ടൊറൻ്റോ: ലോകകപ്പ് ഫുട്ബോളിൻ്റെ വേദിയിൽ ക്രൊയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ചിൻ്റെ അവസാന ആട്ടം ഇനിയും തുടർന്ന് കാണാം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 4-2ന് തോൽവി വഴങ്ങിയ ക്രൊയേഷ്യക്ക് ടൂർണമെൻ്റിലെ ലൈഫ് ലൈൻ നീട്ടി നൽകുന്നതായിരുന്നു ബുധനാഴ്ച രാവിലത്തെ മത്സര ഫലം.
സെൻട്രൽ അമേരിക്കൻ രാജ്യമായ പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച ക്രൊയേഷ്യ നിർണായകമായ മൂന്ന് പോയിൻ്റുകൾ സ്വന്തമാക്കി. 54ാം മിനിറ്റിൽ ആൻ്റെ ബുഡിമിർ നേടിയ ഒരു ഗോളിൻ്റെ വ്യത്യാസത്തിലാണ് യൂറോപ്യൻ രാജ്യത്തിൻ്റെ ആശ്വാസജയം.
തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ഇന്ന് ടൊറോൻ്റോയിൽ നടന്നത്. ജയത്തോടെ പോയിൻ്റ് ടേബിളിൽ ഘാനയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ക്രൊയേഷ്യ. നോക്കൗട്ടിലേക്ക് മുന്നേറണമെങ്കിൽ അവർക്ക് 26ന് പുലർച്ചെ 2.30ന് ഘാനയ്ക്കെതിരെ നടക്കുന്ന മത്സരം ഏറെ നിർണായകമാണ്.
അതേസമയം, അന്താരാഷ്ട്ര ഫുട്ബോളിൽ കരിയറിലെ 200ാം മത്സരമാണ് ലൂക്ക മോഡ്രിച്ച് ഇന്ന് കളിച്ചത്. ക്രൊയേഷ്യയ്ക്കായി തൻ്റെ 200ാം മത്സരമാണ് മുൻ ബാലൻഡ്യോർ ജേതാവ് ബുധനാഴ്ച കളിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ബദർ അൽ മുതാവ, ലയണൽ മെസ്സി എന്നിവർക്കൊപ്പം സ്വന്തം രാജ്യത്തിനായി 200ലേറെ മത്സരങ്ങൾ കളിച്ച പുരുഷ ഫുട്ബോളർമാരുടെ പട്ടികയിൽ ലൂക്ക മോഡ്രിച്ചും ഇടം നേടി.