

ബോസ്റ്റൺ: നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ ജയം ലക്ഷ്യമാക്കിയിറങ്ങിയ ഇംഗ്ലീഷ് ആക്രമണ നിരയെ ഗോൾരഹിത സമനിലയിൽ പൂട്ടി ആഫ്രിക്കൻ ശക്തികളായ ഘാന. ലോകകപ്പിലെ എൽ ഗ്രൂപ്പ് മത്സരത്തിൽ അനായാസ ജയം തേടിയെത്തിയ ഹാരി കെയ്നിനും സംഘത്തിനും നിരാശയേകുന്ന ഫലമായി ഇത് മാറി.
കോച്ച് തോമസ് ടുഷലിന് ഒരുക്കിയ ഇംഗ്ലീഷ് പട ആദ്യ മത്സരത്തിൽ ശക്തരായ ക്രൊയേഷ്യയെ 4-2ന് തകർത്തിരുന്നു. ഇതോടെ വലിയ പ്രതീക്ഷകളോടെയാണ് ത്രീ ലയൺസ് രണ്ടാം മത്സരത്തിനെത്തിയത്. എന്നാൽ ഘാനയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പേര് കേട്ട ഇംഗ്ലീഷ് മുന്നേറ്റനിര വിറയ്ക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടാൻ പനാമയ്ക്കെതിരായ മത്സരം ജയിക്കേണ്ടത് ഇംഗ്ലണ്ടിന് അനിവാര്യമാണ്.
ഘാനയുടെ ഗോൾ പോസ്റ്റിന് നേരെ 19 ഗോൾശ്രമങ്ങൾ ഇംഗ്ലണ്ട് നടത്തിയപ്പോൾ അതിൽ നാലെണ്ണം മാത്രമായിരുന്നു ഓൺ ടാർഗറ്റിലെത്തിക്കാൻ സാധിച്ചത്. എന്നാൽ ഇംഗ്ലീഷ് മുന്നേറ്റങ്ങളൊന്നും വലയിൽ കയറാതെ ഘാന ശക്തമായി അതെല്ലാം പ്രതിരോധിച്ചു. 78 ശതമാനം സമയം പന്ത് കയ്യിൽ വച്ചിട്ടും 619 പാസുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല.
ഘാനയുടെ ഭാഗത്ത് നിന്ന് കൗണ്ടർ അറ്റാക്കിങ്ങിലൂടെ രണ്ട് ഗോൾശ്രമങ്ങളാണ് ഉണ്ടായത്. അതിൽ ഒരു ഷോട്ട് മാത്രമാണ് ഗോൾപോസ്റ്റിന് നേരെ വന്നത്. മത്സരം സമനിലയിലായതോടെ നാല് പോയിൻ്റോടെ എൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടും ഘാനയും ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയുടെ ബലത്തിൽ ഘാന രണ്ടാമതായി.