World Cup 2026

പോർച്ചുഗലിനെ സമനിലയിൽ തളച്ച് ഗ്രൂപ്പ് ചാംപ്യന്മാരായി കൊളംബിയ; ഉസ്ബെക്കിസ്ഥാനെ തകർത്ത് നോക്കൗട്ടിലെത്തി കോംഗോ

റൗണ്ട് 32ൽ ജൂലൈ മൂന്നിന് പുലർച്ചെ 4.30ന് പോർച്ചുഗൽ ക്രൊയേഷ്യയേയും, ജൂലൈ നാലിന് രാവിലെ 7 മണിക്ക് കൊളംബിയ ഘാനയേയും നേരിടും.

Author : ന്യൂസ് ഡെസ്ക്

മയാമി: ലോകകപ്പിൽ കെ ഗ്രൂപ്പിലെ ഏറ്റവും കാത്തിരുന്ന തീപാറും പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാരായി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും സഹിതം ഏഴ് പോയിൻ്റാണ് കൊളംബിയ നേടിയത്. അതേസമയം, ഉസ്‌ബെക്കിസ്ഥാനെതിരെ ഒരു ജയവും കൊളംബിയയോടും ഡിആർ കോംഗോയോടും സമനിലയും വഴങ്ങിയ പോർച്ചുഗൽ അഞ്ച് പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായി മാറി.

റൗണ്ട് 32ൽ ജൂലൈ മൂന്നിന് പുലർച്ചെ 4.30ന് പോർച്ചുഗൽ ക്രൊയേഷ്യയേയും, ജൂലൈ നാലിന് രാവിലെ 7 മണിക്ക് കൊളംബിയ ഘാനയേയും നേരിടും. യൂറോപ്പിലെ വമ്പൻ ടീമുകൾ തമ്മിലുള്ള കൊമ്പുകോർക്കലിനാണ് ഇതോടെ കളമൊരുങ്ങിയത്. അതേസമയം, ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1ന് തകർത്ത് ഗ്രൂപ്പിൽ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായി കോംഗോയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ജൂലൈ ഒന്നിന് രാത്രി 9.30ന് നടക്കുന്ന റൗണ്ട് 32 മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഡിആർ കോംഗോയുടെ എതിരാളികൾ.

ഈ മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഉസ്ബെക്കിസ്ഥാനായിരുന്നു. എന്നാൽ പിന്നീട് മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് ആഫ്രിക്കൻ വമ്പന്മാരായ ഡിആർ കോംഗോ അവസാന 32ൽ ഇടംപിടിച്ചത്. ന്യൂകാസിലിൻ്റെ സ്ട്രൈക്കറായ യോനെ വിസ്സെയുടെ ഇരട്ട ഗോളുകളാണ് അവർക്ക് നിർണായക വിജയം സമ്മാനിച്ചത്. ഫിസ്റ്റൺ മേയെലെ ഒരു ഗോളും നേടി. നാല് പോയിൻ്റ് സ്വന്തമാക്കിയാണ് ബെസ്റ്റ് ത്രീ പൊസിഷനിൽ നിന്ന് കോംഗോ ആദ്യ സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് മുന്നേറിയത്.

പോർച്ചുഗലും കൊളംബിയയും തമ്മിലുള്ള വാശിയേറിയ പോരാട്ടമായിരുന്നു മിയാമിയിൽ ഇന്ന് രാവിലെ നടന്നത്. പോർച്ചുഗലിൻ്റെ ഗോൾപോസ്റ്റിൽ നിരന്തരം ആക്രമിച്ച് കളിച്ച കൊളംബിയ ആദ്യാവസാനം വരെ പോർച്ചുഗീസ് നിരയെ വിറപ്പിക്കുന്നതാണ് കാണാനായത്. 26 ഗോൾശ്രമങ്ങളാണ് കൊളംബിയ മത്സരത്തിൽ നടത്തിയത്. അതിൽ ആറെണ്ണം ഓൺ ടാർഗറ്റിലേക്കായിരുന്നു. നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടു മുൻപ് കൊളംബിയൻ താരം തകർപ്പനൊരു ഹെഡ്ഡറിലൂടെ വല കുലുക്കിയെങ്കിലും വാറിലൂടെ അത് ഓഫ് സൈഡാണെന്ന് റഫറി വിധിച്ചു.

SCROLL FOR NEXT