അഞ്ച് തവണ ലോകകപ്പിൽ മുത്തമിട്ട കാനറിപ്പട കഴിഞ്ഞാൽ പിന്നീട് ഏറ്റവുമധികം തവണ ഫിഫയുടെ ലോകകിരീടത്തിൽ മുത്തം ചാർത്തിയ ഒരേയൊരു ടീമേയുള്ളൂ, സാക്ഷാൽ ജർമനി. 1954, 1974, 1990, 2014 എന്ന ലോകകപ്പ് പതിപ്പുകളിലാണ് അവർ ലോകചാംപ്യന്മാരായത്. ലോകകപ്പ് ചരിത്രമെടുത്താൽ യുറുഗ്വെ ചാംപ്യന്മാരായ 1930 ലോകകപ്പിൽ ജർമനി കളിച്ചിരുന്നില്ല. എന്നാൽ തൊട്ടടുത്ത പതിപ്പിലൂടെ അവർ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ ആദ്യ കിരീടത്തിൽ മുത്തമിടാൻ അവർക്ക് പിന്നേയും 20 വർഷം കാത്തിരിക്കേണ്ടി വന്നു. പിന്നേയും 20 വർഷത്തിനിപ്പുറമാണ് ജർമനിക്ക് രണ്ടാം വിശ്വകിരീട നേട്ടം സാധ്യമായത്. മൂന്നാം ലോകകപ്പിനായി പിന്നേയും 16 വർഷം ജർമൻ പടയ്ക്ക് കാത്തിരിക്കേണ്ടി വന്നു. മെസ്സി നയിച്ച നീലപ്പടയെ 2014ൽ വീഴ്ത്തിയാണ് ജർമനി നാലാമത്തേയും അവസാനത്തേയും ലോകകിരീടം നേടിയത്.
ജർമനിക്കായി ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങൾ കളിച്ചത് ഇതിഹാസ താരമായ ലോതർ മത്തേയൂസാണ്. 25 ലോകകപ്പ് മത്സരങ്ങളിലാണ് മത്തേയൂസ് ബൂട്ട് കെട്ടിയിറങ്ങിയത്. ജർമനിക്കായി ഏറ്റവുമധികം ലോകകപ്പ് ഗോളുകൾ നേടിയ മിറോസ്ലാവ് ക്ലോസെ തന്നെയാണ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ പുരുഷ ഫുട്ബോളർ. 2002 മുതൽ 2014 വരെയുള്ള നാല് ലോകകപ്പുകളിൽ നിന്നായി 16 ഗോളുകളാണ് ക്ലോസെ അടിച്ചുകൂട്ടിയത്. 24 ലോകകപ്പ് മാച്ചുകളിൽ നിന്നാണ് ഇത്രയും ഗോളുകൾ താരം നേടിയത്.
ഇക്കുറി കോച്ച് ജൂലിയൻ നഗൽസ്മാന് കീഴിൽ മുൻപത്തേക്കാളും മികച്ച ടീമാണ് ജർമനി. ആറ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അഞ്ചിലും ജയമുറപ്പാക്കിയാണ് ജർമനി വേൾഡ് കപ്പിനെത്തുന്നത്. 2023 സെപ്തംബർ മുതലാണ് നഗൽസ്മാൻ ദേശീയ ടീമിൻ്റെ പരിശീലകനായെത്തിയത്. 2024 യൂറോ കപ്പിൽ ആതിഥേയ രാഷ്ട്രമെന്ന നിലയിൽ ജർമനി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടൂർണമെൻ്റിൽ ചാംപ്യന്മാരായ സ്പെയിനിനോട് ക്വാർട്ടർ ഫൈനലിൽ തോറ്റാണ് അവർ പുറത്തായത്. എങ്കിലും ഈ ലോകകപ്പിന് എത്തുമ്പോൾ കൂടുതൽ ഒത്തിണക്കം പ്രകടിപ്പിക്കുന്ന... ഏറെ ശുഭാപ്തി വിശ്വാസമുള്ള ടീമായാണ് ജർമനിയെ വിശേഷിപ്പിക്കാനാകുക.
പരിചയസമ്പത്തും യുവത്വവും സമ്മേളിക്കുന്ന 26 അംഗ സ്ക്വാഡാണ് ഇക്കുറി ലോകകപ്പിൽ കളിക്കുന്നത്. വിരമിച്ച വെറ്ററൻ ഗോൾകീപ്പർ മാനുവൽ ന്യൂയറെ 40ാം വയസ്സിൽ ലോകകപ്പിനായി തിരികെ വിളിച്ചതിലൂടെ ലക്ഷ്യം കിരീടം തന്നെയാണെന്ന് കോച്ച് വ്യക്തമാക്കി കഴിഞ്ഞു. കൂടാതെ സീനിയർ ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച്, അൻ്റോണിയോ റൂഡിഗർ എന്നിവർ കൂടി ചേരുന്നതോടെ ടീമിൽ അനുഭവസമ്പത്തിന് യാതൊരു കുറവും അനുഭവപ്പെടുകയില്ല. യുവതാരങ്ങളിൽ ശ്രദ്ധേയരായ ജമാൽ മുസിയാലയുടെയും ഫ്ലോറിയൻ വിർട്സിൻ്റേയും സാന്നിധ്യം ടീമിന് കരുത്തേകുന്നുണ്ട്.
23കാരനായ മുസിയാല 2024 യൂറോ കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ജർമൻ പടക്കോപ്പിന് ആവശ്യമായ ആക്രമണ സ്വഭാവം ഈ പ്രതിഭ സമ്മാനിക്കുന്നുണ്ട്. ജൂലൈയിൽ ഫിഫ ക്ലബ് വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ കാലിന് പരിക്കേറ്റ താരം ലോകകപ്പിൽ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മത്സരങ്ങളിൽ തിളങ്ങിയില്ലെങ്കിലും.. പോകെ പോകെ താരം ഫോമിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കായ് ഹാവേർട്സ് മുന്നേറ്റനിരയിലെ സ്ഥിരം പൊസിഷനിൽ നിന്ന് മാറി ഫാൾസ് 9 സ്ട്രൈക്കറായാണ് കളിച്ചേക്കുകയെന്നാണ് സൂചന. ന്യൂകാസിൽ സ്ട്രൈക്കറായ നിക്ക് വോൾട്ടെമേഡ് അത്ര ഫോമിൽ അല്ലെങ്കിലും ടീമിലിടം നേടിയിട്ടുണ്ട്. ഫ്ലോറിയൻ വിർട്‌സിന് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ ലിവർപൂളിനായി മികച്ച ഫോമിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും... താരത്തിന് ലോകകപ്പിൽ തിളങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോച്ച് നഗൽസ്‌മാൻ.
ഡ്രിബ്ലിങ് മികവ് കൊണ്ടും കളത്തിലെ ലോ സെൻ്റർ ഓഫ് ഗ്രാവിറ്റി കൊണ്ടും സാക്ഷാൽ മെസ്സിയോട് താരതമ്യം ചെയ്യപ്പെട്ട 18കാരൻ പയ്യൻ ലെന്നാർട്ട് കാളിന് തുടയ്ക്കേറ്റ പരിക്കിനെ തുടർന്ന് ലോകകപ്പ് അവസരം നഷ്ടമായിരുന്നു. പകരക്കാരനായി അസാൻ ഔഡ്രാഗോ ടീമിലെത്തിയിട്ടുണ്ട്. 19ാം വയസ്സിൽ ജർമനിക്കായി അരങ്ങേറ്റം കുറിച്ച ഔഡ്രാഗോ, ടീമിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയിരുന്നു.
ഗ്രൂപ്പ് ഇയിൽ നിന്നും ജർമൻ ടീം അനായാസം മുന്നേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്വഡോർ, ക്യുറക്കാവോ, ഐവറി കോസ്റ്റ് എന്നീ ടീമുകളിൽ കാര്യമായ വെല്ലുവിളികൾ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ജർമൻ കോച്ചും ആരാധകരും.