World Cup 2026

Argentina vs Algeria Live | മെസ്സി ഹാട്രിക്ക്, 200ാം മത്സരത്തിൽ ചിറകുവിരിച്ച് പറന്ന് ഇതിഹാസം; ആളിക്കത്തിച്ച് ലാസ്റ്റ് ഡാൻസ്!

മത്സരത്തിൻ്റെ 17ാം മിനിറ്റിലാണ് മെസ്സി ശക്തമായൊരു ഇടങ്കാലൻ ഷോട്ടിലൂടെ നീലപ്പടയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചത്.

Author : ന്യൂസ് ഡെസ്ക്

മിസ്സോറി: കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ലയണൽ മെസ്സി ഹാട്രിക് ഗോളുകളുമായി നിറഞ്ഞാടിയ മത്സരത്തിൽ, അൾജീരിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പിൽ തങ്ങളുടെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ട് അർജൻ്റീന. അർജൻ്റീനൻ ജേഴ്സിയിൽ മെസ്സിയുടെ ഇരുനൂറാം മത്സരമായിരുന്നു ഇതെന്ന സവിശേഷത കൂടിയുണ്ടായിരുന്നു ഈ ദിവസത്തിന്. ഹാട്രിക് ഗോളടിയുടെ കരുത്തിൽ മെസ്സിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 120 ആയും ഉയർന്നു. മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കായിരുന്നു ഇത്.

മത്സരത്തിൻ്റെ 17ാം മിനിറ്റിലാണ് ശക്തമായൊരു ഇടങ്കാലൻ ഷോട്ടിലൂടെ ലിയോ മെസ്സി നീലപ്പടയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. ഡിഫൻസിൽ നിന്നും ഡീപോൾ നീട്ടി നൽകിയ പാസുമായി ശരവേഗത്തിൽ അൾജീരിയൻ ബോക്സിലേക്ക് കുതിച്ചെത്തിയ മെസ്സി, ബോക്സിന് തൊട്ടുവെളിയിൽ നിന്ന് മിന്നൽപ്പിണർ പോലൊരു ഷോട്ടാണ് പായിച്ചത്. ഓടിയെത്തിയ രണ്ട് അൾജീരിയൻ ഡിഫൻഡർമാർ ചേർന്ന് മെസ്സിയുടെ ആ ലോങ് റേഞ്ചർ ഷോട്ട് തടയാനായി കാലുകൾ നീട്ടുമ്പോഴേക്കും.. പന്ത് അവരേയും കബളിപ്പിച്ച് കാലുകൾക്ക് മുകളിലൂടെ പറന്നുയർന്നിരുന്നു... ആ പന്ത് ചെറിയൊരു ചെരിവോട് കൂടി അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാനേയും കീഴടക്കി പോസ്റ്റിൻ്റെ വലത്തേ മൂലയിൽ തറച്ചുകയറി... സ്കോർ അർജൻ്റീന 1 - അൾജീരിയ 0.

അർജൻ്റീനൻ ടീം

പിന്നാലെ ഇരു കൈകളും ചിറകുപോലെ വിരിച്ച് അയാൾ നീലപ്പടയുടെ ആരാധക ഹൃദയങ്ങളിലേക്ക് പറന്നിറങ്ങി. എന്തൊരു ചേതോഹരമായ കാഴ്ച! യെസ്.. കിങ് ഈസ് ബാക്ക് വിത്ത് എ ബ്യൂട്ടിഫുൾ വേൾഡ് കപ്പ് ഗോൾ... അർജൻ്റീനയുടെ ലോകകപ്പ് ഗോൾവേട്ടയ്ക്ക് തുടക്കമിടാൻ ഈ പത്താം നമ്പറുകാരനേക്കാൾ കൂടുതൽ അർഹത മറ്റാർക്കുണ്ട്?

പിന്നാലെ 60ാം മിനിറ്റിൽ ഗോളിയുടെ പിഴവ് മുതലെടുത്ത് ഒരു റീബൗണ്ട് ഷോട്ടിലൂടെ മെസ്സി വീണ്ടും അൾജീരിയൻ ഗോൾവല കുലുക്കി. പിന്നാലെ 74ാം മിനിറ്റിൽ ഇന്ദ്രനീലിമയുടെ പന്താട്ടക്കാരൻ വീണ്ടും തിങ്ങിനിറഞ്ഞ ഗ്യാലറിയെ ആളിക്കത്തിച്ചു! ഇക്കുറി ഹാട്രിക് നേട്ടമാണ് ഇതിഹാസത്തെ കാത്തിരുന്നത്.

അൾജീരിയയ്‌ക്കെതിരായ ഹാട്രിക് പ്രകടനത്തോടെ ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്‌ക്ക് ഒപ്പമെത്താനും മെസ്സിക്കായി. ഇരുവരും ലോകകപ്പിൽ 16 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ ഒരു ഗോൾ കൂടി നേടിയാൽ ക്ലോസെയുടെ റെക്കോർഡും അർജൻ്റീനൻ നായകൻ മറികടക്കും. 15 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയേയും, 14 ഗോളുകൾ നേടിയ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെയേയും മെസ്സി ഇന്ന് മറികടന്നു.

2006 ജൂൺ 16നാണ് തൻ്റെ ലോകകപ്പ് അരങ്ങേറ്റം മെസ്സി അർജൻ്റീനൻ ജേഴ്സിയിൽ നടത്തിയത്. അന്ന് സെർബിയക്കെതിരായ മാച്ചിലെ 74ാം മിനിറ്റിൽ പകരക്കാരനായി കളിക്കാനിറങ്ങിയ മെസ്സി 14 മിനിറ്റിനകം എതിർ ഗോൾവല കുലുക്കിയിരുന്നു. 20 വർഷത്തിനിപ്പുറം തൻ്റെ 38ാം വയസ്സിൽ ആറാമത്തെ ലോകകപ്പിനിറങ്ങിയ മെസ്സി സമാനമായി തന്നെ 17ാം മിനിറ്റിൽ അൾജീരിയക്കെതിരെ ഗോളടിച്ചു.

ഫിഫ ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർ:

  • മിറോസ്ലാവ് ക്ലോസെ, ജർമനി - 16

  • ലയണൽ മെസ്സി, അർജൻ്റീന - 16*

  • റൊണാൾഡോ നസാരിയോ, ബ്രസീൽ - 15

  • കിലിയൻ എംബാപ്പെ, ഫ്രാൻസ് - 14*

  • ഗെർഡ് മുള്ളർ, പശ്ചിമ ജർമനി - 14

  • ജസ്റ്റ് ഫോണ്ടെയ്ൻ, ഫ്രാൻസ് - 13

SCROLL FOR NEXT