FEATURED

ഇതൊക്കെ ഉള്ളതാണോ? ഒക്ടോബർ തിയറി സത്യമോ?

അതായത് പുതുവര്‍ഷത്തെപ്പോലെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ക്കുള്ള സമയമായി ഒക്ടോബറിനെ കാണുന്ന സങ്കല്‍പ്പമാണ് 'ഒക്ടോബര്‍ തിയറി'

Author : ലിൻ്റു ഗീത

ഒക്ടോബർ തിയറി ഈസ് റിയൽ എന്ന് കേട്ടിട്ടില്ലേ? ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും എല്ലാം ട്രെൻഡിങ് ആയി നിൽകുന്ന ആ ഒക്ടോബർ തിയറി തന്നെ!. ഇനി ഇതുവരെ ഇതേപറ്റി കേൾക്കാത്തവർ ഉണ്ടെങ്കിൽ പറഞ്ഞു തരാം. അതായത് പുതുവര്‍ഷത്തെപ്പോലെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ക്കുള്ള സമയമായി ഒക്ടോബറിനെ കാണുന്ന സങ്കല്‍പ്പമാണ് 'ഒക്ടോബര്‍ തിയറി'. പുതിയ ശീലങ്ങൾ തുടങ്ങാനും, പഴയ ശീലങ്ങൾ ഉപേക്ഷിക്കാനും, നമ്മളെ സന്തോഷിപ്പിക്കാത്ത ബന്ധങ്ങളിൽ നിന്ന് മാറിനിൽക്കാനും, ഇതുവരെ മാറ്റിവച്ച സ്വപ്നങ്ങൾക്ക് പിന്നാലെ പോകാനുമൊക്കെയുള്ള ഒരു റിമൈൻഡർ!

അതായത്, ഒക്ടോബർ മാസത്തിൽ ആളുകളുടെ ചിന്താഗതിയിലും ജീവിത ശൈലിയിലും പെട്ടെന്ന് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുവെന്നാണ് ഈ തിയറി അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയ കോണ്ടന്റ് ക്രിയേറ്റർമാരുടെ അഭിപ്രായത്തിൽ ഒക്ടോബർ മാസം എന്നത് ഒരു വർഷത്തിലെ രണ്ടാമത്തെ ന്യൂ ഇയറാണ്. വർഷത്തിന്റെ ആദ്യ മാസങ്ങളിൽ നമ്മളിൽ പലരും എടുത്ത തീരുമാനങ്ങളും ലക്ഷ്യങ്ങളും ചിലപ്പോൾ നിറവേറ്റിക്കാണില്ല. ഇവിടെയാണ് ഒക്ടോബറിൻ്റെ ശക്തി. ഈ വർഷത്തിൽ ഇനി വെറും മൂന്ന് മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്ന തിരിച്ചറിവ് ആളുകൾക്കുണ്ടാകുന്നത് ഒക്ടോബറിലാണ്. ഇതോടെ നഷ്ടപ്പെട്ടുപോയ ലക്ഷ്യങ്ങൾ വീണ്ടും കൈവരിക്കാനും പുതിയ തീരുമാനങ്ങൾ എടുക്കാനും ആളുകളിൽ സ്വന്തമായി ഒരു താൽപ്പര്യം ജനിക്കുമെന്നാണ് ഈ തിയറി പറയുന്നത്. ഒക്ടോബർ മാസത്തിൽ ആളുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന ഈ മാനസിക മാറ്റത്തിന് പിന്നിൽ ‘ലാസ്റ്റ് ക്വാർട്ടർ പ്രഷർ’ അഥവാ വർഷത്തിന്റെ അവസാന പാദത്തിലെ ധൃതിയും ഒരു കാരണമാണെന്നാണ് വാദം.

പാശ്ചാത്യ നാടുകളിൽ ഒക്ടോബർ മാസം ശരത്കാലത്തിന്റെ ആരംഭമാണ്. മരങ്ങളിൽ നിന്ന് ഇലകൾ കൊഴിഞ്ഞ് പുതിയൊരു മാറ്റത്തിന് പ്രകൃതി ഒരുങ്ങുന്ന കാലഘട്ടമാണിത്. ഈ പ്രകൃതിദത്തമായ മാറ്റം മനുഷ്യന്റെ മാനസികാവസ്ഥയെയും സ്വാധീനിക്കുന്നുണ്ട്. പഴയ ശീലങ്ങളെ കൊഴിച്ചു കളഞ്ഞ്, സ്വന്തം ജീവിതത്തിൽ പോസിറ്റീവായ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രകൃതി തന്നെ നമ്മെ പ്രേരിപ്പിക്കുന്നു എന്ന ആശയമാണ് ഒക്ടോബർ തിയറിയുടെ പ്രധാന കാതൽ.

ജീവിതശൈലിയിലെ മാറ്റങ്ങൾക്ക് പുറമെ, വ്യക്തിബന്ധങ്ങളിലും ഒക്ടോബർ മാസം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഈ തിയറി പറയുന്നു. പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തില്‍ നിന്ന് അകലുമെന്നും പുതിയൊരാള്‍ കടന്നുവരുമെന്നുമുള്ള വിശ്വാസവും 'ഒക്ടോബര്‍ തിയറി'യുടെ ഭാഗമായുണ്ട്. പ്രണയബന്ധങ്ങളിലെയും സൗഹൃദത്തിലെയും വേര്‍പിരിയലും പുതിയ ബന്ധത്തിൻ്റെ തുടക്കവുമെല്ലാം ഈ ചര്‍ച്ചയുടെ ഭാഗമാകുന്നുണ്ട്. ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത ഏറെയാണ്. 2023ല്‍ ടിക്ടോക്കിലൂടെയാണ് ഒക്ടോബര്‍ തിയറിയെ പറ്റിയുള്ള വീഡിയോകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതെങ്കിലും 2024ലാണ് ഇത് വലിയ രീതിയിൽ വൈറലാകുന്നത്.

ഒക്ടോബർ തിയറിയെ മാനസികാരോഗ്യ വിദഗ്ധർ പിന്തുണയ്ക്കുന്നുണ്ടോ എന്നത് വലിയ ചോദ്യം തന്നെയാണ്. ഒക്ടോബർ മാസത്തിന് മാത്രം എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് തെളിയിക്കുന്ന പഠനങ്ങളില്ലെങ്കിലും, ഒക്ടോബർ തിയറി പോലെയുള്ള ട്രെൻഡുകൾ ആളുകളിൽ സൃഷ്ടിക്കുന്ന പോസിറ്റീവ് തരംഗത്തെ മാനസികാരോഗ്യ വിദഗ്ധരും അനുകൂലിക്കുന്നുണ്ട്. വർഷാവസാനത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള വിഷാദവും മാനസിക സമ്മർദവും കുറയ്ക്കാനും, കൂടുതൽ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും കാര്യങ്ങളെ സമീപിക്കാനും ഇത്തരം മുന്നേറ്റങ്ങൾ സഹായിക്കുമെന്നാണ് മാനസികാരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അതായത് ‘ഒക്ടോബർ തിയറി’ എന്നത് വെറുമൊരു സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമാണെങ്കിലും, വിരസമായി മുന്നോട്ട് പോകുന്ന ജീവിതത്തിന് ഒരു ഫ്രഷ് സ്റ്റാർ്ട്ട് നൽകാൻ അത് സഹായിക്കുമെങ്കിൽ നല്ലതല്ലേ?

SCROLL FOR NEXT