

ഹൗസ്റ്റൺ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ ഗ്രൂപ്പ് കെയിൽ ആദ്യ ജയം നേടി പോയിൻ്റ് നിലയിൽ ഒന്നാമതെത്തി പോർച്ചുഗൽ. ഏഷ്യൻ ശക്തികളായ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് പോർച്ചുഗീസ് പടയുടെ ആധികാരിക വിജയം. മത്സരത്തിൽ ഗോൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് നേടിയെടുക്കാൻ കഴിഞ്ഞെന്നതും പോർച്ചുഗലിന് ആശ്വാസമേകുന്നുണ്ട്.
അപ്രതീക്ഷിത സമനില വഴങ്ങിയ ഡിആർ കോംഗോയ്ക്ക് എതിരായ മാച്ചിൽ നിന്ന് വ്യത്യസ്തമായി ചില മാറ്റങ്ങളുമായാണ് പറങ്കിപ്പട ഹൌസ്റ്റണിൽ കളിക്കാനിറങ്ങിയത്. അതിൻ്റെ ഗുണം സ്കോർ ഷീറ്റിലും കാണാനായെന്നതാണ് ഏറെ പ്രധാനം. ബ്രൂണോ ഫെർണാണ്ടസിനേയും തോമസ് അരൌജോവിനേയും ആദ്യ ഇലവനിൽ നിന്ന് മാറ്റി, പകരം റൂബൻ ഡയസിനേയും ജാവോ ഫെലിക്സിനേയും ആദ്യ ഇലവനിൽ കോച്ച് റോബർട്ടോ മാർട്ടിനസ് കളിപ്പിച്ചത് ടീമിൻ്റെ ആക്രമണനിരയെ ശക്തമാക്കി.
ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എണ്ണം പറഞ്ഞ ഇരട്ട ഗോളുകളാണ് (6, 39) ടീമിന് അനായാസ ജയം സമ്മാനിച്ചത്. ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾനേട്ടം പത്തായി ഉയർന്നു. ഒപ്പം ആറ് ലോകകപ്പുകളിൽ ഗോൾനേടുന്ന ആദ്യ ഫുട്ബോളറായും റൊണാൾഡോ മാറി.
നൂനോ മെൻഡിസ് (17), റാഫോൽ ലിയാവോ (87) എന്നിവർ പറങ്കിപ്പടയ്ക്കായി ഗോൾവല കുലുക്കിയപ്പോൾ... ഉസ്ബെക്കിസ്ഥാൻ്റെ അബ്ദുവോഹിദ് നെമാറ്റോവ് 60ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയിരുന്നു.
ആദ്യ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി പൊരുതി നേടിയ വിജയമാണിതെന്ന് ഒറ്റശ്വാസത്തിൽ പറയാനാകും. എതിർ പോസ്റ്റിന് നേരെ 16 ഗോൾശ്രമങ്ങളാണ് പോർച്ചുഗൽ നടത്തിയത്. അതിൽ ഒൻപതും ഓൺ ടാർഗറ്റിലായിരുന്നു.