World Cup 2026

കണക്കുകൾ തീർക്കാൻ ഇംഗ്ലണ്ട്, അട്ടിമറി ചരിത്രം കുറിക്കാൻ ക്രൊയേഷ്യ; ലോകകപ്പിൽ ഇന്ന് ആവേശപ്പോരാട്ടം

രാത്രി ഒന്നരയ്ക്ക് അമേരിക്കയിലെ ആർലിംഗ്‌ടൺ സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം.

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക് സിറ്റി: ലോകകപ്പിലെ ആദ്യ മത്സരത്തിന് ഹാരി കെയ്ൻ്റെ ഇംഗ്ലണ്ട് ഇന്ന് കളത്തിലിറങ്ങും. വമ്പന്മാരെ വീഴ്ത്തി പരിചയമുള്ള കരുത്തരായ ക്രൊയേഷ്യയാണ് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ എതിരാളികൾ. രാത്രി ഒന്നരയ്ക്ക് അമേരിക്കയിലെ ആർലിംഗ്‌ടൺ സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം.

പ്രതിഭകളുടെ കൂടാരമാകുന്ന ഇംഗ്ലണ്ടിൽ വൻനിരയെ പുറത്തിരുത്തിയാണ് ഇത്തവണ ടുഷേൽ സംഘത്തെ ഒരുക്കിയത്. എന്നും സൂപ്പർതാരങ്ങളുമായി വന്ന് സൂപ്പറായി പൊട്ടുന്ന ശീലം ഇത്തവണ ഇംഗ്ലണ്ടിന് മറക്കണം. ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ഇംഗ്ലണ്ടിന് വേണ്ട. യോഗ്യതാ മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഹാരി കെയ്നും സംഘവും ലോകകപ്പിനെത്തുന്നത്.

ക്യാപ്റ്റൻ ഹാരി കെയ്ൻ മുന്നേറ്റം നയിക്കുമ്പോൾ മധ്യനിരയിൽ കളിമെനയാൻ ജൂഡ് ബെല്ലിംഗ്ഹാമും വിങ്ങുകളിൽ ബുക്കായോ സാക്കയും നൽകുന്ന ആക്രമണ ഫുട്ബോൾ ഏതൊരു പ്രതിരോധ നിരയെയും തകർക്കാൻ കെൽപ്പുള്ളത്. ജോൺ സ്റ്റോൺസ്, മാർക്ക് ഗുയി എന്നിവർ നയിക്കുന്ന പ്രതിരോധ നിരയും പിക്ക്ഫോർഡ് കാക്കുന്ന ഗോൾവലയും ഇംഗ്ലണ്ടിന് പൂർണ ആത്മവിശ്വാസം നൽകുന്നു.

മറുഭാഗത്ത് ഇതിഹാസതാരം ലൂക്കാ മോഡ്രിച്ചിൻ്റെ നായകത്വത്തിൽ കിരീടപ്രതീക്ഷയുമായി ഇറങ്ങുന്ന ക്രൊയേഷ്യയും ഒട്ടും പിന്നിലല്ല. മാറ്റീയോ കോവാസിച്ച്, ഇവാൻ പെരിസിച്ച് എന്നിവരുടെ പരിചയസമ്പത്തും ജോസ്കോ ഗ്വാർഡിയോളിൻ്റെ പ്രതിരോധക്കരുത്തുമാണ് ടീമിൻ്റെ പ്രധാന ആയുധം.

വൻ ടൂർണമെൻ്റുകളിൽ എപ്പോഴും അത്ഭുതങ്ങൾ കാണിക്കുന്ന ക്രോയേഷ്യൻ നിര ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി തന്നെയാകും ഉയർത്തുക. പഴയ കണക്കുകൾ തീർക്കാൻ ഇംഗ്ലണ്ടും, വീണ്ടുമൊരു അട്ടിമറി ചരിത്രം കുറിക്കാൻ ക്രൊയേഷ്യയും നേർക്കുനേർ വരുമ്പോൾ മത്സരം ആവേശപ്പൂരമാകും.

SCROLL FOR NEXT