

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിലെ യുവതാരം ലാമിൻ യമാലിനെ പിന്തുണച്ച് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂയൻ്റെ. ഈ ലോകകപ്പിലെ യമാലിൻ്റെ മികച്ച പ്രകടനം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നാണ് കോച്ചിൻ്റെ അഭിപ്രായം. മെസ്സിയും എംബാപ്പെയും ഹാലണ്ടുമെല്ലാം ടൂർണമെൻ്റിൽ ഗോൾമഴയുമായി തിളങ്ങുമ്പോൾ സ്പാനിഷ് വണ്ടർ കിഡിന് പ്രതീക്ഷിച്ച പോലെ തിളങ്ങാനായിട്ടില്ലെന്ന് കോച്ചും സമ്മതിക്കുന്നുണ്ട്.
ലാലിഗ സീസണിൻ്റെ അവസാനത്തിൽ പരിക്കേറ്റ യമാൽ ലോകകപ്പിൽ ഇതുവരെയും പൂർണമായ ഫിറ്റ്നസിലേക്ക് എത്തിയിട്ടില്ല. പോർച്ചുഗലിനെതിരായ മത്സരത്തിൽ യമാൽ ഫോമിലേക്ക് തിരിച്ചുവരുന്നതിൻ്റെ ചില ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. നൂനോ മെൻഡിസ്-യമാൽ ഏറ്റുമുട്ടൽ ശ്രദ്ധേയമായിരുന്നു. യമാലിൻ്റെ ഒരു മാരക ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടെ മെൻഡിസിന് പരിക്കേറ്റിരുന്നു.
യുവേഫ നേഷൻസ് ലീഗ് മുതൽ ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. നൂനോ മെൻഡിസിന് പരിക്കേറ്റത് യമാലിൻ്റെ മികവാണെന്നാണ് കോച്ച് ചൂണ്ടിക്കാട്ടുന്നത്. യമാൽ മികവിലേക്ക് പതിയെ ഉയരുകയാണെന്നും കോച്ച് പറയുന്നു.
കൗമാരത്തിൻ്റെ തിളപ്പും ആവേശവും യമാലിൽ ഇപ്പോൾ പ്രകടമാണ്. ചിലപ്പോൾ അവൻ്റെ ആവേശം നിയന്ത്രിക്കേണ്ടി വരാറുണ്ട്. ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത സ്പാനിഷ് പ്രതിരോധ നിര ഇന്ന് യൂറോപ്പിലെ കരുത്തരായ ബെൽജിയത്തെ നേരിടാൻ ഒരുങ്ങുമ്പോൾ കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ മത്സരത്തിൽ യമാൽ ഫോമിലേക്ക് ഉയരുമെന്നാണ് സ്പാനിഷ് കോച്ച് പ്രവചിക്കുന്നത്.
രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പെയിൻ ഇന്ന് ബെൽജിയത്തെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ലോകകപ്പിൽ വ്യത്യസ്ത ശൈലി പിന്തുടരുന്ന ടീമുകളാണ് സ്പെയിനും ബെൽജിയവും. ബോൾ നിയന്ത്രിച്ച് കളിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്ന ശൈലിയാണ് സ്പെയിനിന്റേത്. എന്നാല്‍, കിട്ടുന്ന അവസരങ്ങളിൽ എതിരാളികളുടെ ഗോൾ വല തുളയ്ക്കുന്ന ശൈലിയാണ് ബെൽജിയത്തിന്റേത്.