വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജൻഡ്സ് ടൂർണമെൻ്റിൽ യുവ്‌രാജ് സിങ് നയിക്കുന്ന ഇന്ത്യ ചാമ്പ്യൻസിൻ്റെ ആദ്യ മത്സരം ഷാഹിദ് അഫ്രീദി നയിക്കുന്ന പാകിസ്ഥാനെതിരെ ജൂലൈ 20നായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അതിവൈകാരികതയുടെ നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് മൈതാനത്ത് അരങ്ങേറിയത്. ഇന്ത്യ-പാക് സംഘർഷത്തിൻ്റെ അനുരണനങ്ങൾ വെറ്ററൻസ് ക്രിക്കറ്റിലേക്കും പടർന്നുപിടിക്കുന്ന അസാധാരണ സാഹചര്യമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുമുള്ള ഏറ്റവും പുതിയ വാർത്ത.
ബ്രിട്ടനിലെ ബർമിങ് ഹാമിൽ ഇന്ത്യയും പാകിസ്ഥാനും മത്സരിക്കുന്നതിൻ്റെ തലേ ദിവസം മുതൽ ഇന്ത്യൻ വെറ്ററൻ ക്രിക്കറ്റ് ടീം കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നേരിട്ടത്. ഇന്ത്യ-പാക് മത്സരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയവും നേരിട്ട് ഇടപെട്ട് തടയണമെന്നും നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. യുവരാജ് സിങ് ഉൾപ്പെടെയുള്ള താരങ്ങളെ കൂടി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രത്യേകം ടാഗ് ചെയ്തായിരുന്നു സൈബർ ആക്രമണങ്ങൾ അരങ്ങേറിയത്.
ഇതോടെ മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, ശിഖർ ധവാൻ, സുരേഷ് റെയ്ന എന്നിവർ ഉൾപ്പെടെ പാകിസ്ഥാനെതിരെ മത്സരിക്കാൻ തയ്യാറല്ലെന്ന് നിലപാടെടുത്തതോടെ രംഗം ഒന്നുകൂടി കൊഴുത്തു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകളുമായി നിലകൊണ്ട മുന്‍ പാക് നായകന്‍ ഷാഹീദ് അഫ്രീദി ലീഗിൽ കളിക്കുന്നതാണ് ആരാധകരും താരങ്ങളും പ്രധാനമായി ഉയര്‍ത്തിയ പ്രശ്നം.
ഇന്ത്യ-പാക് മത്സരത്തിനെതിരായ പൊതുജനങ്ങളുടെ ശക്തമായ വികാരം കണക്കിലെടുത്ത് താരങ്ങൾ പിന്മാറിയെന്നാണ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജൻഡ്സ് സംഘാടകർ അറിയിച്ചത്. ഇതാദ്യമായാണ് രാഷ്ട്രീയ-നയതന്ത്ര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വെറ്ററൻ ക്രിക്കറ്റിലെ ഒരു ടീമിനെതിരെ കളിക്കുന്നതിൽ നിന്നും മറ്റൊരു ടീം പിന്മാറുന്നത്. ബിസിസിഐയുടെ പണക്കൊഴുപ്പും അന്താരാഷ്ട്ര ക്രിക്കറ്റിലെ അപ്രമാദിത്തവും ചോദ്യം ചെയ്യാൻ മറ്റു രാജ്യങ്ങൾക്ക് കെൽപ്പില്ലാത്ത സ്ഥിതിയാണുള്ളത്.
പാകിസ്ഥാനെതിരായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജൻഡ്‌സ് ടൂർണമെൻ്റിലെ മത്സരങ്ങളിൽ കളിക്കാനാകില്ലെന്നാണ് ശിഖർ ധവാൻ ധവാൻ പങ്കുവെച്ച ഇ-മെയിലിൽ നിന്ന് വ്യക്തമാകുന്നത്. തനിക്ക് രാജ്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും തൻ്റെ നിലപാട് മെയ് 11ന് തന്നെ വ്യക്തമാക്കിയതാണെന്നും ധവാൻ എക്സിൽ കുറിച്ചു. 2025 മെയ് 11ന് തന്നെ ഫോൺ കോളിലൂടെയും വാട്സാപ്പിലൂടെയും മത്സരത്തിൽ കളിക്കാനാകില്ലെന്ന് താൻ സംഘാടകരോട് വ്യക്തമാക്കിയിരുന്നു എന്നാണ് ധവാൻ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ലീഗിൻ്റെ സഹകരണം ഉണ്ടാകണമെന്നും താരം അഭ്യർഥിച്ചിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ മത്സരം സംഘടിപ്പിച്ചതിന് പരസ്യമായി മാപ്പ് പറഞ്ഞ് സംഘാടകരും തലയൂരി. ഇന്ത്യന്‍ ആരാധകരുടെ വികാരത്തെ മുറിപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കി.
"ഞങ്ങള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. ആരാധകര്‍ക്ക് നല്ലതും സന്തോഷകരവുമായ നിമിഷങ്ങള്‍ സമ്മാനിക്കുകയാണ് ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം. ഈ വര്‍ഷം പാകിസ്ഥാന്‍ ഹോക്കി ടീം ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തകളും, അടുത്തിടെ അരങ്ങേറിയ ഇന്ത്യ-പാകിസ്ഥാന്‍ വോളിബോള്‍ പോരാട്ടവും കണ്ടപ്പോഴാണ് ക്രിക്കറ്റ് മാച്ചുമായി മുന്നോട്ടുപോകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. മനഃപൂര്‍വമല്ലാത്തെ ഇതുപോലൊരു അസ്വസ്ഥത സൃഷ്ടിച്ചതില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു," സംഘാടകര്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യ ചാമ്പ്യൻസ് പിന്‍മാറിയതിന് പിന്നാലെ ഓപ്പണര്‍ ശിഖര്‍ ധവാനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് നായകന്‍ ഷഹീഹിദ് അഫ്രീദി രംഗത്തെത്തി. ഇന്ത്യൻ ടീം അംഗങ്ങളെല്ലാം പാകിസ്ഥാനെതിരെ മത്സരിക്കാന്‍ തയാറായിരുന്നുവെന്നും എന്നാല്‍ ശിഖർ ധവാനാണ് പ്രശ്നം ഉണ്ടാക്കിയതെന്നും പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.
"ശിഖർ ധവാൻ ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങളെ കൂടി ചീത്തയാക്കുന്ന ചീഞ്ഞമുട്ടയാണ്. സ്പോര്‍ട്സിലൂടെ രാജ്യങ്ങള്‍ തമ്മില്‍ അടുക്കുകയാണ് ചെയ്യുന്നത്. ഇതിനിടയില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ പിന്നെ എങ്ങനെയാണ് മുന്നോട്ടുപോവാനാകുക? ആശയവിനിമയം കൂടാതെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാൻ കഴിയുമോ? ഇത്തരം ടൂര്‍ണമെന്‍റുകള്‍ കളിക്കാര്‍ക്ക് പരസ്പരം ഇടപഴകാനും അടുത്തറിയാനുമുള്ള അവസരമാണ്. പക്ഷേ, ഒരു ടീമില്‍ എല്ലായ്‌പ്പോഴും ഒരു ചീഞ്ഞ മുട്ടയുണ്ടാകും. അത് മറ്റെല്ലാറ്റിനേയും നശിപ്പിക്കും," അഫ്രീദി പറഞ്ഞു.
അതേസമയം, ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന എഷ്യ കപ്പ് ടൂർണമെൻ്റിൻ്റെ നടത്തിപ്പും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ ടൂർണമെൻ്റിൽ പാകിസ്ഥാനെ പങ്കെടുപ്പിക്കുന്നത് വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യമുണ്ട്.
ഈ വർഷം ഓഗസ്റ്റിൽ ബംഗ്ലാദേശിൽ നടക്കുന്ന പരമ്പരയിലും ഇന്ത്യൻ ക്രിക്കറ്റ് ടീം കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുമുള്ള നയതന്ത്ര ബന്ധത്തിലും താരങ്ങളുടെ സുരക്ഷയിലും ബിസിസിഐക്ക് ആശങ്കയുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങള്‍ ബിസിസിഐയോട് പര്യടനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കാത്ത സാഹചര്യമാണുള്ളത്. ഇതോടെയാണ് കേന്ദ്രം ബിസിസിഐയ്ക്ക് നിർദേശം നല്‍കിയിരിക്കുന്നത്.
ധാക്കയിലെ ഷേർ ഇ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലും ചാറ്റോഗ്രാമിലെ ബിർ ശ്രേഷ്ഠോ ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് മതിയുർ റഹ്മാൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കാനിരിക്കുന്നത്. ഐസിസിയുടെ അന്താരാഷ്ട്ര കലണ്ടർ പ്രകാരം ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് നിശ്ചയിച്ചിരിക്കുന്നത്.