അങ്ങനെ ഫ്രാൻസിനും സ്പെയിനും പിന്നാലെ ഇംഗ്ലണ്ടും... ഏറ്റവുമൊടുവിൽ അവസാന സ്ഥാനക്കാരായി അർജൻ്റീനയും സെമി ബർത്ത് ഉറപ്പിച്ചിരിക്കുകയാണ്. പ്രീ ക്വാർട്ടറിനെ അപേക്ഷിച്ച് ക്വാർട്ടർ ഫൈനൽ ഫലങ്ങൾ തീർത്തും പ്രെഡിക്ടബിളായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ പ്രതീക്ഷിച്ച പോലെ തന്നെ പ്രമുഖ ടീമുകൾ മുന്നേറുകയും കുഞ്ഞൻ ടീമുകളെല്ലാം മികച്ച പോരാട്ട വീര്യം പുറത്തെടുത്ത ശേഷം പുറത്താവുകയും ചെയ്തു.
ഈ ലോകകപ്പിൽ ഇനി വെറും നാല് മത്സരങ്ങളേ ശേഷിക്കുന്നുള്ളൂ. ജൂലൈ 15ന് ആദ്യ സെമിയിൽ ഫ്രാൻസ് സ്പെയിനിനേയും... ജൂലൈ 16ന് ഇംഗ്ലണ്ട് അർജൻ്റീനയേയും നേരിടും. രാത്രി 12.30നാണ് രണ്ട് ആവേശപ്പോരാട്ടങ്ങളും നടക്കുക.
മത്സരത്തിൻ്റെ ആദ്യ വിസിൽ മുതൽ എല്ലാവരുടേയും കണ്ണുകൾ ലിയോ മെസ്സിയിലേക്കായിരുന്നു. ലോകകപ്പിൽ ഇതിനോടകം 8 ഗോളുകൾ നേടിക്കഴിഞ്ഞ മെസ്സിയുടെ കാലിൽ നിന്ന് പിറക്കുന്ന അത്ഭുത ഗോളുകൾക്കായാണ് കാൻസാസ് സിറ്റി സ്റ്റേഡിയം കാത്തിരുന്നത്. ഈജിപ്തിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ പാഴാക്കിയ പെനാൽറ്റിയെ കുറിച്ചോർത്ത് മത്സര ശേഷം വിതുമ്പിയ മെസ്സിയുടെ മുഖം ആരും മറക്കാനിടയില്ല.
എന്നാൽ പത്താം മിനിറ്റിൽ തന്നെ മെസ്സിയുടെ കോർണർ കിക്കിൽ തലവച്ച് അലക്സിസ് മാക് അലിസ്റ്റർ തകർപ്പനൊരു ഹെഡ്ഡർ ഗോളിലൂടെ സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ചു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ മെസ്സി സമ്മാനിക്കുന്ന പതിനഞ്ചാമത്തെ അസിസ്റ്റായിരുന്നു അത്. ആദ്യ 10 മിനിറ്റിനകം ഒരു ഗോളിന് പിന്നിലായെങ്കിലും സ്വിറ്റ്‌സർലൻഡ് അതിന് ശേഷം ഉണർന്നു കളിച്ചു. 67ാം മിനിറ്റിൽ ഡാൻ എൻഡോയെയിലൂടെ ഗോൾ മടക്കിയ സ്വിസ് പ്രതിരോധം പിന്നീട് നിശ്ചിത സമയം അവസാനിക്കും വരെയും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.
എന്നാൽ 72ാം മിനിറ്റിലെ അഭിനയത്തിൻ്റെ പേരിൽ സ്വിറ്റ്സർലൻഡിൻ്റെ ബ്രീൽ എംബോളോ രണ്ടാം മഞ്ഞ കാർഡും ഒപ്പം റെഡ് കാർഡും വാങ്ങിച്ച് കളത്തിന് പുറത്തുപോയത്. മത്സരത്തിൽ സ്വിസ് മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന തീരുമാനമാണ് റഫറിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതേ ചൊല്ലി കളത്തിൽ ചൂടേറിയ വാഗ്വാദങ്ങളും വെല്ലുവിളികളും ഉയർന്നിരുന്നു. മാച്ചിൻ്റെ അത്യന്തം നിർണായകമായ ആ ഘട്ടത്തിൽ പുറത്താക്കപ്പെട്ടതോടെ കണ്ണീരോടെയാണ് എംബോളോ കളംവിട്ടത്.
എക്സ്ട്രാ ടൈമിൽ കളി മാറി... അതുവരെ കണ്ട അർജൻ്റൈൻ നിരയെ ആയിരുന്നില്ല പിന്നീട് കണ്ടത്. അവരുടെ മിഡ് ഫീൽഡും മുന്നേറ്റനിരയും സ്വിസ് ബോക്സിൽ നിരന്തരം ഭീഷണി ഉയർത്തി. നീലപ്പടയുടെ എൻജിൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. സ്കലോണി ഇതിനിടെ കുറച്ച് നിർണായക മാറ്റങ്ങളും ടീമിൽ വരുത്തി. ആക്രമണം ഒന്നുകൂടി കടുപ്പിക്കാൻ ഹോസെ മാനുവൽ ലോപസിനെ 106ാം മിനിറ്റിൽ കോച്ച് കുടം തുറന്നു. ആറ് മിനിറ്റിനകം അർജൻ്റീനൻ ടീമും ആരാധകരും കാത്തിരുന്ന ആ നിമിഷം വന്നെത്തി. ഇടതു വിങ്ങിലൂടെ ലോപസിൻ്റെ ഒരു മുന്നേറ്റശ്രമം... സ്വിസ് പ്രതിരോധം ജാഗരൂകരായി അതിനെ തടയാൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ പ്രതിരോധഭടന്മാരുടെ കണ്ണുവെട്ടിച്ച് ലോപസ് ബോക്സിൻ്റെ ഇടതുവശത്തായി നിലയുറപ്പിച്ച അൽവാരസിന് മുന്നിലേക്ക് തട്ടിയിട്ടു കൊടുക്കുന്നു. ഒഴിഞ്ഞു കിടന്ന ആ സ്പേസ് കൃത്യമായി അളന്നുകുറിച്ചൊരു സിംപിൾ പാസ്. ആ പന്ത് അതിവേഗം സ്വീകരിച്ച് ഹൂലിയൻ ബോക്സിന് മുന്നിലൂടെ തിരശ്ചീനമായി മൂന്ന് ചുവട് മുന്നോട്ടോക്ക് ഓടുന്നു. പെട്ടെന്നൊരു ബുള്ളറ്റ് ഷോട്ട്... മഴവില്ല് പോലുള്ള മാജിക്കൽ കർവിങ് ഷോട്ടായിരുന്നു അത്. അതുവരെ നാല് സൂപ്പർ സേവുകളുമായി തിളങ്ങിയ സ്വിസ് ഗോൾകീപ്പർ ഗ്രിഗോർ കോബലിനേയും മറികടന്ന് പന്ത് പോസ്റ്റിൻ്റെ വലതുമൂലയിലൂടെ അകത്തേക്ക് തുളഞ്ഞുകേറി!!!
ആ നിമിഷം കാൻസാസ് സിറ്റി സ്റ്റേഡിയത്തിൻ്റെ ഗ്യാലറിയിൽ തിങ്ങിനിറഞ്ഞ നീലക്കടൽ ഒരു സുനാമി കണക്കെ ആർത്തലച്ചു!! അതെ ഞങ്ങൾ അർജൻ്റീനയാടാ...!! നിലവിലെ ലോക ചാംപ്യന്മാരില്ലാതെ എന്ത് ലോകകപ്പ് സെമി ഫൈനൽ... !! അൽവാരസിൻ്റേയും കൂട്ടരുടേയും ആ സെലിബ്രേഷനിൽ തന്നെ ഉണ്ടായിരുന്നു ഞങ്ങൾ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാൻ വരുന്നുവെന്ന പ്രഖ്യാപനം...
ഹാലണ്ടോ... ?? വൈക്കിങ് സ്ക്വാഡോ... ?? എല്ലാം തീർന്നു... പ്രീ ക്വാർട്ടറിൽ ഹാലണ്ടിൻ്റെ ഡബിൾ ഷോക്കിലൂടെ കാനറികളുടെ ചിറകരിഞ്ഞെത്തിയ നോർവെയെ.... ബെല്ലിങ്ഹാമിൻ്റെ ഡബിളിലൂടെ തീർത്തിരിക്കുകയാണ് ഇംഗ്ലണ്ട്. ജൂഡ് ബെല്ലിങ്ഹാം എന്ന റയൽ മാഡ്രിഡ് സ്റ്റാർ മയാമിയിൽ നിറഞ്ഞാടിയപ്പോൾ ക്വാർട്ടർ ഫൈനലിൽ 2-1നാണ് നോർവെ തോൽവി സമ്മതിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 ന് സമനില പാലിച്ചതിനെ തുടർന്ന് എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 2-1 നായിരുന്നു ഇംഗ്ലണ്ടിൻ്റെ തകർപ്പൻ ജയം.
പ്രീ ക്വാർട്ടറിൽ മെക്സിക്കോയ്ക്ക് എതിരെ ഇരട്ട ഗോളുകൾ നേടിയ ഇംഗ്ലീഷ് അറ്റാക്കിങ് മിഡ് ഫീൽഡറായ ബെല്ലിങ്ഹാം അതേ പ്രകടനം ക്വാർട്ടറിലും ആവർത്തിക്കുന്നതാണ് കണ്ടത്. മത്സരത്തിൻ്റെ 45+2, 93 മിനിറ്റുകളിലാണ് ജൂഡിൻ്റെ അവിസ്മരണീയ പ്രകടനം ലോകം കണ്ടത്.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിൽ പ്രവേശിച്ച നോർവെയുടെ പടക്കുതിരകൾ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ കളിയിലെ നിർണായക നിമിഷങ്ങളിൽ ഇംഗ്ലണ്ടിൻ്റെ കളി നിയന്ത്രിക്കാനും അവരെ ജയത്തിലേക്ക് നയിക്കാനും ബെല്ലിംഗ്ഹാമെന്ന 23കാരന് കഴിഞ്ഞു. ഈ ഇരട്ട ഗോളുകളോടെ ഈ ടൂർണമെൻ്റിൽ ബെല്ലിങ്ഹാമിൻ്റെ ഗോൾ നേട്ടം ആറായി ഉയർന്നു.
നോർവെയുടെ സൂപ്പർ സ്ട്രൈക്കർ ഹാലണ്ടിനെ ഇംഗ്ലീഷ് ഡിഫൻഡർമാരായ ജോൺ സ്റ്റോൺസും മാർക്ക് ഗുവേഹിയും ചേർന്ന് കൃത്യമായി പൂട്ടിയതോടെ അദ്ദേഹത്തിന് അധികം അവസരങ്ങൾ ലഭിച്ചില്ല. രണ്ടാം പകുതിയിൽ നോർവെയുടെ ടോർബ്‌ജോൺ ഹെഗ്ഗെം നേടിയ ഗോൾ, ഹാലണ്ട് ഇംഗ്ലീഷ് താരത്തെ തള്ളിയിട്ടതായി വീഡിയോ അസിസ്റ്റൻ്റ് റഫറി കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇത് നോർവെ ക്യാംപിൽ വലിയ പ്രതിഷേധത്തിനും കാരണമായി.
90 മിനിറ്റിലും സമനില തുടർന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈം ആരംഭിച്ച് മൂന്നാം മിനിറ്റിൽ പകരക്കാരനായെത്തിയ ഇംഗ്ലീഷ് താരം മോർഗൻ റോഗേഴ്സ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത ശക്തമായ ഷോട്ട് നോർവീജിയൻ ഗോൾകീപ്പർ ഒർജാൻ നെയ്‌ലൻഡിൻ്റെ കൈകളിൽ തട്ടി തെറിച്ചു. തൊട്ടടുത്ത് നിലയുറപ്പിച്ചിരുന്ന ബെല്ലിങ്ഹാം ശരവേഗത്തിൽ പാഞ്ഞെത്തി പന്ത് പോസ്റ്റിലേക്ക് നിറയൊഴിച്ചു.
സമനില ഗോളിനായി നോർവെ എക്സ്‌ട്രാ ടൈമിൻ്റെ അവസാന വിസിൽ വരെയും പൊരുതിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് എക്സ്‌ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ കടുത്ത ക്ഷീണം പ്രകടിപ്പിച്ച ഹാലണ്ടിനെ നോർവെ പരിശീലകൻ പിൻവലിച്ചതോടെ തിരിച്ചടിക്കാനുള്ള അവരുടെ എല്ലാ വഴികളും അടഞ്ഞു. അങ്ങനെ നോർവെയുടെ അത്ഭുതക്കുതിപ്പിന് ക്വാർട്ടറിൽ പൂർണ വിരാമമായി.