World Cup 2026

ടീം സ്പിരിറ്റ്... ജര്‍മനിയുടെ താളംതെറ്റിച്ച ക്യൂറസാവോ

ഗാലറിയിലെ വെള്ളക്കുപ്പായക്കാര്‍ക്കിടയില്‍, ഏഴായിരത്തോളം വരുന്ന നീലക്കുപ്പായക്കാര്‍ അപ്പോള്‍ സന്തോഷത്താല്‍ പൊട്ടിവിടര്‍ന്നു.

Author : എസ്. ഷാനവാസ്

"ഞങ്ങള്‍ക്ക് ജര്‍മനിയെ ഞെട്ടിക്കാനാകും". ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ക്യൂറസാവോ കോച്ച് ഡിക്ക് അഡ്വക്കാറ്റ് പറഞ്ഞു. എന്താണ് അത്തരമൊരു ആത്മവിശ്വാസത്തിനു കാരണം. അഡ്വക്കാറ്റിന്റെ ഉത്തരം ഇങ്ങനെയാണ്: "ടീം സ്പിരിറ്റ്. ക്യൂറസാവോയുടെ ടീം സ്പിരിറ്റ് ഇതിനു മുന്‍പ് മറ്റൊരു ടീമിലും കണ്ടിട്ടില്ല". ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യത്തിന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പരിശീലകന്‍. ക്യൂറസാവോയ്‌ക്ക് മുന്‍പ് രണ്ടു ടീമുകളെ ലോകകപ്പിന് എത്തിച്ച അനുഭവസമ്പത്തില്‍നിന്ന് അഡ്വക്കാറ്റ് അത് പറയുമ്പോള്‍, ഒരു കുഞ്ഞന്‍ ദ്വീപിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ കൂടിയാണ് പ്രകടമാകുന്നത്.

ഈ ലോകകപ്പില്‍ ക്യൂറസാവോ ആരുടെയെങ്കിലും ഫേവറിറ്റുകളാണോ? തീര്‍ച്ചയില്ല. പക്ഷേ, ഇതൊന്നും തന്റെ ടീമിനെ ബാധിക്കേണ്ടതില്ല എന്നൊരു ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. "ഒരു രാജ്യമെന്ന നിലയില്‍ ജയത്തിനുവേണ്ടി ചെയ്യാനുള്ളതെല്ലാം ചെയ്യും. നെതര്‍ലന്‍ഡ്‌സിനൊപ്പമോ മറ്റേതെങ്കിലും വലിയ ടീമിനൊപ്പമോ പങ്കെടുത്താല്‍, നിങ്ങള്‍ ഫേവറിറ്റുകളില്‍ ഒന്നാകും. പക്ഷേ, ഞങ്ങള്‍ ആരുടെയും ഫേവറിറ്റുകള്‍ അല്ലെന്ന് അറിയാം. ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകും എന്ന് കാണിക്കണം" -ഇതായിരുന്നു അഡ്വക്കാറ്റിന്റെ വാക്കുകള്‍. ലോകകപ്പിലെ കന്നിയങ്കത്തില്‍ നാല് തവണ ലോകചാമ്പ്യന്മാരായ ജര്‍മനിയാണ് എതിരാളികള്‍ എന്ന് അറിഞ്ഞുകൊണ്ടു തന്നെ പറഞ്ഞ വാക്കുകള്‍. ഒന്നര ലക്ഷത്തോളം മാത്രം ജനങ്ങളുള്ള ഒരു സാമന്ത രാജ്യത്തെ ലോകകപ്പിന് എത്തിച്ചതും ഇത്തരമൊരു ധൈര്യവും, സംഘബലവും മാത്രമാണ്.

അഡ്വക്കാറ്റ് പറഞ്ഞതുപോലെ ഹ്യൂസ്റ്റണില്‍ ക്യൂറസാവോ ജര്‍മനിയെ ഞെട്ടിച്ചോ എന്നു ചോദിച്ചാല്‍, ഞെട്ടിച്ചു എന്നു തന്നെയാണ് ഉത്തരം. അതിന് 21-ാം മിനുറ്റില്‍ പിറന്ന ആ ഗോള്‍ തന്നെ ധാരാളം. ആറാം മിനുറ്റില്‍ ലീഡെടുത്ത ജര്‍മനിക്കെതിരെ ലോകകപ്പിലെ ആദ്യ ഗോളിലൂടെ സമനില നേടിയപ്പോള്‍, ഒരു ലോകകപ്പ് ജയിച്ച സന്തോഷമുണ്ടായിരുന്നു ക്യൂറസാവോയ്ക്കും, അവരെ കണ്ടിരുന്ന ജനതയ്ക്കും. ഗാലറിയിലെ 68,000ലധികം പേരില്‍ ഏറെയും വെള്ളക്കുപ്പായക്കാരായിരുന്നു. അതിനിടെ ഏഴായിരത്തോളം വരുന്ന നീലക്കുപ്പായക്കാര്‍ സന്തോഷത്താല്‍ പൊട്ടിവിടരുന്നതും കാണാനായി. ലോകഫുട്ബോളിലെ കരുത്തന്മാര്‍ക്കെതിരെ 1-1 എന്ന സമനില. ഒറ്റയടിക്ക് ഇല്ലാതാക്കിക്കളയാം എന്ന ഏതെങ്കിലും തരത്തിലുള്ള ലാഘവചിന്തയെ മുച്ചൂടും എടുത്തെറിയുന്നതായിരുന്നു ആ ഗോള്‍. ജര്‍മന്‍ പ്രതിരോധക്കോട്ടയും, സാക്ഷാല്‍ മാനുവല്‍ ന്യൂയറിന്റെ കാവല്‍വലയും ഒരുമയുടെ പോരാട്ടങ്ങളില്‍ ഉലഞ്ഞുപോകാം എന്നൊരു മുന്നറിയിപ്പ്.

മത്സരവഴിയില്‍ ഏകാധിപത്യത്തിന് ഇനിയും സ്ഥാനമില്ലെന്ന് ലോകചാമ്പ്യന്മാരെ ഒരു നിമിഷമെങ്കിലും ക്യൂറസാവോ ഓര്‍മിപ്പിച്ചിരിക്കണം. ആദ്യ ഗോള്‍ വഴങ്ങിയശേഷമുള്ള 17 മിനുറ്റുകള്‍ ശ്രദ്ധിച്ചാലേ അക്കാര്യം മനസിലാക്കാനാകൂ. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നുള്ള നീക്കമാണ് ജര്‍മനിക്ക് ആദ്യഗോള്‍ സമ്മാനിച്ചത്. ഫെലിക്സ് നെമെച്ചെ ഫ്ലോറിയന്‍ വിറ്റ്സിലേക്ക് പന്തെത്തിച്ചശേഷം ഓടിക്കയറി. വിറ്റ്സില്‍നിന്നെത്തിയ പന്ത് ക്യൂറസാവോ പ്രതിരോധത്തെ മറികടന്ന് നെമെച്ചെ വലയിലെത്തിച്ചു. ജര്‍മനി ഇതാ കളം അടക്കിവാഴാന്‍ പോകുന്നു എന്നൊരു തോന്നല്‍ പിറന്ന നിമിഷത്തില്‍, ക്യൂറസാവോ ചില മിന്നലാക്രമണങ്ങള്‍ പുറത്തെടുത്തു. അതിന്റെ ഫലമാണ് 21-ാം മിനുറ്റില്‍ കണ്ടത്. ജര്‍മന്‍ പ്രതിരോധത്തെ വെല്ലുവിളിച്ച് ക്യൂറസാവോ കുതിച്ചുകയറി. ജര്‍മനിയുടെ പിഴവ് മുതലെടുത്ത് പെനാല്‍റ്റി ഏരിയയില്‍നിന്ന് മുന്നിലേക്കു കയറി ലിവാനോ കോമനെന്‍സിയയുടെ ഷോട്ട്. മാനുവല്‍ ന്യൂയറിനും ഒന്നും ചെയ്യാനായില്ല.

ഏഴ് മിനുറ്റിനിപ്പുറം, 28-ാം മിനുറ്റില്‍ നിക്കോ ഷ്ളോട്ടർബെക്കിന്റെ ഗോള്‍ശ്രമം. ആയാസരഹിതമായി, സ്റ്റൈലിഷായി ഷ്ളോട്ടർബെക് എടുത്ത അത്യുഗ്രന്‍ ഷോട്ട് പക്ഷേ ക്യൂറസാവോ ഗോള്‍കീപ്പര്‍ എലോയ് റൂം അതിവിദഗ്ധമായി തട്ടിയകറ്റി. ഒരുപക്ഷേ, ക്രോസ് ബാറിനെ ചുംബിച്ച് വലയിലാകുമായിരുന്ന പന്ത്. ഗോളെന്നുറച്ച് ഡഗൗട്ടില്‍ ചാടിയെഴുന്നേറ്റ ജര്‍മന്‍ കളിക്കാരും, ഗാലറിയിലെ വെള്ളക്കുപ്പായക്കാരും ആദ്യം അമ്പരക്കുന്നതും, പിന്നീട് ആ മനോഹരനിമിഷത്തിന് കൈയടിക്കുന്നതും ക്യാമറകള്‍ കാണിച്ചുതന്നു. പിന്നാലെ രണ്ട് കോര്‍ണര്‍ കിക്കുകള്‍. നഥനിയേല്‍ ബ്രൗണ്‍ എടുത്ത രണ്ട് കിക്കുകളിലും ഗോള്‍ പിറന്നില്ല. ബോക്സില്‍ ക്യൂറസാവോ അത്രമേല്‍ പ്രതിരോധം കടുപ്പിച്ചിരുന്നു. പവ്ലോവിച്ചും, സാനെയും ഗോളടിക്കാന്‍ അവസരം തേടി. കിമ്മിച്ചിന്റെ കോര്‍ണറിലും രക്ഷയില്ലായിരുന്നു. അതിനിടെ ജുനിഞ്ഞോ ബക്കുനെ ജര്‍മന്‍ പ്രതിരോധത്തെ മറികടന്ന് ഗോളിനായി ശ്രമിച്ചു. ഒടുവില്‍ 38-ാം മിനുറ്റില്‍ ഷ്ളോട്ടർബെക്കിലൂടെയാണ് ജര്‍മനി ലീഡ് തിരിച്ചുപിടിച്ചത്. നഥനിയേല്‍ ബ്രൗണ്‍ എടുത്ത കോര്‍ണര്‍ കിക്കാണ്, ക്യൂറസാവോ പ്രതിരോധത്തെ മറികടന്ന് മിന്നല്‍ ഹെഡ്ഡറിലൂടെ ഷ്ളോട്ടർബെക് വലയിലാക്കിയത്. അവിടുന്നങ്ങോട്ടാണ് ജര്‍മനി കളിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കുന്നത്.

ജര്‍മനിയുടെ ഏഴ് ഗോളിനിടെ, 67–ാം മിനുറ്റില്‍ കൊമനെന്‍സിയ വീണ്ടും വല കുലുക്കിയെങ്കിലും, സഹതാരം അർമാൻഡോ ഒബിപ്സോ ഓഫ് സൈഡായിരുന്നു. 76-ാം മിനുറ്റില്‍ ജേൾ മാർഗരിത്തയുടെ ശ്രമവും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പാഴായി. ഈ രണ്ട് അവസരങ്ങളിലും, കൊമനെന്‍സിയ നേടിയ ആദ്യ ഗോളിലും ജര്‍മന്‍ പ്രതിരോധത്തെയും ഗോള്‍കീപ്പര്‍ ന്യൂയറിന്റെ പൊസിഷനും ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും. ഇത്തരമൊരു പോരാട്ടം അവര്‍ ക്യൂറസാവോയില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.ആ പ്രതീക്ഷകളെ തെറ്റിച്ചയിടത്താണ് ക്യൂറസാവോ ഫുട്ബോള്‍ ചരിത്രത്തില്‍ തങ്ങളുടെ വരവ് അടയാളപ്പെടുത്തിയത്. ജര്‍മനിയുടെ കാല്‍ക്കരുത്തിനും വേഗത്തിനുമൊപ്പം പാഞ്ഞെത്താന്‍ ക്യൂറസാവോയ്ക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഗോള്‍വല നിറയുമ്പോള്‍, അവര്‍ കളി മാറ്റിയതുമില്ല. പരസ്പരം അഭിനന്ദിച്ചും, പ്രോത്സാഹിപ്പിച്ചും, ആശ്വസിപ്പിച്ചും അവര്‍ കളം നിറഞ്ഞു കളിച്ചു. പ്രതിരോധത്തിലൂന്നി ജര്‍മനിയെ പൂട്ടാതെ അവര്‍ മുന്നേറി കളിക്കാന്‍ തന്നെ ശ്രമിച്ചു. അത് അവരുടെ ഗുണമോ ദോഷമോ ആകാം. പക്ഷേ, എല്ലാത്തിനുമൊടുവില്‍ തങ്ങളെ പിന്തുണച്ച ഗാലറിക്ക് നന്ദി അറിയിച്ചു അവര്‍ കളം വിടുമ്പോള്‍, അവരെ കണ്ടിരുന്നവര്‍ക്കും അതൊരു നല്ല നിമിഷമായി മാറി.

"ഇതൊരു മനോഹരമായ ടൂര്‍ണമെന്റായി മാറ്റേണ്ടതുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിലും ചില സര്‍പ്രൈസുകള്‍ സൃഷ്ടിക്കാനാവും. എല്ലാത്തിനുമൊടുവില്‍, ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായതിന്റെ സന്തോഷമുണ്ടാകും" - എന്നായിരുന്നു മത്സരശേഷം അഡ്വക്കാറ്റിന്റെ വാക്കുകള്‍. ജര്‍മനിയുടെ ഒന്നിനെതിരെ ഏഴ് ഗോള്‍ പ്രകടനത്തിലോ, പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലോ ടീമംഗങ്ങള്‍ ലജ്ജിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. "ജര്‍മനിക്കെതിരെ കുറച്ചുകൂടെ പൊരുതാമെന്ന് കരുതിയെങ്കിലും ഞങ്ങള്‍ക്കത് സാധിച്ചില്ല. അവര്‍ വളരെ വളരെ ശക്തരായിരുന്നു. ചില ഈസി ഗോളുകള്‍ നമ്മള്‍ വഴങ്ങുകയും ചെയ്തു. തോല്‍വിയില്‍ കളിക്കാര്‍ നിരാശരാകരുത്. ഇതൊരു അപമാനമൊന്നും അല്ല" -അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതാണ് ടീം സ്പിരിറ്റ്. അതു തന്നെയാണ് ക്യൂറസാവോയുടെ പ്രതീക്ഷ.

SCROLL FOR NEXT