ങിക്കൂട്ടുന്നത്. ഈ പടങ്ങൾ അവതരിപ്പിക്കാൻ ഒരു അവതാരകനെയും അവർ തെരഞ്ഞുപിടിച്ചു. ഏർണി ആൻഡേഴ്സൺ. അയാൾ ഗൗലാർഡി (Goulardi) എന്ന പേരിൽ ഒരു ലാബ് കോട്ടും ധരിച്ച്, വെപ്പുതാടിയും കൊമ്പുള്ള കണ്ണാടിയും അസംബന്ധ ശബ്ദങ്ങൾ നിറഞ്ഞ ഡയലോഗുകളുമായി ആ രാത്രിപ്പടങ്ങൾ അവതരിപ്പിച്ചു. പടങ്ങളേക്കാൾ ഏർണി കാണികളുടെ പ്രിയങ്കരനായി.
ഈ കക്ഷി ഒരൽപ്പം വിചിത്ര സ്വഭാവക്കാരനാണ്. തവളയുടെ ദേഹത്ത് പടക്കം കെട്ടി പൊട്ടിച്ച ശേഷം അത് ക്യാമറയിൽ പകർത്തുന്ന അത്ര വിചിത്ര സ്വഭാവക്കാരൻ! ആ കാര്യത്തിൽ ഇനി കൂടുതൽ വിശദീകരണം വേണ്ടല്ലോ.
ഏർണി രണ്ട് തവണ വിവാഹിതനായി. അതിൽ രണ്ടാം ഭാര്യ, എഡ്വീനയിൽ മൂന്ന് പെൺകുട്ടികളും നമ്മുടെ കഥാപുരുഷനും ജനിച്ചു. പോൾ ഒരു 'അച്ഛൻ കുട്ടി' ആയിരുന്നു. എന്ത് ചെയ്തിട്ടാണെങ്കിലും വേണ്ടില്ല, അച്ഛന്റെ ശ്രദ്ധ പിടിച്ചുപറ്റണം. പക്ഷേ വീട്ടിൽ കാര്യങ്ങൾ സഹോദരിമാർക്ക് അനുകൂലമായിട്ടാണെന്നായിരുന്നു പോളിന്റെ തോന്നൽ. അപ്പോൾ അവൻ നാട്ടിലേക്ക് ഇറങ്ങി. ആള് അത്ര ആരോഗ്യമുള്ള കൂട്ടത്തിലല്ല. പോളിനെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്ന രോഗാവസ്ഥ അലട്ടിയിരുന്നു. ബ്ലഡിൽ പഞ്ചസാര കുറഞ്ഞാൽ പോളിന് നിലതെറ്റും. ഏത് ആറടിപൊക്കക്കാരനോടും നല്ല തർക്കുത്തരം പറയും. വേണ്ടി വന്നാൽ ഉള്ള മസിൽ കൊണ്ട് ഒന്ന് സംസാരിക്കാനും ശ്രമിക്കും.
അമ്മ എഡ്വീനയുമായി പോളിന് അത്ര സുഖരമായ ബന്ധമായിരുന്നില്ല. പോളിന്റെ വളർച്ചയെ അവർ നിർവികാരമായാണ് നോക്കിക്കണ്ടിരുന്നത്. ഒരു തണുപ്പൻ മട്ട്. അവന് അതായിരുന്നില്ല വേണ്ടിയിരുന്നത്. അതുകൊണ്ടായിരിക്കണം അവൻ അച്ഛനിലേക്ക് തിരിഞ്ഞത്. സാൻ ഫെർണാണ്ടോ വാലി പോലെ ഏർണിയും പിടിഎ സിനിമയിലെ വന്യ ഭാവനയായി ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണാം.
ഏർണിയാണ് പോളിന് ആദ്യ ക്യാമറ സമ്മാനിക്കുന്നത്. പെട്ടിക്കൂട് പോലുള്ള പഴയൊരു ബീറ്റമാക്സ്. ആദ്യകാല ഫ്രെയിമുകളിൽ നിറഞ്ഞുനിന്നതും ഏർണിയുടെ സാഹസങ്ങളാണ്. വീട്ടിലെ പട്ടിയെക്കൊണ്ട് ഓറഞ്ച് വിഴുങ്ങിക്കുക, കുതിരയെ ജഡ്ജ് ആക്കി പാചക മത്സരങ്ങൾ സംഘടിപ്പിക്കുക അങ്ങനെ പോകുന്ന ഈ വിക്രിയകൾ. പല ആംഗിളുകളിൽ ഇതെല്ലാം പോൾ പടമാക്കി. ഈ തോന്നുംപടി പടംപിടുത്തത്തിന് പോളിന്റെ കൂട്ടുകാരും ഒപ്പം കൂടി. അവർ ഗറിലാ ഫിലം മേക്കിങ്ങിന്റെ ആരാധകരായിരുന്നു. അതായത് സുഹൃത്തുക്കളിൽ ആരുടെയെങ്കിലും വീട്ടിൽ ഇടിച്ചു കയറി പെട്ടെന്ന് ഷൂട്ട് ചെയ്ത് തുടങ്ങും. അത്ര തന്നെ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പഠിത്തത്തിൽ ഉഴപ്പി നടന്നിരുന്ന ആളാണ് പോൾ എന്ന് വിചാരിക്കരുത്. ശരിയാണ്, യൂണിഫോം ഇടുന്നതും, സമയത്ത് ക്ലാസിന് ചെല്ലുന്നതും വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, മാർക്ക് വാങ്ങുന്ന കുട്ടിയായിരുന്നു.
ചെറുപ്പത്തിൽ തന്നെ പോളിന് താൻ എന്താകും എന്ന കാര്യത്തിൽ ക്ലാരിറ്റിയുണ്ടായിരുന്നു. അതുകൊണ്ടാകണം കാരോൾ സ്റ്റീവൻസ് എന്ന അധ്യാപികയോട് അവൻ ഇങ്ങനെ പറഞ്ഞത്; "മിസ് സ്റ്റീവൻസ്, ഞാൻ പ്രശസ്തനായ ഒരു സംവിധായകനാകാൻ പോകുന്നു. ഞാൻ അക്കാദമി അവാഡ് വാങ്ങാൻ പോകുന്നു". റോക്കി കണ്ട് ബോക്സർ ആകാൻ ആഗ്രഹിച്ച കുട്ടി അവനിൽ നിന്നും അപ്പോഴേക്കും പടിയിറങ്ങിപ്പോയിരുന്നു.
എന്താണ് താൻ എന്നതുപോലെ തനിക്ക് എന്താണ് വേണ്ടത് എന്നതിലും പോളിന് വ്യക്തയുണ്ടായിരുന്നു. സീനിയർ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് അയാൾ കൂട്ടുകാർക്കൊപ്പം ചേർന്ന് ഇഷ്ടമുള്ളതൊക്കെ ഷൂട്ട് ചെയ്തു. പലതും പാരഡികൾ. അതിൽ വൂഡി അലൻ സ്റ്റൈലിൽ സംഭാഷണങ്ങളുള്ള ഒരു 'ടെർമിനേറ്റർ' പാരഡി പോലുമുണ്ട്. "ഒരു സീനിന് വേണ്ടി എന്തും" - അതായിരുന്നു ആ കൗമാരക്കാരന്റെ ആപ്തവാക്യം. അത് ഇന്നും അങ്ങനെ തന്നെ.
1988ലാണ് പാരഡി വിട്ട് സ്വന്തമായി ഒരു പടം എടുക്കാൻ പോൾ തീരുമാനിക്കുന്നത്. രാത്രി വൈകിയും ഇരുന്ന് കാണുന്ന ടിവി പടങ്ങളും വീഡിയോ സ്റ്റോറിൽ നിന്നും തിയേറ്ററിൽ നിന്നും പരിചയിച്ച സിനിമകളുമാണ് അവനെ മുന്നോട്ടു നയിച്ചത്. അവൻ തന്റെ ആദ്യ സിനിമയ്ക്കുള്ള ആശയം സാൻ ഫെർണാണ്ടോ വാലിയിൽ നിന്ന് തന്നെ കണ്ടെത്തി - വാലിയിലെ പോൺ വ്യവസായം. അങ്ങനെയാണ് 'ദ ഡിർക്ക് ഡിഗ്ലർ സ്റ്റോറി' പിറവിയെടുക്കുന്നത്. ഈ മുപ്പത്ത് മിനുട്ട് സ്യൂഡോ ഡോക്യുമെന്ററി തുടങ്ങുന്നത് ഏർണി ആൻഡേഴ്സണിന്റെ വോയിസ് ഓവറോട് കൂടിയാണ്. ഈ ഷോർട്ട് സ്റ്റോറി ഹോളിവുഡിന്റെ ആനവാതിൽ പോളിന് മുന്നിൽ തുറന്നുകൊടുത്തൊന്നുമില്ല. ആത്മവിശ്വാസത്തോടെ അത് ചവിട്ടിപൊളിച്ചാണ് അയാൾ അകത്ത് കടന്നത്. അല്ല പുറത്തേക്ക് അവരെ ഇറക്കിയത്.
1989ൽ പോൾ സ്കൂളിൽ നിന്ന് ഗ്രാജുവേറ്റായി. രണ്ട് വർഷം സിനിമ പിടിക്കാനുള്ള തത്രപ്പാടായിരുന്നു. ഇടയ്ക്ക് ന്യൂയോർക്ക് ഫിലിം സ്കൂളിലിലെ ഒരു ഫിലിം പ്രോഗ്രാമിലും ഒരു കൈ പയറ്റിനോക്കി. വെറും രണ്ട് ദിവസം. അവിടം വിടാൻ പ്രധാനമായും രണ്ട് കാരണങ്ങളായിരുന്നു. ഒന്ന്, പുലിസ്റ്റർ ജേതാവ് ഡേവിഡ് മാമത്തിന്റെ ഒരു വർക്കാണ് തന്റേത് എന്ന തരത്തിൽ പോൾ സബ്മിറ്റ് ചെയ്തത്. അതിന് സി ഗ്രേഡ് നൽകി യൂണിവേഴ്സിറ്റി പോളിനെ ഞെട്ടിച്ചു. അതുപോരാഞ്ഞിട്ട് അവിടുത്തെ ഒരു അധ്യാപകന് 'ടെർമിനേറ്റർ ടു'വിനോട് പരമപുച്ഛവും. പിന്നെ പോൾ അവിടെ നിന്നില്ല. ഹോളിവുഡ് റിപ്പോർട്ടറും വെറൈറ്റിയും വായിച്ച് സിനിമകളുടെ ഷൂട്ടിങ് അപ്ഡേറ്റുകൾ മനഃപാഠമാക്കി അവൻ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങി. ചെറിയ ചില പടങ്ങളുടെ തിരക്കഥ എഴുതി, കുഞ്ഞ് പരസ്യങ്ങൾ ചെയ്തു, 'ദ ക്വിസ് കിഡ്‌സ് ചലഞ്ച്' എന്ന ടിവി ഷോയിൽ പ്രൊഡക്ഷൻ സഹായിയായി.
ഒടുവിൽ ഒരു വഴി തുറന്നു...'സിഗരറ്റ്സ് ആൻഡ് കോഫി' എന്ന ഷോർട്ട് ഫിലിം. അത് ആദ്യ പിടിഎ ഫീച്ചറിലേക്കുള്ള ടീസറായിരുന്നു. രണ്ട് പേർ ഇരുന്ന് സംസാരിക്കുന്നു. അത് മാത്രമാണ് ഈ ഹ്രസ്വ ചിത്രം. പറയുമ്പോൾ ലളിതമെങ്കിലും, രണ്ട് പേർ തമ്മിലുള്ള ദീർഘ സംഭാഷണം സിനിമാറ്റിക്കായി പകർത്തുക എളുപ്പമുള്ള കാര്യമല്ല. പിടിഎ അതിൽ വിജയിച്ചു. 1993ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചു. അതുവഴി നിർമാതാവ് റോബർട്ട് ജോൺസിലേക്കും ആദ്യ ഫീച്ചർ ഫിലിമിലേക്കും അയാൾ എത്തിച്ചേർന്നു.
1996ൽ 'സിഗരറ്റ്സ് ആൻഡ് കോഫി', 'ഹാർഡ് എയിറ്റ്' എന്ന ഫീച്ചർ ഫിലിമായി പിടിഎ പുനരവതരിപ്പിച്ചു. അന്ന് അത് അത്ര കൊണ്ടാടിയില്ലെങ്കിലും സംവിധായകന്റെ സ്റ്റൈൽ, ഫിലോസഫി, ജ്യോഗ്രഫി, വിഷ്വൽ സ്റ്റൈൽ എന്നിവയിലേക്കുള്ള സൂചനയായിരുന്നു 'ഹാർഡ് എയിറ്റ്'.
കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ പിടിഎയുടെ പടങ്ങൾ വലിയ തോതിൽ പരിണമിച്ചിട്ടുണ്ട്. 96ലെ 'ഹാർഡ് എയിറ്റ്' അല്ല 2025ലെ 'വൺ ബാറ്റിൽ ആഫ്റ്റർ അനഥർ'. ആദ്യ കാല സിനിമകൾ കയോട്ടിക്കും ഡ്രമാറ്റിക്കുമായിരുന്നു എങ്കിൽ പിന്നീടുള്ളവ കുറച്ചുകൂടി ഇന്റലെക്ച്വൽ ആയി മാറുന്നത് കാണാം. അപ്പോഴും തിരക്കഥയും വിഷ്വൽ സ്റ്റൈലും അതേ തീവ്രതയിൽ നിലനിൽക്കുന്നു. പോൾ തോമസ് ആൻഡേഴ്സൺ തിരക്കഥകൾ വായിക്കാൻ നല്ല രസമാണ്. ആ എഴുത്തിനെ ഷേക്സ്പീരിയൻ ശൈലിയുമായി താരതമ്യപ്പെടുത്തിയ ഹോളിവുഡ് മിത്തുകൾ വരെയുണ്ട്.
പത്ത് സിനിമകൾ മാത്രമാണ് ഈ അമേരിക്കൻ സംവിധായകൻ എടുത്തിട്ടുള്ളത്. അതിൽ 'ഹാർഡ് എയിറ്റി'ൽ തുടങ്ങി 'മഗ്നോളിയ'യിലൂടെ കടന്ന്, 'ദെയർ വിൽ ബി ബ്ലഡി'ൽ എത്തുമ്പോഴേക്കും നമ്മൾ അയാളെ 'മോഡേൺ ഡേ മാസ്റ്റർ' എന്ന് വിളിച്ചുപോകും.
പിടി ആൻഡേഴ്സണിന്റെ ആദ്യകാല സിനിമകളിൽ ന്യൂ ഹോളിവുഡിന്റെ സ്വാധീനം വ്യക്തമാണ്. അവ്യക്തമായ ആഗ്രഹങ്ങളുള്ള കഥാപാത്രങ്ങളും സിനിമാറ്റോഗ്രഫിയിലെ പരീക്ഷണങ്ങളും ന്യൂ ഹോളിവുഡ് ഫിലിം മേക്കേഴ്സുമായി അയാളെ അവിശ്വസനീയമായം വിധം അടുപ്പിച്ചു. അത് അയാൾ മറച്ചുവച്ചിട്ടില്ല. പറ്റുന്ന വേദിയിലൊക്കെ റോബർട്ട് ആൾട്‍മാനും ജൊനാഥൻ ഡെമ്മയും റോബർട്ട് ഡൗണി സീനിയറും സ്കൊസേസിയും പിടിഎയുടെ സംസാരവിഷയമായി.
ഉദാഹരണത്തിന്, 'ദ മാസ്റ്റർ' എന്ന സിനിമയുടെ ഇതിവൃത്തത്തിൽ തന്നെ സ്കൊസേസി തെളിഞ്ഞുകിടപ്പുണ്ട്. ലോകത്ത് തന്റെ ഇടം എന്താണെന്ന അന്വേഷണം രണ്ട് വിധത്തിൽ നടത്തുന്നവരാണ് 'മാസ്റ്ററി'ലെ ഫ്രഡ്ഡി ക്വല്ലും 'ടാക്സി ഡ്രൈവറി'ലെ ട്രാവിസ് ബിക്കിളും. 'ബൂഗി നൈറ്റ്സി'ലെ ക്ലൈമാക്സ് സീക്വൻസിലെ മിറർ സീനിന് സമാനമായ ഒന്ന് 'റേജിങ് ബുള്ളിലുണ്ട്'. കഥാപാത്രങ്ങളുടെ വികാരങ്ങൾക്കൊപ്പിച്ച് ക്യാമറ ചലിപ്പിക്കാൻ പിടിഎ ശീലിച്ചത് 70കളിലെ ഈ ഹോളിവുഡ് ലെജൻഡ്സിൽ നിന്നാണ്. പിടിഎ കടിഞ്ഞാൺ അയച്ചുകൊടുക്കുന്ന മുറയ്ക്ക് ക്യാമറ തന്നിഷ്ടക്കാരനേപ്പോലെ നീങ്ങി. എഡിറ്റിങ്ങിന് വേഗത കൂടി. വിപ്പ് പാനുകളിൽ ഒരു ആൻഡേഴ്സൺ സ്റ്റൈൽ തന്നെ ഉണ്ടായിവന്നു.
ആൻഡേസണിന്റെ മറ്റൊരു പ്രത്യേകത ലോങ് ഷോട്ടുകളാണ്. 'ബൂഗി നൈറ്റ്സി'ലെ ഓപ്പണിങ് സീൻ തന്നെ ഉദാഹരണം. 1977ലെ സാൻ ഫെർണാണ്ടോ വാലി, സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ, അവർ തമ്മിലുള്ള ബന്ധം ഇതെല്ലാം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നീങ്ങി പോളിന്റെ ക്യാമറ ഒപ്പിയെടുക്കുന്നു. അതേ, 'ഗുഡ്ഫെല്ലാസി'ലേതു പോലെ. കൃത്യമായ കൊറിയോഗ്രഫി ഈ സീനിൽ പ്രകടമാണ്. ആൻഡേഴ്സണിന്റെ ശരാശരി ഫ്രയിം ലെങ്ത് തന്നെ 13 സെക്കൻഡാണ്. മുൻനിര സിനിമകളിൽ 2.5 സെക്കൻഡോളം മാത്രം ഫ്രെയിമുകൾ ഹോൾഡ് ചെയ്യുമ്പോഴായിരുന്നു ഇതെന്ന് ഓർക്കണം. ഓരോ ഫ്രെയിമിലും അയാൾക്ക് ഒരുപാട് പറയാനുണ്ട്.
കഥാപാത്രങ്ങളെ കൃത്യമായി, അടിമുടി നറേറ്റ് ചെയ്ത് തരാൻ ഇത്തരം ലോങ് ഷോട്ടുകൾ സഹായിക്കുന്നതായി കാണാം. ഒരു പോൺ ആക്ടറിനെയും, ഓയിൽമാനെയും, ഹിപ്പി ഡിറ്റക്ടീവിനെയും ഒരേ കണിശതയോടെയാകും പിടിഎ കാണിക്കുക. അതിൽ വിട്ടുവീഴ്ചയില്ല. 'ദെയർ വിൽ ബി ബ്ലഡി'ൽ, അല്ലെങ്കിൽ 'പഞ്ച് ഡ്രങ്ക് ലവ്വി'ൽ കേന്ദ്ര കഥാപാത്രത്തെ ആദ്യം കാണിക്കുമ്പോൾ തന്നെ അവർ ആരെന്തും എന്തെന്നും വ്യക്തമാണ്. അത് കേവലം വസ്തുതാ വിവരണമല്ല. അവരുടെ ആഗ്രഹങ്ങളിലേക്കും ഭയങ്ങളിലേക്കുമാണ് ആദ്യ ഫ്രെയിം.
ഈ ന്യൂ ഹോളിവുഡ് സ്റ്റൈൽ കരിയറിൽ മുഴുവൻ പിടിഎ പിന്തുടർന്നു എന്ന് പറയാൻ സാധിക്കില്ല. ഏതെങ്കിലും സ്റ്റൈലിന് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നവനല്ല താൻ എന്ന പ്രഖ്യാപനമാണ് ആൻഡേഴ്സണിന്റെ ഓരോ സിനിമയും. 'ബൂഗി നൈറ്റ്സും' 'മഗ്നോളിയ'യും വിഷ്വലി സമാനമാണെങ്കിൽ നറേറ്റീവിൽ വ്യത്യസ്തമാണ്. 'പഞ്ച് ഡ്രങ്ക് ലവ്' എന്ന റോം കോം ഇതിൽ നിന്നെല്ലാമുള്ള മാറ്റമായിരുന്നു. ഫ്രെയിമുകൾ കംപോസ് ചെയ്യുന്ന വിധം തന്നെ പോൾ മാറ്റി. കളർ പാലറ്റും ക്യാരക്ടറായി.
ഈ റോം കോമിലേക്ക് ആൻഡേഴ്സൺ എത്തുന്നത് 'പൊപ്പോയ്' എന്ന കാർട്ടൂൺ കഥാപാത്രത്തിൽ നിന്നാണ്. നായകനിൽ പ്രണയം കൊണ്ടുവരുന്ന മാറ്റം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആ 'പൊപ്പോയ്'യെ കാണാം. അയാൾ നായികയിലേക്ക് ഓടി അടുക്കുമ്പോൾ ക്യാമറാ മൂവ്മെന്റ് കൊണ്ടും ലൈറ്റിങ് കൊണ്ടും പോൾ ആ അടുക്കൽ അനുഭവിപ്പിക്കുന്നു. ആ കൂടിച്ചേരലിൽ നമ്മൾ സാക്ഷികളല്ല. പങ്കാളികളാണ്. അവരിൽ ഒരാളാണ്.
'പഞ്ച് ഡ്രങ്ക് ലവ്വി'ന് ശേഷം ഒരു അഞ്ച് വർഷത്തേക്ക് പിടിഎയെ പറ്റി ആരും ഒന്നും കേട്ടിട്ടില്ല. അയാൾ ഒരു കൊക്കൂണിന് ഉള്ളിലേക്ക് പോയി. 2007ൽ ലോകത്തെ ഏറ്റവും മികച്ച ഡ്രാമകളിൽ ഒന്നുമായി ഒരു ശലഭത്തെപ്പോലെ പുറത്തുവന്നു. ദെയർ വിൽ ബി ബ്ലഡിൽ എത്തുമ്പോൾ വിഷ്വലിലും നറേറ്റീവിലും പൂർണമായും നിയന്ത്രണത്തിൽ എത്തിയ പോളിനെ കാണാം. ഡാനിയൽ പ്ലെയിൻവ്യൂ എന്ന കഥാപാത്രത്തെ അത്ര മനോഹരമായാണ് അയാൾ ആവിഷ്കരിച്ചിരിക്കുന്നത്.
ഈ സിനിമ ഇറങ്ങിയ വർഷം, 2007, സിനിമയെ സംബന്ധിച്ച് അവിശ്വസനീയമായ വർഷമാണ്. ഒരേ വർഷം മൂന്ന് മാസ്റ്റർ സംവിധായകരുടെ പടങ്ങൾ - പോളിന്റെ 'ദെയർ വിൽ ബി ബ്ലഡ്', കൊയൻ ബ്രദേഴ്സിന്റെ 'നോ കണ്ട്രി ഫോർ ഓൾഡ് മെൻ', ഡേവിഡ് ഫിഞ്ചറിന്റെ 'സോഡിയാക്'. മൂന്നും മൂന്ന് തലത്തിൽ അതിഗംഭീരം.
ലണ്ടനിലേക്കുള്ള ഒരു ട്രിപ്പിനിടെ ആൻഡേഴ്സണെ ഗൃഹാതുരത്വം വലച്ചതാണ് ഈ ക്ലാസിക്കിന്റെ പിറവിക്ക് കാരണമായത്. അവിടെവച്ചാണ് പിടിഎ അപ്ടൺ സിൻക്ലയറിന്റെ 'ഓയിൽ' എന്ന നോവൽ വാങ്ങുന്നത്. ആദ്യ വായനയിൽ തന്നെ സിനിമ മനസിൽ വന്നു. കാലിഫോർണിയയിലെ എണ്ണ വ്യവസായി എഡ്വേർഡ് ഡോഹെനിയുടെ ബോയോപ്പിക്കും 'ദി ട്രെഷർ ഓഫ് സിയറ മാഡ്രെ' എന്ന ജോൺ ഹൂസ്റ്റൺ ക്ലാസിക്കും പിടിഎയുടെ മനസിലെ വ്യക്തത നൽകി. ഡാനിയൽ ഡേ ലൂയിസ് അവതരിപ്പിച്ച ഡാനിയൽ പ്ലെയിൻവ്യൂ അധികാരവും ദുരയും ഒത്തുചേർന്ന കഥാപാത്രമാണ്. ആ നടൻ സർവാംഗങ്ങൾ കൊണ്ടും ആ ദുരയുടെ മനുഷ്യരൂപമായി. റേഡിയോ ഹെഡ് ഗിറ്റാറിസ്റ്റ് ജോൺ ഗ്രീൻവുഡ് ബാക്ക്ഗ്രൗണ്ട് സ്കോർ കൊണ്ട് അയാൾക്കും അയാളുടെ ചുറ്റുമുള്ള ലോകത്തിനും നിഗൂഢത നൽകി. ഒരു പുക മറ. എണ്ണയ്ക്കായി കുഴിച്ചു ചെല്ലുന്നപോലെ കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് തുരന്നു കയറുന്നതായിരുന്നു പശ്ചാത്തല സംഗീതം.
ജൊൺ ഹൂസ്റ്റണിന്റെ വേൾഡ് വാർ 2 ഡോക്യുമെന്ററി, ലെറ്റ് ദെയർ ബി ലൈറ്റ് ആണ് പോളിനെ മാസ്റ്ററിലേക്ക് എത്തിച്ചത്. 1966ന് ശേഷം 65 എംഎം ഫിലിമിൽ ഷൂട്ട് ചെയ്ത സിനിമയായിരുന്നു ഇത്. മുൻ സിനിമയിൽ ഡാനിയൽ ഡേ ലൂയിസ് ആയിരുന്നെങ്കിൽ ഈ സിനിമയിൽ ഫിലിപ്പ് സെയ്മൂർ ഹോഫ്മാൻ ആണ് അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയത്. നിരൂപകർ പ്രശംസിച്ചെങ്കിലും മാസ്റ്ററിന് ദെയർ വിൽ ബി ബ്ലഡിനോളം ഉയരാൻ സാധിച്ചില്ല.
2014ൽ പോൾ തന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ തോമസ് പിഞ്ചണിൽ അഭയം തേടി. അമേരിക്കൻ പോപ്പ് കൾച്ചറിനെ എഴുത്തിലൂടെ കണക്കിന് പ്രഹരിച്ച, പ്രതി സംസ്കാരത്തെ സ്വാധീനിച്ച എഴുത്തുകാരനാണ് പിഞ്ചൺ. അദ്ദേഹത്തിന്റെ നോവൽ ആയിരുന്നു അടുത്ത സിനിമ, 'ഇൻഹരന്റ് വൈസ്'. പിഞ്ചണെ സ്ക്രീനിൽ എത്തിക്കാൻ ഏറ്റവും അനുയോജ്യൻ പോളാണ് എന്ന് വായനക്കാർ വാഴ്ത്തിപ്പാടിയപ്പോൾ പ്രേക്ഷകർക്ക് സിനിമ മനസിലായില്ല. പിന്നാലെ വന്ന 'ഫാന്റും ത്രഡും' 'ലിക്കൊറൈസ് പിസ'യും മികച്ച സിനിമകൾ ആയിരുന്നെങ്കിലും മികച്ച പോൾ തോമസ് ആൻഡേഴ്സൺ സിനിമകളായില്ല!
2025ൽ പിടിഎ തിയേറ്ററുകളിലേക്ക് തിരിച്ചെത്തി. റിഹാനെയേയും ഡി കാപ്രിയോയേയും കൊണ്ട് ഡിറ്റൻഷൻ സെന്ററുകളിൽ തടവിൽ കഴിയുന്ന കുടിയേറ്റക്കാരെ മോചിപ്പിച്ചു. തനി പോൾ തോമസ് ആൻഡേഴ്സൺ സ്റ്റൈലിൽ. ട്രംപിന്റെ അമേരിക്കയിൽ മാർവൽ ഡിസി സൂപ്പർ ഹീറോകൾക്ക് സാധ്യമാകാത്ത കാര്യമാണിതെന്ന് ഓർക്കണം.
1990 ൽ പ്രസിദ്ധീകരിച്ച തോമസ് പിഞ്ചൺ നോവലായ വൈൻലാൻഡായിരുന്നു സിനിമയുടെ പ്രചോദനം. 2013ലെ വൂൾഫ് ഓഫ് വാൾസ്ട്രീറ്റിൽ കണ്ട ഡിക്രോപിയോയെ വീണ്ടും കാണുന്നത് 'വണ്‍ ബാറ്റില്‍ ആഫ്റ്റർ അനഥർ' എന്ന ഈ ചിത്രത്തിലാണ്. ഷോൻ പെൻ നടത്തത്തിൽ പോലും പിടിഎ ക്യാരക്ടറായി. ഫ്രഞ്ച് 75 എന്ന കൗണ്ടർ കൾച്ചർ റിബലുകളിലൂടെയാണ് കഥ പോകുന്നത്. റിബൽ ചിട്ടവട്ടങ്ങളെ പരിഹസിക്കാനും വൈറ്റ് സൂപ്രമിസറ്റുകളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കാനും പോൾ മടിച്ചു നിന്നില്ല. 'വൈൻലാൻഡി'ൽ നിന്ന് റേസിസ്റ്റ് ഫെമിനിസ്റ്റ് വിമർശനങ്ങൾ എടുത്തപ്പോൾ ടെലിവിഷൻ പോലുള്ള മാധ്യമങ്ങൾ എങ്ങനെ സാംസ്കാരികമായി മനുഷ്യരെ ഭരണകൂടത്തിന്റെ അടിമയാക്കുന്നുവെന്ന പിഞ്ചണിന്റെ നിരീക്ഷണം സിനിമയിൽ നിന്ന് പോൾ കട്ട് ചെയ്യുന്നു. ഇതേ മാധ്യമങ്ങളിലൂടെ ആ സന്ദേശം പറയുന്നതിന്റെ വിരോധാഭാസം ഓർത്തിട്ടാകണം ഈ ഒഴിവാക്കൽ.
ഈ സിനിമയിലൂടെ വിപ്ലവം വിജയിക്കുന്ന യുട്ടോപ്യൻ ഭാവിയേപ്പറ്റിയുള്ള പ്രതീക്ഷകൾ പോൾ മുന്നോട്ടുവയ്ക്കുന്നില്ല. രാഷ്ട്രീയ അക്രമങ്ങളെ ആഘോഷിക്കുന്നുമില്ല. ഫാഷിസ്റ്റുകൾക്ക് എതിരായ പോരാട്ടം അവസാനിക്കുന്നില്ല എന്നുമാത്രം പറഞ്ഞുവയ്ക്കുന്നു.
35-എംഎം വിസ്റ്റാവിഷനിൽ മൈക്കൽ ബൗമാൻ ആണ് ഈ ചിത്രം ചിത്രീകരിച്ചത്. അക്ഷരാർഥത്തിൽ ജോൺ ഫോഡും ഹിച്ച്കോക്കും അരങ്ങുവാണ ഹോളിവുഡ് പ്രതാപകാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക്. എന്നാൽ ഇവരുടെ ആരുടെയും ദൃശ്യമാതൃകയല്ല ഈ സിനിമ പിന്തുടരുന്നത്. പരവേശം നിറഞ്ഞ ഷോട്ടുകളിൽ ഗറില്ലാ-ഡോക്യുമെന്ററി സ്റ്റൈൽ കാണാം. പ്രത്യേകിച്ച് ഡികാപ്രിയോയെ കാണുന്ന രംഗങ്ങളിൽ. കഥാപാത്രങ്ങളുടെ പിന്നാലെ ക്യാമറ പായുന്നു. അവരില്ലാതെ അതൊരിക്കിലും അനങ്ങുന്നില്ല.
ഈ സിനിമയിൽ ഒരു ചേസിങ് രംഗമുണ്ട്. ലോക സിനിമയിൽ ആരും ഇതുവരെ റോഡ് കാണിച്ച് ചേസിന്റെ ഉദ്വേഗം കാണികളിലേക്ക് എത്തിച്ചുണ്ടാവില്ല. അതേ, പിടിഎ തന്റെ പ്രതാപ കാലത്തേക്ക് ഈ സിനിമയിലൂടെ തിരിച്ചെത്തുകയാണ്.
പോള്‍ ഇപ്പോഴും സാന്‍ ഫെർണാണ്ടോ വാലിയില്‍ തന്നെയാണ്. വീട്ടിലെ ടിവിക്ക് മുന്നില്‍ 'ലേറ്റ് നൈറ്റ് ഷോ' കണ്ട് അയാള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. ഒരു സ്വപ്നത്തിലേക്കാണ് ആ വീഴ്ച. അയാള്‍ക്കൊപ്പം നമ്മളും നൂഴ്ന്നുകയറി. ടിക്കറ്റെടുക്കാതെ ഒരു മിഡിനൈറ്റ് ഷോ. പോണ്‍ താരങ്ങളും കസീനോകളും തോമസ് പിഞ്ചണും പിന്നെ ഗൗലാർഡിയും ഉള്ള ആ വാലി ഡ്രീമിലൂടെ അയാള്‍ അറിയാതെ നമ്മള്‍ അയാളെ പിന്തുടർന്നു. പെട്ടെന്ന് പുറകില്‍ നിന്ന് ഒരു കാലൊച്ച കേട്ട് അയാള്‍ നിന്നു. ആ സ്വപ്നത്തില്‍ നിന്ന് അയാള്‍ ഉണരരുതെ എന്ന പ്രാർഥനയില്‍ നമ്മള്‍ ഒളിച്ചു. ഒന്ന് ചിരിച്ച് അയാള്‍ മുന്നോട്ട് നീങ്ങി. നമ്മളും. പെട്ടെന്ന് അയാള്‍ നിന്നു. വിചിത്രമായ ശബ്ദത്തോടെ ഒരു ഹോട്ട് ഡോഗ് ചവച്ചുതിന്നുകൊണ്ട് അയാള്‍ നമ്മളെ തിരിഞ്ഞ് നോക്കി. അതൊരു ഇമിഗ്രന്റ് ഡിറ്റന്‍ഷന്‍ സെന്ററാണ്. അയാള്‍ ആ വലിയ ഫെന്‍സിന് മുകളിലേക്ക് ചാടി കയറി 'വിവാ ലാ റവല്യൂഷന്‍' എന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി. പ്രത്യഭിവാദ്യത്തിന് കാക്കാതെ അപ്പുറം ചാടി.
സൈറനുകള്‍, വെടിയൊച്ചകള്‍... നമ്മളെ സ്വപ്നത്തില്‍ പൂട്ടിയിട്ടിട്ടാണ് അയാള്‍ അപ്പുറം ചാടിയത്. നമ്മള്‍ ആ സ്വപ്നത്തിന് ഉള്ളിലാണ്. ഒരു പിടിഎ ഡ്രീമിനുള്ളില്‍!